കൊച്ചി: നടൻമാരും നിർമ്മാതാക്കളുമായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗത്തിന്റെ പരിശോധന. പ്രിഥ്വിരാജിന്റെ ‘പ്രിഥ്വിരാജ് പ്രൊഡക്ഷൻസ്’, ദുൽഖറിന്റെ വേഫെയർ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ഓഫീസിലാണ് പരിശോധന നടക്കുന്നത്.

നേരത്തെ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്നും വരുമാന കണക്കുകളിൽ വ്യത്യാസമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശീർവാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന നടന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ കലൂർ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധന നടന്നത്.

ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ് എന്നിവരോട് നേരിട്ട് ഹാജരാകാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാനവും നിലവിലെ സമ്പത്തും തമ്മിലുള്ള കണക്കുകൾ ചേരുന്നില്ലെന്നാണ് കണ്ടെത്തൽ. താരങ്ങൾക്ക് നൽകുന്ന പ്രതിഫലം വിതരണാവകാശത്തിൽ ഉൾപ്പെടുത്തുന്നതോടെ വലിയ തോതിൽ ആദായ നികുതി തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രേഖകൾ സഹിതം ഹാജരാകാനാണ് മൂവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഒടിടി കമ്പനികളുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നുണ്ട്. സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിറ്റപ്പോൾ കൃത്യമായി നികുതി അടച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here