കൊച്ചി: നടിയെ ആക്രമിച്ച കേസ്  അട്ടിമറിക്കാൻ എട്ടാം പ്രതിയായ ദിലീപ് നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിൻറെ  രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെളളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകന് കൊവിഡായതിനാൽ ഹർജിയിൽ വിശദമായ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ദിലീപിൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഹർജി വെളളിയാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ഉണ്ടാകില്ലല്ലോയെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് തൽക്കാലത്തേക്ക് അറസ്റ്റുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത്. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ് ഐ ആറെന്നുമാണ് ദിലീപിൻറെ വാദം.

അതിനിടെ ദിലീപിനതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിൻറെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സാക്ഷികളെ ദിലീപ് സ്വാധീനിച്ച് സംബന്ധിച്ച്  തെളിവുകൾ കൈമാറിയെന്നാണ് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ പറഞ്ഞത്. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകൾ കൈമാറിയിട്ടുണ്ട്. ശബ്ദം ദിലീപിൻറേതെന്ന് തെളിയിക്കാൻ സഹായകരമായ സംഭാഷണവും കൈമാറിയിട്ടുണ്ട്. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ കൈമാറി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻറെ വിശദമായ തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ്  വിവിധ ഇടങ്ങളിൽ വച്ച് പറഞ്ഞിരുന്നു. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. നടിയെ ആക്രമിച്ച ദൃശ്യം പകർത്തിയ പെൻഡ്രൈവ് കൊണ്ടുകൊടുത്ത സാഗർ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന് ശേഷവും സാഗർ പണം ആവശ്യപ്പെട്ടു. ഇതിൻറെ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here