സിനിമാ-സീരിയല്‍ നടി ഷാലു കുര്യന്‍റെ സ്വകാര്യ നിമിഷങ്ങൾ,ഷാലുവിന് പറ്റിയ അബദ്ധം എന്നൊക്കെ പറഞ്ഞ് വാട്സാപ്പിലൂടെ ചില ചിത്രങ്ങളും വിഡിയോകളും പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. ചതിക്കുഴികളായി പലപ്പോഴും മാറുന്ന ‌സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾക്കും വിഡിയോകൾക്കും വൻ മാർക്കറ്റാണെന്നിരിക്കെ ഷാലുവിന്റെ വിഡിയോയും വൈറലായി. എന്നാല്‍ ആ വിഡിയോ ഒരു അബദ്ധമല്ലെന്നും സിനിമയ്ക്ക് വേണ്ടി തന്നെ ചിത്രീകരിച്ച രംഗമാണെന്നും ഷാലു കുര്യന്‍ തുറന്നു പറയുന്നു. അതിലെന്താണ് ഇത്ര അശ്ലീലം? ഷാലു ചോദിക്കുന്നു.

‘മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഒരു സിനിമയിലെ ഒരു രംഗമാണത്. ഇത്തരമൊരു കോസ്റ്റ്യൂമില്‍ ആ രംഗം ചിത്രീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ഞാനൊരു അറിയപ്പെടുന്ന താരമൊന്നുമല്ലായിരുന്നു. ഈ രംഗത്തേക്ക് വന്ന പുതിയ നടിയായിരുന്ന എനിക്ക് പ്രതിബദ്ധതയുടെ പേരില്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തോന്നിയില്ല. ഇന്ന് അങ്ങനെയൊരു സിനിമയില്‍ അഭിനയിച്ചതില്‍ യാതൊരു പശ്ചാത്താപവും തോന്നുന്നുമില്ല. അത് മോശമായ ചിത്രമൊന്നുമല്ല, മാത്രമല്ല ആ വിഡിയോയില്‍ എന്താണ് വള്‍ഗര്‍ ആയി ഉള്ളതെന്ന് മനസ്സിലാകുന്നില്ല. അതിനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ മനസിനാണ് സത്യത്തിൽ പ്രശ്നം.

ഇത്തരം വേഷങ്ങള്‍ ധരിച്ച് നടക്കുന്ന എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. സിനിമയിലും ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന നായികമാരെ കണ്ടിട്ടില്ലേ? ഇവിടെ കാര്യങ്ങളെ മോശമായി വളച്ചൊടിക്കുകയാണ്. ഇൗ വിഡിയോ പുറത്തുവന്നതോടെ ആളുകള്‍ക്ക് എന്നോടുള്ള സമീപനത്തില്‍ വരെ മാറ്റം വന്നിട്ടുണ്ട്. എന്‍റെ വിശേഷങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചിരുന്ന അവർ ഇപ്പോള്‍ മോശപ്പെട്ട കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും കമന്‍റ് ചെയ്യുന്നു. ഞാന്‍ മോശപ്പെട്ട പണിക്ക് പോകുന്നുണ്ടോ എന്നു ചോദിച്ചവർ വരെ ഉണ്ട്.

ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടല്ല. എന്നെ പോലെ ഇൗ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുടെയും വ്യാജവിഡിയോ ഇങ്ങനെ തെറ്റായരീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പിന്നിലുള്ളവർ എന്താണ് ഇതിലൂടെ നേടുക എന്നെനിക്ക് അറിയില്ല. പക്ഷേ ഞങ്ങള്‍ ഒരുപാട് വേദനിക്കുന്നുണ്ട്. ഒരു വാര്‍ത്തയുടെ രണ്ടുവശവും അറിഞ്ഞ് വേണം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍. ഇവിടെ വാര്‍ത്തകള്‍ തെറ്റാണോ ശരിയാണോ എന്നുപോലും നോക്കാതെ ഞൊടിയിടയില്‍ വൈറലാക്കാനുള്ള തത്രപ്പാടിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.

സിനിമാ-സീരിയല്‍ രംഗം എന്തോ മോശമായ ഒന്നാണെന്നാണ് പലരുടെയും വിശ്വാസം. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരനെയും ഒപ്പം കൊണ്ടുപോയി സന്തോഷത്തോടെ ജോലി ചെയ്യാന്‍ പറ്റുന്ന മറ്റൊരു ജോലി ഉണ്ടോ? ഇത്തരം വ്യാജ വാർത്തകൾ ചമച്ച് ദയ്‌വ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങളും ജീവിച്ചോട്ടെ. ഷാലു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here