സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. ഉണ്ണി മുകുന്ദന്‍റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ‌്‌ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ഹൗസ്ഫുൾ ഷോയാണ് നടക്കുന്നത്.

ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍  മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം. ഇപ്പോൾ 233 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സൂപ്പർതാരങ്ങളായ അജിത്തിന്റെയും വിജയ്‌യുടെയും ചിത്രങ്ങൾ കേരളത്തിലെ തിയറ്ററുകൾ കീഴടക്കിയിട്ടും മാളികപ്പുറം കുലുങ്ങിയില്ല. വീണ്ടും അതിശക്തമായി ചിത്രം തിരിച്ചെത്തി

ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് ഉടൻ മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടയിരിക്കുന്നത്. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന് തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും മാളികപ്പുറത്തിന് അനുകൂലമാകുമെന്നാണ് കണക്കു കൂട്ടുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here