മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിൽ (36) മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിലായിരുന്നു അന്ത്യം. കേസിൽ ഇയാൾ കൂറ് മാറിയിരുന്നു.

ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് പ്രഭാകർ ആണ്. ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തിൽ സമീർ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ ഗോസാവി മറ്റൊരാളോട് ഇക്കാര്യം സംസാരിക്കുന്നത് കേട്ടെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തൽ.

​ഗോസാവിയുടെ അം​ഗരക്ഷകനാണ് താനെന്നായിരുന്നു പ്രഭാകറിന്റെ അവകാശവാദം. ഒക്ടോബർ 3ന് മുംബൈയിൽ നിന്ന് ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്ഡിനിടെ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം 25 കോടി രൂപയുടെ പ്രതിഫല ഇടപാടിനെക്കുറിച്ച് ഗോസാവി ചർച്ച ചെയ്യുന്നത് താൻ കേട്ടതായും പ്രഭാകർ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

 

കോളിളക്കം സൃഷ്ടിച്ച ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാനെതിരേ തെളിവില്ലെന്നാണ് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രണ്ടുമാസത്തിനകം കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന് പ്രത്യേകസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here