പ്രഭാസ് നായകനായി പുറത്തിറങ്ങുന്ന ആദിപുരുഷ് എന്ന സിനിമയ്ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ഒരു കട്ടും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂറാണ് (179 മിനിട്ട്) സിനിമയുടെ ദൈര്‍ഘ്യം.
പ്രഭാസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാന്‍ തീരുമാനമുണ്ട്. ഒരു ഷോയിലും ഈ സീറ്റ് ആര്‍ക്കും നല്‍കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഈ മാസം 16ന് ചിത്രം തയേറ്ററുകളിലെത്തും.
‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാന്‍ ഹനുമാന്‍ പ്രത്യക്ഷപ്പെടുന്നു. അത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച്, പ്രഭാസിന്റെ രാമന്‍ നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും ഒരു സീറ്റ് ഭഗവാന്‍ ഹനുമാന് റിസര്‍വ് ചെയ്യും. ഏറ്റവും വലിയ രാമഭക്തനെ ആദരിക്കുന്ന ചരിത്രം കേള്‍ക്കൂ.’- വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
രാമായണ കഥയെ ആസ്പദമാക്കിയാണ് ഓം റൗട്ട് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്. ബാഹുബലിക്കു ശേഷം പ്രഭാസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. 500 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാമനായി പ്രഭാസും സീതാ ദേവിയായി കൃതി സനോനും എത്തുമ്പോള്‍ രാവണന്റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്.