നിവിൻ പോളി–രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 3ന് ചിത്രം തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. ഇതിനോടകം തന്നെ വിവിധ ചലച്ചിത്രമേളകളിൽ സാന്നിധ്യം അറിയിച്ച ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നിവിൻ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

1950 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.

കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തിൽ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം.

LEAVE A REPLY

Please enter your comment!
Please enter your name here