
കൊല്ലം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍ ടിനി ടോം ചൂണ്ടിക്കാട്ടിയത് ഏറെ പ്രസക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവസരങ്ങള്‍ കുറയുമെന്ന് ഭയപ്പെടാതെ ധീരമായ വെളിപ്പെടുത്തല്‍ നടത്തിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
കുട്ടികളോട് സംസാരിക്കുന്നതിനിടെയാണ് താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. മാരകമായ രാസ മരുന്നുകളാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
ഏതെങ്കിലും ഒരു വമ്പനെ ഇതുമായി ബന്ധപ്പെട്ട് പൊലീസോ എക്‌സൈസോ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ? ചെറിയ കാരിയേഴ്‌സിനെ മാത്രമാണ് പിടികൂടുന്നത്. മജസ്‌ട്രേറ്റിനെ പ്രതി ആക്രമിക്കുന്ന സംഭവം വരെയുണ്ടായി. റോഡിലൂടെ യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. ലഹരി മാഫിയക്കെതിരെ ഒരു നിയന്ത്രണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.