premam-poster.jpg.image.784.410

തിരുവനന്തപുരം ∙ സെൻസർ ബോർഡിന്റെ പക്കലുള്ള പ്രേമം സിനിമയുടെ പകർപ്പ് ഉടൻ കൈമാറാൻ നിർദേശം. നാളെ ഉച്ചവരെയാണ് ആന്റി പൈറസി സെൽ സെൻസർ ബോർഡിന് സമയം നൽകിയിരിക്കുന്നത്. പകർപ്പുകൾ കൈമാറാനുള്ള നിർദേശം അവഗണിച്ചതിനെ തുടർന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. അന്വേഷണവുമായി സെൻസർ ബോർഡ് സഹകരിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെൽ തിങ്കളാഴ്ച സെൻസർ ബോർഡിൽ പരിശോധന നടത്തിയിരുന്നു. പ്രേമം സിനിമയുടെ പകർപ്പ് കൈമാറണമെന്ന് അന്ന് ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുംബൈയിലെ ഒാഫീസിൽ നിന്നു പ്രത്യേക അനുമതി വേണമെന്നായിരുന്നു സെൻസർ ബോർഡിന്റെ വിശദീകരണം. തുടർന്ന് വെള്ളിയാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘം ഇന്ന് വീണ്ടും ചെന്നിരുന്നെങ്കിലും പകർപ്പ് നൽകാൻ തയാറായിരുന്നില്ല. ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സെൻസർ ബോർഡ് നൽകിയ മറുപടി. ഈ സാഹചര്യത്തിലാണ് നാളെ പകർപ്പ് നൽകണമെന്ന അന്ത്യ ശാസനം നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ വ്യാജപകർപ്പ് പുറത്തു വന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനെയും നിർമാതാവിനെയും ചോദ്യം ചെയ്തിരുന്നു. ഏഴു മണിക്കൂറോളം സമയമെടുത്താണ് സംവിധായകൻ അൽഫോൺ പുത്രനെ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ആലുവയിലെ ഫ്ളാറ്റിലെത്തിയായിരുന്നു മൊഴിയെടുത്തത്. നിർമാതാവ് അൻവർ റഷീദിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

‘പ്രേമം’ സിനിമയുടെ വ്യാജൻ സൃഷ്ടിച്ചവരെ പൊലീസ് കണ്ടെത്തുമെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അന്വേഷണം ശരിയായ നിലയിൽ പുരോഗമിക്കുകയാണ്. വ്യവസായ താൽപര്യമുള്ളവരോ, സിനിമയിലെ കോര്‍പറേറ്റ് ശക്തികളോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയം പരിശോധിക്കുന്നുണ്ട്. ഒരു എസ്പിയെ കൂടി നിയമിച്ച് ആന്റി പൈറസി സെല്‍ ശക്തിപ്പെടുത്തി. കൂടുതൽ വിദഗ്ധരെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here