കൊച്ചി : എല്ലാ സിനിമയും ആരാധകരെ മുന്നിൽക്കണ്ട് എടുക്കാനാവില്ലെന്ന് മോഹൻലാൽ. ഒരു മാസ് എൻറർടെയ്‌നർ ആയിരുന്നുവെങ്കിൽ മരക്കാറിന്  ദേശീയ അവാർഡ് ഉൾപ്പെടെ ലഭിക്കുമായിരുന്നില്ല. സിനിമയുടെ ഫൈനൽ കോപ്പി ആയതിനു ശേഷം കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് ചെയ്യാനാവാതെയിരുന്ന മാസങ്ങളിൽ ചിത്രത്തിൻറെ ഒരു ക്ലിപ്പ് പോലും ലീക്ക് ആയില്ല. ഇന്നത്തെക്കാലത്ത് വലിയ വെല്ലുവിളിയാണ് അത്. ലീക്ക് ആവുമെന്നത് ഭയന്നാണ് പല അന്തർദേശീയ ഫെസ്റ്റിവലുകളിലേക്കും ചിത്രം അയക്കാതിരുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മരക്കാറിന് ലഭിക്കുന്ന വ്യത്യസ്ത പ്രതികരണങ്ങൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് മോഹൻലാൽ പ്രതികരിക്കുന്നത്.

‘ആളുകളുടെ പ്രതീക്ഷകളെ നമുക്ക് ഒരിക്കലും അളക്കാനാവില്ല. ദേശീയ അവാർഡ് ലഭിച്ച ചിത്രമാണ് മരക്കാർ. അതൊരു മാസ് എൻറർടെയ്‌നർ ആയിരുന്നുവെങ്കിൽ അവാർഡുകൾ ലഭിക്കുമായിരുന്നില്ല. ഇവിടെ ചിത്രത്തിൻറെ മേക്കിംഗ്, തിരക്കഥ, അഥ് പകരുന്ന വൈകാരികത ഒക്കെയാണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ ഒരു കഥ പറയുകയാണ്. ചിത്രം ആസ്വദിച്ചെന്ന് ഒരുപാടുപേർ പറഞ്ഞു. ആരാധകരും അത് മനസിലാക്കണം. എല്ലാ ചിത്രങ്ങളും നമുക്ക് ആരാധകർക്കായി ഒരുക്കാനാവില്ല. സമ്മർസോൾട്ടോ വില്ലന്മാരെ അടിച്ചുപറത്തലോ ഒന്നും മരക്കാരെക്കൊണ്ട് ചെയ്യിക്കാനാവില്ല. അങ്ങിനെയെങ്കിൽ ആ കഥാപാത്രസ്വഭാവം മാറും. അത്തരം സംഘട്ടനരംഗങ്ങൾ മറ്റു സിനിമകളിൽ ചെയ്തിട്ടുണ്ട്. അതിനാൽ പ്രതീക്ഷ എന്നത് സിനിമയുടെ സ്വഭാവത്തെ ആസ്പദമാക്കിയാവണം. ആരാധകരെ സംബന്ധിച്ച് എല്ലാ സിനിമയും ഒരു പ്രത്യേക രീതിയിൽ വേണമെന്നാണ്. അതിനെ മറികടക്കേണ്ട ബാധ്യത നമ്മുടേതാണ്. ഒരു ചെറിയ ഗ്രൂപ്പിനെ മുന്നിൽക്കണ്ടു മാത്രം സിനിമയെടുക്കുന്നത് നിലവിൽ ബുദ്ധിമുട്ടാണ്’, മോഹൻലാൽ പറയുന്നു.

ഒരു സിനിമയെക്കുറിച്ച് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യാനുള്ള പ്രവണത നിലനിൽക്കുന്നുവെന്നും മോഹൻലാൽ പറയുന്നു- ‘ഒരു സിനിമയുടെ പിറകിൽ ഒരുപാട് അധ്വാനമുണ്ട്. മുൻപ് നിരൂപകരാണ് സിനിമകളെ വിലയിരുത്തിയിരുന്നത്. ഇന്നിപ്പോൾ ആർക്കും എന്തും പറയാവുന്ന നിലയാണ്. ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യാനും ശ്രമങ്ങൾ നടക്കുന്നു. ചലച്ചിത്ര വ്യവസായത്തിനെതിരായ കുറ്റകൃത്യമാണ് അത്. ഇത് ചെയ്യുന്നവർക്ക് യാതൊന്നും ഇതിൽനിന്ന് ലഭിക്കുന്നില്ല. ഒരു സ്‌ക്രീനിന് പിറകിലിരുന്ന് ഒരാൾ ഒരു കമൻറ് ഇടുമ്പോൾ, അത് ഒരു വ്യവസായത്തെയും അതിനെ ഉപജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെയുമാണ് ദോഷകരമായി ബാധിക്കുന്നത്. ഞാൻ പറയുന്നത് മരക്കാരെക്കുറിച്ച് മാത്രമല്ല. ഒരുപാട് ചിത്രങ്ങൾക്കെതിരെ ഇതുണ്ടായത് ഞാൻ കണ്ടിട്ടുണ്ട്. സൃഷ്ടിപരമായ വിമർശനത്തെ ഞങ്ങളും സ്വീകരിക്കുന്നു. പകരം ചലച്ചിത്രകലയുടെ ക്രാഫ്റ്റിനെക്കുറിച്ചോ, നിരൂപണത്തെക്കുറിച്ചോ ഒന്നുമറിയാത്ത ഒരാൾ മനസിൽ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞാൽ അത് തെറ്റാണ്. പുതുതലമുറയിൽ ഈ പ്രവണത കൂടിതലെന്നും മോഹൻലാൽ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here