കണ്ണൂർ: 25–-ാമത് ഐഎഫ്എഫ്കെയുടെ തലശേരി പതിപ്പിന് ചൊവ്വാഴ്‌ച തിരിതെളിയുമെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ കെ ബാലൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട്‌ ആറിന്‌ നടക്കുന്ന ചടങ്ങിൽ ടി പത്മനാഭൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. എ എൻ ഷംസീർ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ തുടങ്ങിയവർ പങ്കെടുക്കും. ജാസ്മില സബാനിക്കിന്റെ ബോസ്നിയൻ ചിത്രം ‘ക്വോ വാഡിസ് ഐഡ’ ഉദ്ഘാടനത്തിൽപ്രദർശിപ്പിക്കും.

തലശേരി ലിബർട്ടി കോംപ്ലക്സിലെ അഞ്ച് തിയേറ്ററുകളിലും ലിബർട്ടി മൂവി ഹൗസിലുമാണ് മേള. ലിബർട്ടി കോംപ്ലക്സിലാണ്‌ പ്രദർശനവും ഓപ്പൺ ഫോറവും. പ്രതിനിധികൾക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് ഞായറാഴ്‌ച ആരംഭിച്ചു. ചൊവ്വാഴ്‌ചവരെ പരിശോധന തുടരും. 46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് മേളയിൽ. മത്സര വിഭാഗത്തിൽ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളുണ്ട്‌. സമകാലിക ലോകസിനിമാ വിഭാഗത്തിൽ 22 സിനിമ പ്രദർശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽഏഴ്‌ സിനിമകളും. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തിൽ അഞ്ച് സിനിമകളുണ്ട്‌. വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിന്റെ ആറ്‌ സിനിമകളും മേളയിലുണ്ട്‌.

1500 പേർക്കാണ് ഡെലിഗേറ്റ് പാസ് വിതരണം. തെർമൽ സ്കാനിങ്‌ നടത്തിയശേഷമാണ്‌ തിയേറ്ററുകളിലേക്ക് പ്രവേശനം. സാമൂഹ്യ അകലം പാലിച്ചേ തിയേറ്ററുകളിൽ സീറ്റ് നൽകൂ. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്കേ തിയേറ്ററുകളിലേക്ക് പ്രവേശനമുള്ളൂ. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. registration.iffk.in എന്ന വെബ്സൈറ്റ് വഴിയും IFFK എന്ന ആപ്‌ വഴിയും സീറ്റ് റിസർവേഷൻ നടത്താം. ചിത്രങ്ങളുടെ പ്രദർശനത്തിനും ഒരുദിവസം മുമ്പ്‌ റിസർവേഷൻ അനുവദിക്കും. രാവിലെ എട്ടുമുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുമ്പുവരെ സീറ്റ്‌ റിസർവ് ചെയ്യാം.

അടുത്ത കാലത്ത്‌ അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ ഫെർണാണ്ടോ സൊളാനസ്, കിം കി ഡുക്, ഇർഫാൻ ഖാൻ, ഋഷി കപൂർ, രാമചന്ദ്രബാബു, സൗമിത്ര ചാറ്റർജി, ഭാനു അതയ്യ, സച്ചി, ഷാനവാസ് നരണിപ്പുഴ, അനിൽ നെടുമങ്ങാട്, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർക്ക്‌ സ്‌മരണാഞ്ജലിയർപ്പിച്ചുള്ള ഹോമേജ് വിഭാഗത്തിൽ ഒമ്പത് സിനിമകൾ പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here