ലോസ്‌ആഞ്ചലസ്: പതിനാല് വർഷത്തിന് ശേഷം ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം ഇന്ത്യയിലെത്തി. തെന്നിന്ത്യൻ ചിത്രം ആർ ആർ ആറിലൂടെയാണ് പുരസ്കാരം ഇന്ത്യയിലെത്തിയത്. ബെസ്റ്റ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന പാട്ട് പുരസ്കാരം നേടി. എം എം കീരവാണിയാണ് സംഗീതമൊരുക്കിയത്.

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ നടക്കുന്ന 80ാമത് ഗോൾഡൻ ഗ്ളോബ് പുരസ്കാര ചടങ്ങിൽ ബെസ്റ്റ് ഒറിജിനൽ സോംഗിനുള്ള പുരസ്കാരം എം എം കീരവാണിയാണ് ഏറ്റുവാങ്ങിയത്. കീരവാണിയുടെ മകൻ കാല ഭൈരവ, രാഹുൽ സിപ്ളിംഗുഞ്ച് എന്നിവർ ചേർന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പർഹിറ്റ് പാട്ടുപാടിയത്.

2009ൽ സ്ളം ടോഗ് മില്യണർ എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാനായിരുന്നു ഗോൾഡൻ ഗ്ളോബ് പുരസ്കാരം ഇതിനുമുൻപ് ഇന്ത്യയിൽ എത്തിച്ചത്. എന്നാൽ പൂർണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യൻ സിനിമയ്ക്ക് ഗോൾഡൻ ഗ്ളോബ് ലഭിക്കുന്നത് ആർ ആർ ആറിലൂടെയാണ്. പ്രശസ്ത ഗായകരായ ടെയ്‌ലർ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്കാരം നേടിയത്.

മികച്ച അന്യഭാഷാ ചിത്രത്തിന്റെ വിഭാഗത്തിലും ആർ ആർ ആർ ഗോൾഡൻ ഗ്ളോബ് പുരസ്‌കാരത്തിനായി മത്സരിച്ചിരുന്നു. ജർമ്മനിയുടെ ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്റീനയുടെ അർജന്റീന 1985, ബെൽജിയത്തിന്റെ ക്ലോസ്, ദക്ഷിണ കൊറിയയുടെ ഡിസിഷൻ ടു ലീവ് എന്നിവയ്‌ക്കെതിരെയാണ് ആർ ആർ ആർ മത്സരം നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here