പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും മുന്‍പ് പുറത്തുവന്നിരുന്നു. മഹാനടി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ പ്രൊജക്ട് കെയില്‍ ഉലകനായകന്‍ കമല്‍ഹാസനും അഭിനയിക്കുന്നു എന്നാണ് പുതിയ വിവരം.

20 ദിവസമാണ് കമല്‍ഹാസന്‍ പ്രഭാസിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്. നെഗറ്റീവ് റോളില്‍ ആയിരിക്കും കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുക. 150 കോടി രൂപയോളം കമല്‍ഹാസന്‍ ചിത്രത്തിനായി വാങ്ങിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും ‘പ്രൊജക്റ്റ് കെ’യുടെയും പാട്ടുകള്‍ ഒരുക്കുക.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ്, കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്നിവയാണ് പ്രഭാസിന്റെ റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രാമായണം പ്രമേയമാക്കി ഒരുക്കിയ ആദിപുരുഷില്‍ ശ്രീരാമന്റെ റോളിലാണ് പ്രഭാസ് എത്തുന്നത്. ചിത്രം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും.

ലോകേഷ് കനകരാജ് ചിത്രം വിക്രമിന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്റെ ചിത്രീകരണത്തിലാണ് കമല്‍ഹാസന്‍. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു പുതിയ ചിത്രം കൂടി കമലഹാസന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here