മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ടോളിവുഡിലേക്ക്​. തെലുങ്ക്​ സൂപ്പർതാരം നാഗാർജുനയുടെയും നടി അമലയുടെയും മകനായ അഖിൽ അക്കിനേനി നായകനാകുന്ന ‘ഏജൻറ്​’ എന്ന ബിഗ്​ ബജറ്റ്​ ചിത്രത്തിൽ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ്​ താരമെത്തുന്നത്​. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യിലാണ്​ മമ്മൂട്ടി അവസാനമായി തെലുങ്ക്​ സംസാരിച്ചത്​.

ഏജൻറിൽ ഒരു പട്ടാള ഉദ്യോഗസ്ഥ​െൻറ വേഷത്തിലാണ്​ മമ്മൂട്ടിയെത്തുക. നേരത്തെ മോഹൻലാൽ, കന്നട സൂപ്പർതാരം ഉപേന്ദ്ര എന്നിവരെ ഇതേ റോളിലേക്ക്​ പരിഗണിച്ചിരുന്നു. ഹോളിവുഡ് ആക്ഷൻ ത്രില്ലർ ബോൺ സീരിസിൽനിന്ന്​ പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ സ്​പൈ ഏജൻറായാണ് അഖിൽ അഭിനയിക്കുന്നത്​. ​മമ്മൂട്ടി ഈ സിനിമയ്ക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.

നിരവധി ഹിറ്റ്​ സിനിമകൾ സംവിധാനം ചെയ്​ത സുരേന്ദർ റെഡ്ഡിയാണ്​ ഏജൻറ്​ സംവിധാനം ചെയ്യുന്നത്​. വക്കാന്തം വംശി രചന നിർവഹിച്ചിരിക്കുന്നു. ഹിപ്​ഹോപ്​ തമിഴയാണ്​ ചിത്രത്തിന്​ വേണ്ടി സംഗീതമൊരുക്കുന്നത്​. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here