ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി: ജന്മനാ തന്നെ വിശുദ്ധരായി ജനിച്ച ഒരു വിഭാഗം മനുഷ്യരുണ്ട്  ഈ ലോകത്ത്. ജീവിതത്തിൽ ഒരിക്കൽ പോലും കളങ്കമെന്തെന്ന് അറിയാത്തവർ! കഴിവുകൾ കുറഞ്ഞു അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ എന്ന പേരിൽ  മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു നിർത്തപ്പെട്ട ഇത്തരം ആളുകൾ ഒരിക്കലും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിപ്പെടാറില്ല.
എന്നാൽ അത്തരത്തിലൊരു കുട്ടി   മലയാള സിനിമയിൽ നായക വേഷത്തിൽ  അരങ്ങേറ്റം കുറിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ഗോപീകൃഷ്‌ണ വർമ്മയാണ് ആ കൊച്ചു മിടുക്കൻ. ഗോപകൃഷ്‌ണൻ  നായകനായി അഭിനയിക്കുന്ന തികഞ്ഞ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ‘തിരികെ’ എന്ന ചിത്രം നാളെ, ഫെബ്രുവരി 26ന് നീ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്  റിലീസിനെത്തുന്നത് . ഏതാണ്ട് രണ്ടു മണിക്കൂറിലേറെ നീണ്ടു നിൽക്കുന്ന ചിത്രത്തിൽ നായക വേഷമണിഞ്ഞ ഡൗൺ സിൻഡ്രം ബാധിച്ച ഗോപി കൃഷ്ണൻ എന്ന 21 വയസുകാരന്റെ സിനിമ കാണാൻ ലോകം മുഴുവനുമുള്ള മലയാളികൾ കാത്തിരിക്കുകയാണ്.
 
നവീൻ പോളി മുഖ്യവേഷമിട്ട  “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളക്കു ശേഷം” എന്ന സിനിമയിലൂടെ സംവിധായക റോളിൽ അരങ്ങേറ്റം കുറിച്ച ജോർജ് കോരയും പുതുമുഖ സംവിധായകൻ സാം സേവ്യറും ചേർന്ന് ഒരുക്കുന്ന ‘തിരികെ’ എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ താരമായി മാറിയിരിക്കുകയാണ്  ചിത്രത്തിന്റെ നായകൻ ഗോപികൃഷ്‌ണൻ. ചിത്രത്തിന്റെ ട്രെയ്‌ലറും ട്രീസറും ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു. 
 
ഗോപി കൃഷ്ണൻ എന്ന അഭിനേതാവിൽ നൂറു ശതമാനം വിശ്വാസമർപ്പിച്ച സംവിധായകൻ ജോർജ് കോര ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ  കാത്തിരിക്കുകയാണ്. ഗോപി കൃഷ്ണൻ എന്ന സ്പെഷ്യൽ നടൻ ഉയരങ്ങൾ താണ്ടുമെന്ന് സംവീധായകരായ ജോർജ് കോരയും സാം സേവ്യറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എബ്രഹാം ജോസഫും വിധിയെഴുതിക്കഴിഞ്ഞു. നീ സ്ട്രീം എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം വ വേൾഡ് ‌വൈഡ് റിലീസിനെത്തുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയുടെ വിജയകരമായ പ്രദർശനത്തിനു ശേഷം നീ സ്ട്രീം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘തിരികെ’.
 
ഇരുത്തം വന്ന ഒരു നായകന്റെ അഭിനയമാണ് ഈ സിനിമയിൽ ഗോപീകൃഷ്ണൻ കാഴ്‌ച വച്ചിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ സംവിധായകനും ഗോപികൃഷ്ണന്റെ സഹോദരനായി ചിത്രത്തിൽ വേഷവുമിടുന്ന ജോർജ് കോരയും സാം സേവ്യറും പറയുന്നത്. അതിഭാവുകത്വങ്ങളില്ലാതെ ഇത്ര തന്മയത്വത്തോടെയും ഫ്ലെക്സിബിൾ ആയും അഭിനയിക്കുന്ന ഒരു നടനെ താൻ കണ്ടിട്ടില്ലെന്നാണ് ജോർജ് കോരയുടെ സാക്ഷ്യപ്പെടുത്തൽ. അത് നൂറു ശതമാനവും ശരിയാണെന്ന് ഈ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും സാക്ഷാൽ ഗോപികൃഷ്ണനുമായും കേരള ടൈംസ് നടത്തിയ അഭിമുഖത്തിലും വ്യക്തമാകുന്നു. 
 
അഭിമുഖം കാണുവാൻ ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്ക് കാണുക. 
 
ഇത്ര മനോഹരമായി സംസാരിക്കുന്ന അല്ലെങ്കിൽ സംവദിക്കുന്ന പ്രത്യേക കഴിവുകൾ (സ്പെഷ്യലി എബിൽഡ് ) ഉള്ള കുട്ടികൾ അപൂർവമാണ്. ഡൗൺ സിൻഡ്രം ബാധിച്ച ഇത്തരം കുട്ടികളെ പ്രത്യേക കഴിവുകൾ (സ്പെഷ്യലി എബിൽഡ് ) ഉള്ള കുട്ടികൾ എന്ന് ലോകത്ത്  ആദ്യമായി വിശേഷിപ്പിച്ചത് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ലോകം ഏറെ  ആദരവോടെ കണ്ടിരുന്ന ശാത്രജ്ഞനുമായ ഡോ. എ. പ് ജെ അബ്ദുൾ കലാം ആയിരുന്നു. അദ്ദേഹത്തിന്റെ വിശേഷണം എത്ര ശരിയെന്ന് ഗോപീകൃഷ്ണൻ എന്ന ഈ കുട്ടിയുടെ അഭിനയം കാണുമ്പോൾ നാം മനസിലാക്കും. ഗോപിയുടെ ചിത്രം കണ്ട് ആ കുട്ടിയെ പ്രോത്സാഹിപ്പിക്കണമെന്ന് ലോക മലയാളികളോട് ഒരു അഭ്യത്ഥനയുണ്ട്.
 
ഗോപിയുമൊത്തുള്ള 24  ദിവസത്തെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ വല്ലാത്തൊരു ആഹ്ളാദത്തിന്റെ അനുഭൂതിയിലായിരുന്നു എല്ലാ പിന്നണി പ്രവർത്തകരും. സ്നേഹിക്കാൻ മാത്രം അറിയുന്ന നിഷ്കളങ്കനായ ഗോപി സിനിമയുടെ എല്ലാ പിന്നണി പ്രവർത്തകരെയും സ്നേഹിച്ചു വശത്താക്കി കളഞ്ഞു എന്ന് പറയുന്നതാകും ശരി. ഗോപിക്കൊപ്പം ഗോപിയുടെ സഹോദരനായി ഈ  സിനിമയിൽ അഭിനയിച്ച  ജോർജ് കോര ആഗ്രഹം  ഇത്ര സ്നേഹമുള്ള ഒരു സഹോദരൻ തനിക്കുണ്ടായിരുന്നെങ്കിൽ എന്നാണ്. കോരയ്ക്ക് ഒരു സഹോദരി മാത്രമാണുള്ളത്. യഥാർത്ഥ ജീവിതത്തിൽ ഗോപിയുടെ അവസ്ഥയുള്ള ഒരു സഹോദരനായിരുന്നു തനിക്കുണ്ടായിരുന്നെങ്കിൽ അവനെ താൻ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നുവെന്നും ജോർജ് പറയുന്നു. സിനിമയിലും ഗോപിയുടെ കഥാപാത്രത്തെ ജീവനു തുല്യം സ്നേഹിക്കുന്ന സഹോദരനായിട്ടാണ് കോര അഭിനയിക്കുന്നത്. അതുകൊണ്ടാകാം ഗോപിയുമൊത്തുള്ള അഭിനയത്തിൽ കോര തന്റെ യഥാർത്ഥ സ്നേഹം ഉള്ളിൽ നിന്ന് പുറത്തെടുത്തിട്ടുള്ളത്. ഗോപിയാകട്ടെ ജോർജിനെ സ്നേഹിച്ചു ‘കൊല്ലുക’യുമായിരുന്നു. 
 
ഷൂട്ടിംഗ് ഇടവേളകളിൽ ഗോപികൃഷ്ണനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവച്ച ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ അവനുമായുള്ള കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഏറെ വികാരഭരിതമായി വിവരിച്ചു. ചില അഭിനയ മുഹൂർത്തങ്ങളിൽ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ ഓടി വന്ന്‌ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും. ചിലപ്പോൾ ഉമ്മ വച്ച് കെട്ടിമറിഞ്ഞു വീഴും. അത്രയ്ക്കും നിഷ്ക്കളങ്കമായ സ്നേഹമുള്ള ഒരു കുട്ടിയാണ് ഗോപീകൃഷ്ണൻ. – സംവീധായകൻ സാം സേവ്യർ പറയുന്നു.
 
സാധാരണ ഒരു മലയാളം സിനിമ ചെയ്യാൻ ശരാശരി 45 ദിവസമാണ് വേണ്ടത്. എന്നാൽ ഗോപികൃഷ്ണനെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ ഇരട്ടി വേണ്ടി വരുമെന്ന് കരുതിയാണ് സിനിമ തുടങ്ങിയത്.  എന്നാൽ ഗോപി ഞങ്ങളെ അതിശയിപ്പിച്ചുകളഞ്ഞു. ഉദ്ദേശിച്ച സമയത്തേക്കാൾ ഏറെ കുറഞ്ഞ സമയത്തിനു മുൻപ് തീർത്തുവെന്നു മാത്രമല്ല ഉദ്ദേശിച്ചതിനേക്കാൾ കുറഞ്ഞ ബജറ്റിലും സിനിമ പൂർത്തിയാക്കിയെന്നും ജോർജ് പറയുന്നു. പരിചയസമ്പന്നരായ മുൻ നിര നായകന്മാരെ വച്ച് പടം ചെയ്യുന്നതിനേക്കാൾ വളരെ അനായാസം ഗോപിയെ വച്ച് പടം ചെയ്യാൻ കഴിഞ്ഞത് വളരെ ഒരു ഭാഗ്യം തന്നെയാണ്. കാമറയ്ക്ക് മുന്നിൽ ഗോപിയുടെ പ്രകടനം വിസ്മയകരമാണ്. അത് പറഞ്ഞറിയിക്കാൻ കഴിയില്ല. പടം കണ്ടു തന്നെ പ്രേഷകർ വിലയിരുത്തട്ടെ. – ജോർജ് പറഞ്ഞു.
 
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്കു ശേഷം എന്ന സിനിമ ചെയ്യുന്നതിനും ഏറെ മുൻപ് തന്നെ ഈ കഥ തന്റെ മനസ്സിൽ രൂപപ്പെട്ടതാണെന്നും സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ജോർജ് കോര പറഞ്ഞു. ഈ പടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനു മൂന്നു വർഷങ്ങൾക്ക് മുൻപ് തന്നെ കഥയുടെ വൺ ലൈൻ എഴുതി വച്ചിരുന്നു. എന്നാൽ ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരിക്കും സ്പെഷ്യലി ചലഞ്ച്ഡ് ആയ ഒരാൾ തന്നെ വേണമെന്ന് തനിക്കു നിർബന്ധമുണ്ടായിരുന്നു. ഇക്കാര്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഏബ്രഹാം ജോസേഫിനോടും സാമിനോടും പറഞ്ഞിരുന്നു. അങ്ങനെ വിവിധ ഹോസ്പിറ്റലുകൾ, വിവിധ സപ്പോർട്ട് ഗ്രൂപ്പ് സെന്ററുകൾ തുടങ്ങിയ പല സ്ഥലങ്ങളിലും അന്വേഷണം ആരംഭിച്ചു. 
 
എന്നാൽ ഗോപികൃഷ്ണനെപ്പോലെ വളരെ ടാലന്റഡ് ആയിട്ടുള്ള ഒരു കിട്ടിയേ കണ്ടെത്തുക എന്നത് വളരെ  ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ഏറെക്കാലത്തെ തെരച്ചിലിന് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ ആയ ഡോ. ഷാജി തോമസിനെ പരിചയപ്പെട്ടതാണ് സിനിമയുടെ വഴിത്തിരിവിന് കാരണം. ഇത്തരം കുട്ടികളുടെ കാര്യത്തിൽ ലോകത്തു തന്നെ ഏറ്റവും ആധികാരികമായി പഠനം നടത്തിയിട്ടുള്ള അദ്ദേഹം യുഎന്നിൽ വരെ പ്രഭാഷണങ്ങൾ നടത്തിയ വ്യക്തിയാണ്. 
 
അദ്ദേഹത്തെ ബന്ധപ്പട്ട് കഥ  പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇതായിരുന്നു: “തന്റെ  കീഴിൽ പതിനായിരത്തിൽ പരം കുട്ടികൾ പരിശീലിക്കുന്നുണ്ട്. അതിൽ ഒരാളുടെ മുഖം മാത്രമാണ് ഓർമയിൽ വരുന്നത്. ആ കുട്ടിയുടെ മാതാപിതാക്കളുടെ നമ്പർ തരാം.”  അങ്ങനെ അവരെ ബന്ധപ്പെടുകയും കോഴിക്കോട് പോയി ഒരു വർക്ക്ഷോപ്പ് സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഗോപീകൃഷ്ണൻ എന്ന അതുല്യ പ്രതിഭയെ കണ്ടെത്തിയത്. 
 
ഡോ.ഷാജിയുടെ മകൾ ഡൗൺ സിൻഡ്രം അവസ്ഥയിൽ ജനിച്ച കുട്ടിയാണ്. ആ കുട്ടിയാണ് ഈ ചിത്രത്തിൽ ഗോപിയുടെ നായികയായി വേഷമിടുന്നത്. 
 
ഗോപീകൃഷ്ണൻ എന്ന ഈ അപൂർവ പ്രതിഭയെ വളർത്തുന്നതിന്നതിൽ മുഖ്യ പങ്കുവഹിച്ച അവന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമാണ് നന്ദി പറയേണ്ടത്. ഗോപീകൃഷ്‌ണന്‌ നല്ല പരിശീലനം നൽകുന്നതിനായി തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്ന ഗോപിയുടെ കുടുംബം ഡോ. ഷാജിയുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട്ടേയ്ക്ക് താമസം മാറ്റുന്നത്. എൽ ഐ സി യിൽ ഉദ്യോഗസ്ഥനായ അച്ഛൻ തൃശൂരിലാണ്. ഗോപിയുടെ അമ്മ രഞ്ജിനി വർമ്മയ്ക്കും ചേച്ചി മാളവികയ്ക്കുമാണ് ഗോപി എന്ന നടനെ ഉയർത്തിക്കൊണ്ടുവന്നതിൽ മുഖ്യ പങ്കുള്ളത്. ആ മകനുവേണ്ടി അമ്മ തന്റെ  ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയായിരുന്നു. 
 
ജനിച്ചപ്പോൾ മുതൽ എപ്പോഴും കൊച്ചു കൊച്ചു ആസുഖങ്ങൾ മൂലം അവന്റെ പിന്നിൽ നിന്ന് മാറാൻ പോലും കഴിയാത്തതിനാൽ ഹിന്ദി അധ്യാപികയായിരുന്ന രഞ്ജിനി ജോലി തന്നെ രാജി വച്ചു. ചെറുപ്പത്തിൽ അവൻ പലപ്പോഴും ഉപദ്രവമേൽപ്പിക്കുമായിരുന്നു. മകന്റെ അവസ്ഥയോർത്ത് ക്ഷമയോടെ അമ്മ ഉപദ്രവങ്ങൾ സഹിച്ചുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും അവനെ സ്വയം പര്യാപതമാക്കുക അതായിരുന്നു ലക്ഷ്യം. അതിനായി ചെയ്യാവുന്നതെല്ലാം ചെയ്തു. സ്പീച്ച് തെറാപ്പി തുടങ്ങി നിരവധി ആക്ടിവിറ്റികൾ. 
 
ഒരുപാട് കഷ്ട്ടപ്പെട്ടു. അതിനുള്ള ഫലം ദൈവം തരുമെന്നറിയാമായിരുന്നു.അവനെ പ്രതി സമൂഹത്തിൽ നിന്ന് പല ദുരനുഭവങ്ങളുമുണ്ടായി. പല സ്കൂളുകളിൽ നിന്നും അവനെ ഉഴിവാക്കി. മറ്റ് കുട്ടികൾക്ക് അവൻ ഒരു ബുദ്ധിമുട്ടാകുമെന്നു പറഞ്ഞായിരുന്നു പല സ്‌കൂളുകളിലേക്കും മാറി മാറി ചേർക്കേണ്ടിവന്നത്. അവർക്കെല്ലാമുള്ള മറുപടി അവനിലൂടെ തന്നെ രഞ്ജിനി വർമ്മ നൽകിക്കഴിഞ്ഞു. 
 
ഇത്തരം കുട്ടികൾക്ക് മ്യൂസിക്ക് തെറാപ്പി നല്ലതാണെന്ന് മനസ്സിലാക്കിയതോടെ ആ വഴിക്കായി പരിശീലനം. ഒരു നല്ല പാട്ടുകാരികൂടിയായ രഞ്ജിനി തന്റെ പ്രൊഫഷൻ തന്നെ മാറ്റി. ഇപ്പോൾ മ്യൂസിക്ക് അധ്യാപികയാണ് രഞ്ജിനി.
ഷൂട്ടിങ്ങിനു മുൻപും ശേഷവും ഡയലോഗുകൾ പഠിപ്പിക്കുന്ന ചുമതലയും രഞ്ജിനിക്കായിരുന്നു. ഗോപി തന്നെയാണ് ഈ സിനിമയുടെ ഡബ്ബിങ്ങും ചെയ്തത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.സിനിമയിൽ അഭിനയിക്കുമ്പോൾ പറഞ്ഞ ഡയലോഗുകൾ ഡബ്ബിങ്ങ്‌ സമയത്ത് സീൻ കണ്ട്  ആ ഡയലോഗുകൾ കൃത്യമായി ഓർത്ത് പറയുവാൻ വരെ അവൻ കഴിയുമായിരുന്നുവെന്ന് പിന്നണി പ്രവർത്തകരും രഞ്ജിനിയും പറയുന്നു. എന്തായാലും ഇത്തരം കുട്ടികളുള്ള അമ്മമാർക്കും സഹോദരങ്ങൾക്കും ഗോപിയുടെ അമ്മ രഞ്ജിനിയും സഹോദരി മാളവികയും ഒരു മാതൃകയായിരിക്കുകയാണ്. തങ്ങളുടെ കുട്ടികൾകളും ഇങ്ങനെയാകാൻ കഴിയുമെന്ന് ഒരു അൽമവിശ്വാസം നേടിക്കൊടുക്കാൻ ഗോപിയുടെ ജീവിതത്തിലൂടെ അവരുടെ കുടുംബത്തിന് തെളിയിക്കാൻ കഴിഞ്ഞു.
 
പലപ്പോഴും അടുത്തവീടുകളിലെ കുട്ടികൾ അവന്റെ കൂടെ കളിക്കാൻ കൂടില്ല.  എന്നാൽ അവന്റെ കൂടെ നിഴൽ പോലെ എപ്പോഴും ചേച്ചി മാളവിക ഉണ്ടാകും. അവനെ കളിക്കാൻ കൂട്ടിയില്ലെങ്കിൽ താനും കളിക്കാനില്ലെന്നു അവൾ വാശി പിടിക്കുമ്പോൾ മാത്രമായിരിക്കും കുട്ടികൾ അവനെയും കൂട്ടുക. ആ കുട്ടികൾക്ക് തന്റെ അനുജൻ കണ്ണന്റെ ( ഗോപിയെ വീട്ടിൽ വിൽക്കുന്ന പേര്) അവസ്ഥയെക്കുറിച്ച് മാളവിക പറഞ്ഞു മനസിലാക്കി കൊടുക്കുമായിരുന്നു . മാളവികയുടെ ഭാഷയിൽ പറഞ്ഞാൽ മാളവിക  ഗോപികൃഷ്ണന്റെ ‘കാവൽ മാലാഖ’യെപ്പോലെയായിരുന്നു. 
 
ഗോപികൃഷ്ണനെ അറിഞ്ഞു സ്നേഹിച്ച അമ്മയും അച്ചനും ചേച്ചിയും കൂടിയാണ് അവനെ നാളെ ലോകം അറിയാൻ പോകുന്ന ഒരു കലാകാരനാക്കി മാറ്റിയത്. ഒരാളെ സ്നേഹിച്ചാൽ അവൻ വരെ ഒരിക്കലും മറക്കില്ല. നടി ശാന്തികൃഷണയാണ് ഈ ചിത്രത്തിൽ ഗോപിയുടെ അമ്മയായി അഭിനയിക്കുന്നത്. ഗോപിയുടെ അച്ഛനും അമ്മയും ഈ ചിത്രത്തിൽ അവന്റെ അയൽക്കാരായും അഭിനയിക്കുന്നുണ്ട്. ശാന്തി കൃഷണയോടൊപ്പമുള്ള  അഭിനയ മുഹൂർത്തങ്ങളിൽ ഗോപി ശരിക്കും അവരുടെ മകനായി ജീവിച്ചുവെന്നു പറയുന്നതാകും ശരി. അഭിനയിക്കുമ്പോഴും അല്ലാത്തപ്പോഴും ശാന്തികൃഷ്ണയെ ‘അമ്മ’ എന്നാണ് വിളിച്ചിരുന്നത്. എപ്പോഴും ശാന്തി കൃഷണയുടെ വാലായി നടക്കും. ഇടക്ക് സ്വന്തം അച്ഛനെയും അമ്മയെയും കണ്ടാൽ “ഹായ് അങ്കിൾ, ഹായ് ആന്റി ” എന്ന് വിളിക്കും. അതാണ് ഗോപിയുടെ സ്നേഹത്തിന്റെ ആഴം.- അമ്മ രഞ്ജിനി പറയുന്നു.
 
 
ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ആയി കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടർ പോൾ കറുകപ്പള്ളിയും അദ്ദേഹത്തിന്റെ സഹധർമ്മിണി ലത പോൾ എന്നിവർ കൂടിയുണ്ടെന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു വലിയ ചർച്ചയായി മാറും എന്ന ആൽമവിശ്വാസത്തിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ഏബ്രഹാം ജോസഫ്. നേഷൻവൈഡ് പിക്ചേഴ്സിന്റെ ബാനറിൽ അബ്രഹാം ജോസഫിനെക്കൂടാതെ ദീപക് ദിലിപ് പവാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിജോ കുര്യൻ, റോണിലാല്‍ ജയിംസ്, മനു മട്ടമന, സിജോ പീറ്റർ എന്നിവരും കോ പ്രൊഡ്യൂസേഴ്സ് ആണ്. ജോർജ് കോരയും സാം സേവ്യറും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഗോപികൃഷ്ണ വർമ്മ, ജോർജ് കോര, ശാന്തി കൃഷ്ണ, ഗോപൻ മങ്ങാട്ട്, സരസ ബാലുശ്ശേരി എന്നിവർക്കു പുറമെ  പുതുമുഖങ്ങളും  അണിനിരക്കുന്നു. ജോർജ് കോരയുടേതാണ് തിരക്കഥ. ഛായാഗ്രഹണം :ചെറിൻ പോൾ. എഡിറ്റിങ് : ലാൽ കൃഷ്ണ. സംഗീതം: അങ്കിത് മേനോൻ.
 
 ഗോപിയും ജോർജും ചിത്രത്തിൽ സഹോദരങ്ങളായി എത്തുന്നു. ഇവര്‍ രണ്ടുപേരുടെയും കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. കോമഡി–ഡ്രാമ വിഭാഗത്തിൽപെടുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന് അണിയറക്കാർ പറയുന്നു.

 

 
ഒരു സിനിമ നടൻ ആകുക എന്ന ആഗ്രഹം എപ്പോഴും മനസിൽ കൊണ്ടു നടന്നിരുന്ന ഗോപിയെ തന്നെ ‘തിരികെ’ എന്ന സിനിമക്കായി ലഭിച്ചത് ഒരു വലിയ ഭാഗ്യമായി  സംവിധായകനും പിന്നിണി പ്രവർത്തകരും കാണുമ്പോൾ ദൈവം ഗോപിക്കായി സമ്മാനിച്ച സിനിമയായി ഗോപിയുടെ കുടുംബം ഈ സിനിമയെ  കാണുന്നു. 
 
ഗോപിയുടെ ആഗ്രഹങ്ങൾ ഇപ്പോൾ ഒരുപാട് ഉയരത്തിലാണ്. ഇനിയും സിനിമയിൽ അഭിനയിക്കണം. തമിഴിലും ബോളിവുഡിലും പറ്റിയാൽ ഹോളിവുഡിലുമൊക്കെ…  ഗോപീകൃഷ്ണൻ പറയുകയാണ്. എന്റെ സിനിമ കാണണെ.. തിരികെ… നീ സ്ട്രീമിൽ..എല്ലാവരും കാണണെ…  

LEAVE A REPLY

Please enter your comment!
Please enter your name here