തെന്നിന്ത്യന്‍ താരം ആര്യ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി. ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്‌നരാജ ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
ചെന്നൈയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് വിദ്ജ നവരത്നരാജ ആര്യയെ പരിചയപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമകൾ കുറഞ്ഞുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു.
പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നു. അദ്ദേഹം വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. സമാനമായ രീതിയിൽ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും വിദ്ജ പറയുന്നു. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തി.
ആര്യക്ക് സ്വാധീനം ചെലുത്താൻ കഴിവുളളതിനാൽ തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്ന് യുവതി പരാതിയിൽ പറയുന്നു. പരസ്പരം സംസാരിച്ചതിന്‍റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്‍റെയും തെളിവുകള്‍ കൈവശമുണ്ട്. ആര്യക്കെതിരെ നേരത്തെയും പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നുമുണ്ടായിരുന്നില്ല. അവസാന പ്രതീക്ഷ ഇതാണെന്ന് വിദ്ജ കുറിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ച ആര്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ആളെ കിട്ടിയില്ലെന്നും ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും പറഞ്ഞ് നടന്‍ പിന്‍മാറുകയായിരുന്നു. പിന്നീട് നടി സയേഷയെയാണ് താരം വിവാഹം ചെയ്തത്.