ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാര്‍, ദ വേ ഓഫ് വാട്ടര്‍’ ഒ.ടി.ടിയിലേക്ക്. ഡിസംബർ 16നാണ് സിനിമ തീയേറ്ററുകളിലെത്തിയത്. അന്യഗ്രഹമായ പണ്ടോറയുടെ മനുഷ്യ കോളനിവത്കരണമാണ് ‘അവതാറി’ന്‍റെ പ്രധാന ഇതിവൃത്തം. അവരുടെ നാടിന്‍റെ നാശത്തിനെതിരായ തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പിന്‍റെ കഥയാണ് ‘അവതാർ’ പറയുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ‘അവതാർ 2’ സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
‘അവതാർ 2’ തീയറ്ററുകളിൽ കാഴ്ചയുടെ വിസ്‍മയലോകം സൃഷ്‍ടിച്ചിരുന്നു. ഇന്ത്യയില്‍ ആറ് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ആസ്വാദകർക്ക് മുന്നിലെത്തി. 1832 കോടി രൂപയാണ് സിനിമയുടെ നിർമാണ ചെലവ്.
‘അവതാറി’ന്റെ ആദ്യ ഭാഗം പണ്ടോറയിലെ നീല നാവി ജനതയും മനുഷ്യരും തമ്മിലുള്ള പ്രകൃതി വിഭവങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചുള്ള കഥയാണ് പറഞ്ഞത്. കുടുംബത്തെ സംരക്ഷിക്കുക എന്ന വിഷയത്തിലാണ് രണ്ടാം ഭാഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.