കൊച്ചി: തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കി ശ്രദ്ധേയനാവുകയാണ് യുവ സംഗീത സംവിധായകന്‍ ഹരികുമാര്‍ ഹരേറാം. മലയാളം, തമിഴ് തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഹരികുമാര്‍ ഹരേറാം സംഗീതം ഒരുക്കിവരുന്നത്. സംഗീത സംവിധാനത്തിന് പുറമെ ഗാനരചനയും ആലാപനവും നിര്‍വ്വഹിക്കുന്നുണ്ട്. അഞ്ഞൂറിലേറെ ഗാനങ്ങള്‍ക്ക് രചനയും സംഗീതവും ഒരുക്കിയ ശേഷമാണ് ഹരികുമാര്‍ ഹരേറാം സിനിമയിലേക്ക് വരുന്നത്.
 
ഫെസ്റ്റിവെല്‍ ചിത്രങ്ങളും കുട്ടികളുടെ ചിത്രവും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2017 ല്‍ ‘സഖാവിന്‍റെ പ്രിയസഖി’ എന്ന ചിത്രത്തിന് വേണ്ടി അഞ്ച് ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടായിരുന്നു സിനിമാരംഗത്തെ തുടക്കം. തുടര്‍ന്ന് പന്ത്രണ്ടിലേറെ ചിത്രങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ചു. ‘ഷക്കീല’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. കുട്ടിക്കാലം മുതലേ കവിതകള്‍ രചിച്ചുകൊണ്ടായിരുന്നു കലാരംഗത്തേക്കുള്ള തുടക്കം.
 
പത്തൊമ്പതാം വയസ്സില്‍ സ്വന്തമായി എഴുതിയ ദേശഭക്തിഗാനം സുഹൃത്തുക്കള്‍ക്കൊപ്പം ആകാശവാണിയില്‍ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി. കൈതപ്രം, റഫീക്ക് അഹമ്മദ്, പി കെ ഗോപി തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളുടെ വരികള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. വീരേന്ദ്രകുമാര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് ഇറങ്ങിയ ‘വീരേന്ദ്രം’ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ‘തീം സോങ്’തുടങ്ങിയ ആല്‍ബങ്ങളും ഹരികുമാര്‍ ഹരേറാമിന്‍റെ ശ്രദ്ധേയമായ സംഗീത സംഭാവനകളാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here