സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ചിത്രീകരണം പൂർത്തിയായ സിനിമകൾ റിലീസ് ചെയ്യാനിടമില്ലാത്ത ദുരിതാവസ്ഥ. കേരളത്തിലെ തിയേറ്ററുകൾ എന്ന് തുറക്കുമെന്ന് ആർക്കും നിശ്ചയമില്ല. അഥവാ നിയന്ത്രണങ്ങളോടെ തുറന്നാൽതന്നെ തിയേറ്ററുകളിൽ പ്രേക്ഷകർ എത്തുമോ തുടങ്ങിയ ആകുലതകൾ വേറെയും.
സിനിമാ വ്യവസായത്തിന് ഇതുവരെ 900 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. 100 കോടി രൂപ ചിലവിട്ട് ഒന്നരവർഷം മുൻപ് പൂർത്തീകരിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12 ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയേറ്ററുകൾ അടുത്ത മാസം തുറക്കുമെന്ന പ്രതീക്ഷയിലാണ് മരക്കാർ റിലീസ് പ്രഖ്യാപിച്ചത്. ഇന്നത്തെ അവസ്ഥയിൽ മലയാള സിനിമാ വ്യവസായത്തിന് താങ്ങാവുന്നതിലും അധികമാണ് ഈ പ്രതിസന്ധി.
മോഹൻലാൽ നായകനായിരുന്ന ദൃശ്യം 2 ഒ ടി ടി റിലീസിന് നൽകിയത് വലിയ വിവാദമായിരുന്നു. എന്നാലിതാ കൂടുതൽ ചിത്രങ്ങൾ ഒ ടി ടി റിലീസിനായി ഒരുങ്ങുകയാണ്. ഫഹദ് ഫാസിൽ, ദുൽക്കർ , പ്രഥ്വിരാജ് എന്നിവരുടെ ചിത്രങ്ങൾ ഉടൻ ഒ ടി ടിയിൽ റിലീസ് ചെയ്യും.
മാലിക്, കുറുപ്പ്, തുറുമുഖം, കുരുതി, ചുരുളി എന്നീ ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. മെയ് എട്ടിന് ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ 60 സിനിമകളായിരുന്നു റിലീസിംഗിന് തയ്യറായിരുന്നത്. 20 ചിത്രങ്ങളുടെ അവസാന ഘട്ടജോലികളും നടക്കുകയായിരുന്നു. ചിത്രീകരണം അവസാനഘട്ടത്തിലിരിക്കുന്ന ചിത്രങ്ങൾ 20 ൽപരം വരും.
കേരളത്തിൽ 620 സ്‌ക്രീനുകളാണ് ഉള്ളത്. 289 സ്‌ക്രീനുകൾ മൾട്ട് പെ്‌ളക്‌സാണ്.  തീയേറ്ററുകൾ അടച്ചതോടെ സിനിമയുമായി പ്രവർത്തിച്ചുവന്നിരുന്ന എല്ലാവരും തൊഴിൽ രഹിതരായി.
തുടർച്ചയായി ചിത്രങ്ങൾ ഒടിടി റിലീസിന് ചിത്രങ്ങൾ പോയാൽ അത് കേരളത്തിലെ തിയേറ്ററുകളെയും തിയേറ്ററുകളെ ആശ്രയിച്ച് ജീവിക്കുന്ന 5000 ൽ ഏറെ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും.
കോടികൾ വായ്പയെടുത്ത് തിയേറ്റുകൾ നവീകരിച്ചവരും കടുത്ത പ്രതിസന്ധിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here