കൊച്ചി: താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കിറ്റെക്സ് പ്രശ്നം താൻ ഒറ്റ കോളിൽ പരിഹരിച്ചേനെയെന്ന് ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപി. കിറ്റെക്‌സ് കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പോയത് ഉചിതമായ തീരുമാനമാണ്. അതിജീവനത്തിനായാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോകുന്നത്. അതിനെകുറ്റം പറയാനാകില്ല എന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

‘പിണറായിയുടെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ ഞാന്‍ ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കിറ്റെക്‌സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോള്‍ സെക്രട്ടറിയോട് പറഞ്ഞ് ഫോണ്‍ എടുത്ത് വിളിപ്പിച്ചിട്ട് ‘കിറ്റെക്‌സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം’ എന്ന് പറഞ്ഞേനെ. ഒരു ജഡ്ജ് ആവാനുള്ള അധികാരം ഉണ്ട് മുഖ്യമന്ത്രിക്ക്. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കിയേനെ,’ സുരേഷ് ഗോപി പറഞ്ഞു.

കേവലം രാഷ്ട്രീയ കളികളാണ് കിറ്റെക്‌സ് പ്രശ്‌നം വഷളാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം നടന്നിരുന്നു. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം.ജേക്കബ് പറഞ്ഞിരുന്നു. കിറ്റെക്സിന് കേരളത്തിലെ പോലെ തെലങ്കാനയില്‍ യാതൊരുവിധ അന്യാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സാബു പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here