തിരുവനന്തപുരം∙ പ്രേമം സിനിമയുടെ വ്യാജ പതിപ്പു നവമാധ്യമങ്ങളിൽ പ്രചരിച്ച കേസിൽ പൊലീസ് ആന്റി പൈറസി സെല്ലിന്റെ അന്വേഷണം മുടന്തുന്നു. കേസിൽ പിടിച്ചെടുത്ത െതളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിൽ സെല്ലിന്റെ ഭാഗത്തു ഗുരുതര വീഴ്ചയാണുണ്ടായത്. മാത്രമല്ല സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തെന്ന പേരിൽ മൂന്നു വിദ്യാർഥികളെ പിടികൂടിയ പൊലീസ് അതിന്റെ പെൻഡ്രൈവ് എത്തിച്ച ആളിനെ പോലും പിടിച്ചിട്ടില്ല.

എന്നാൽ പിടികൂടുന്ന ഓരോ ഹാർഡ് ഡിസ്കും ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാൻ കോടതിയിൽ അപേക്ഷ നൽകാറില്ലെന്നും അവസാനം എല്ലാം ഒരുമിച്ചാണു ലാബിലേക്ക് അയ്ക്കുന്നതെന്നും എസ്പി: പ്രതീഷ് കുമാർ പറയുന്നു. ഹാർഡ് ഡിസ്കിന്റെ പരിശോധനാ ഫലം കിട്ടിയാൽ എവിടെ നിന്നാണ് ഇതു പകർത്തിയതെന്നു വ്യക്തമാകുമെന്നായിരുന്നു അന്വേഷണ സംഘം ഇതുവരെ പറഞ്ഞിരുന്നത്. അതറിഞ്ഞാൽ ഉടൻ അറസ്റ്റുണ്ടാകുമെന്നും പകർത്തിയവരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അതിനു വിരുദ്ധമായാണ് ഇപ്പോൾ പൊലീസ് നിലപാട്.

ഇതുവരെ പല ലാബുകളിൽ നിന്നു പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് അടക്കമുള്ള തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷയും നൽകിയില്ല. സിനിമയുടെ സെൻസർ പകർപ്പിൽ പിന്നീടു ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളിൽ എഡിറ്റിങ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട മൂന്നു പേരിലേക്ക് അന്വേഷണം ചുരുങ്ങിയെന്നാണ് ഒരാഴ്ച മുൻപു പൊലീസ് പറഞ്ഞത്. ഈ ലാബുകളിൽ നിന്നു ഹാർഡ് ഡിസ്കും ഡിവിഡിയും മൊബൈൽ ഫോണുകളും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

സിനിമ ആദ്യമായി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്തെന്നു പൊലീസ് പറയുന്ന വിദ്യാർഥിയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ പെൻ ഡ്രൈവ് എന്നിവയടക്കം അൻപതിലധികം തെളിവുകളാണു തിരുവനന്തപുരത്തെ മജിസ്ട്രേട്ട് കോടതിയിൽ കെട്ടിക്കിടക്കുന്നത്. അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയാൽ മാത്രമേ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയുള്ളൂ. ഇലക്ട്രോണിക് തെളിവുകൾ വിശകലനം ചെയ്ത വിശദാംശങ്ങളും കോടതിക്കു കൈമാറേണ്ടതുണ്ട്.

ഈ പെൻഡ്രൈവ് കൊല്ലത്തെ വിദ്യാർഥിക്ക് എത്തിച്ചുകൊടുത്തതു അയൽക്കാരനാണെന്നും അയാളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ അയാളെ പിടിക്കാനോ അയാൾക്ക് അത് എത്തിച്ച വ്യക്തിയെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞില്ല. ആന്റി പൈറസി സെല്ലിലെ മറ്റെല്ലാ കേസ് അന്വേഷണവും മാറ്റിവച്ചാണ് ഒരു ഡിവൈഎസ്പിയും സിഐയും എസ്ഐമാരും അടങ്ങുന്ന സംഘം ഈ കേസിന്റെ പിന്നാലെ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here