പ്രഗൽഭനായ സാഹിത്യകാരനും വാഗ്മിയും 
മലയാളത്തിന്റെ പ്രിയ  എഴുത്തുകാരനും പ്രഭാഷകനുമായ
കെ എൽ മോഹന വർമ്മയെ അദ്ദേഹത്തിന്റെ ഷഷ്ഠിപൂർത്തി വേളയിൽ അദ്ദേഹത്തിന്റെ സുഹൃത്തും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലും ഡൽഹിയിലും അഭിഭാഷകനായ അഡ്വ എം പി കൃഷ്ണൻ നായരുടെ ഓർമ്മക്കുറിപ്പുകൾ.
 
അഡ്വ. എം പി കൃഷ്ണൻ നായർ.
________________________________  


 ആലപ്പുഴ ചേർത്തലയിൽ എം ആർ കേരളവർമ്മയുടെയും വാരനാട്ട് പടിഞ്ഞാറെ കാട്ടുങ്കൽ കോവിലകത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി  1936 ജൂലൈ എട്ടിനാണ് കെ എൽ മോഹനവർമ്മയുടെ ജനനം.
അദ്ദേഹത്തിന്റെ പിതാവ് ജ്യോതിഷകനും അറിയപ്പെടുന്ന വക്കീലുമായിരുന്നു. എഴുത്തുകാരനായ കെ എൽ കൃഷ്ണദാസ് വർമ്മ അനുജനാണ്.
കേന്ദ്രസർക്കാർ സ്ഥാപനമായ അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് വകുപ്പിലാണ് ആദ്യകാലം ജോലി ചെയ്തിരുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നതിനാൽ കേരളത്തിന് പുറത്തായിരുന്നു മോഹനവർമ്മ ആദ്യകാലത്ത് ജോലി ചെയ്തിരുന്നത്.
 പൂഞ്ഞാർ രാജവംശത്തിൽ നിന്നുള്ള ശ്രീമതി രാധ തമ്പുരാട്ടിയാണ് മോഹന വർമ്മയുടെ പത്‌നി.
 
കേന്ദ്രസർക്കാർ സർക്കാർ സ്ഥാപനങ്ങളിൽ സുധീർഘമായ സേവനം അനുഷ്ഠിച്ച മോഹനവർമ്മ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സുത്യർഹമായി സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് കൊച്ചിയിൽ സ്ഥിരതാമസത്തിന് എത്തുന്നത്. കഴിഞ്ഞ ജൂലൈ എട്ടിന് ശതാഭിഷേകം പിന്നിട്ട മോഹനവർമ്മയുമായുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും അടുത്ത സൗഹൃദമാണ് എന്റേത്.  
 
1964 ലാണ് ഞാൻ ജോലി അന്വേഷിച്ച് ജബൽപൂരിലെത്തുന്നത്. എന്റെ മൂത്ത സഹോദരൻ അഡ്വ പി എസ് നായർ എന്ന പേരിലറിയപ്പെട്ടിരുന്ന പി സദാശിവൻ നായർ അക്കാലത്ത് ജബൽപൂരിൽ വളരെ തിരക്കുള്ള അഭിഭാഷകനും ഒട്ടേറെ തൊഴിലാളി സംഘടനകളുടെ സംഘാടകനുമായിരുന്നു. അക്കാലത്ത്  നല്ല തിരക്കുള്ള അഭിഭാഷകനായിരുന്നതിന് പ്രധാന കാരണം  തൊഴിലാളികളുടെ കേസുകളായിരുന്നു അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് എന്നതിനാലായിരുന്നു.

ജബൽപൂർ മലയാളി ക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഒരു മലയാളി കൂട്ടായ്മയായിരുന്നു.  ക്ലബ്ബിനെ അക്കാലത്ത് നയിച്ചിരുന്നത് അഡ്വ. പി എസ് നായരും കെ എൽ മോഹനവർമ്മയും എം ഡി നായർ, ശങ്കര നാരായണൻ എന്നിവരടങ്ങുന്ന സംഘമായിരുന്നു.  

മോഹനവർമ്മ ജബൽപൂരിൽ  ജോലി ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. അഡ്വ പി സി നായർ അധ്യക്ഷനും വർമ്മാജി സെക്രക്കട്ടറിയുമായ മലയാളി ക്ലബ്ബ് ഒട്ടേറെ അംഗസംഖ്യയുള്ള അസോസിയേഷനായിരുന്നു. മലയാളികൾ ഒട്ടേറെയുള്ള നഗരമായിരുന്നു ജബൽപൂർ. മലയാളികളായ ഒട്ടേറെ പേർ ജബൽപൂരിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കാരായി ഉണ്ടായിരുന്നു. ഇതാണ് മലയാളി ക്ലബ്ബിന്റെ അംഗബലം.

ക്ലബ്ബിന്റെ അധ്യക്ഷൻ എന്റെ സഹോദരനായതിനാൽ സംഘടനയിൽ അംഗവാമാനും പ്രവർത്തകരുമായി അടുത്ത് പെരുമാറാനും  അവസരം ലഭിച്ചു. ജബൽപൂർ മലയാളി ക്ലബ്ബാണ് വർമ്മാജിയെന്ന് വിളിച്ചിരുന്ന കെ എൽ മോഹനവർമ്മയെ പരിചയപ്പെടാനുള്ള അവസരമൊരുക്കിയത്.  

തണുപ്പ് കാലം ജബൽപൂരിൽ കൊടുംതണുപ്പായിരിക്കും. ചൂടുകാലം പുറത്തിറങ്ങാൻ പറ്റില്ല. വിദ്യാലയങ്ങൾ അടച്ചിടും, ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റും. തണുപ്പുകാലത്ത് ആളുകൾ പുറത്തിറങ്ങുന്നതുപോലും അപൂർവ്വമായിരിക്കും.  അങ്ങിനെയൊരു തണുത്ത, മഞ്ഞിറങ്ങുന്ന സായാഹ്നത്തിലാണ് കെ എൽ മോഹന വർമ്മയെ ആദ്യമായി ഞാൻ കാണുന്നത്.

 എന്റെ സഹോദരൻ അഡ്വ. സദാശിവൻ നായർ, എന്നെ വർമ്മാജിയുമായി പരിചയപ്പെടുത്തി. ഇത് കെ എൽ മോഹനവർമ്മ, ചേർത്തലയാണ് ദേശം. രാജകുടുംബാംമാണ്. മോഹനവർമ്മയുടെ ഭാര്യ രാധാവർമ്മ പൂഞ്ഞാർ രാജവംശത്തിലെ അംഗവുമാണ്. ചേർത്തലയിലെ മോഹനവർമ്മയുടെ കുടുംബം നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണ്. എല്ലാവരും നല്ല വിദ്യാഭ്യാസം ലഭിച്ചവരും, സഹൃദയരുമായിരുന്നു.

ഞങ്ങളുടെ വീട് ഏറ്റുമാനൂരിനടുത്ത കോതനെല്ലൂരാണ്. വർമ്മാജിക്ക് എന്നെക്കാൾ നാല് വയസ് കൂടുതലുണ്ട്.
ചേട്ടൻ എന്നെ വർമ്മാജിയെ പരിചയപ്പെടുത്തിയ ആ നിമിഷത്തിൽ തന്നെ  ഷേക്ക്ഹാന്റ് തന്നു.  വളരെക്കാലത്തെ സൗഹൃദഭാവത്തിലാണ് വർമ്മാജി അന്ന് എന്നോട് സംസാരിച്ചുതുടങ്ങിയത്.  

മോഹനവർമ്മ അക്കാലത്തും ചിരിച്ചുകൊണ്ടുമാത്രമേ സംസാരിക്കൂ.  നല്ല ഹൃദയംതുറന്നുള്ള ആ ചിരി.   മോഹനവർമ്മയെന്ന സഹൃദയനായ മനുഷ്യനുമായുള്ള ആത്മബന്ധത്തിലേക്ക് ആ പരിചയം നയിക്കുകയായിരുന്നു.

വളരെ കുറഞ്ഞകാലത്തിനിടയിൽ തന്നെ കെ എൽ മോഹനവർമ്മ ജബൽപൂരിലെ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായി മാറിയിരുന്നു. ആരെയും എളുപ്പത്തിൽ ആകർഷിക്കുന്നതായിരുന്നു വർമ്മാജിയുടെ പെരുമാറ്റം. സുഹൃത്തുക്കളോട് ഫലിതം പറയുന്നതിലും, സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിലുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാഗൽഭ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  

മെലിഞ്ഞ് സുന്ദരനായ ഒരു യുവാവായിരുന്നു കെ എൽ മോഹനവർമ്മ. അദ്ദേഹം അന്ന് എഴുത്തുകാരനായിട്ടില്ല. എന്നാൽ നാടകരംഗത്ത് സജീവമായിരുന്നു.

1966 ൽ ജബൽപൂർ മലയാളി ക്ലബ്ബിന്റെ വാർഷികാഘോഷത്തിൽ വർമ്മാജിക്കൊപ്പം  അദ്ദേഹത്തിന്റെ പത്‌നി ശ്രീമതി രാധാ വർമ്മയും സജീവമായി പങ്കെടുത്തിരുന്നു. ആ വർഷം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകത്തിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഒപ്പം വർമ്മാജിയും പത്‌നി രാധാവർമ്മയും. ഇതൊക്കെ എനിക്കദ്ദേഹവുമായുള്ള അടുപ്പവും സ്‌നേഹവും  വർദ്ധിപ്പിച്ചു.

മോഹനവർമ്മ, ചേട്ടൻ പി എസ് നായരുടെ സുഹൃത്തായിരുന്നുവെങ്കിലും പിന്നീട് ഞാനും വർമ്മാജിയും എറണാകുളത്ത് എത്തി.
ഇതോടെ ചേട്ടന്റെ സുഹൃത്ത് എന്ന നിലയിൽ നിന്നും എന്റേയും   അടുത്ത സുഹൃത്തായി അദ്ദേഹം മാറുകയായിരുന്നു.

1966 മുതൽ 68 വരെ മോഹനവർമ്മ ജബൽപൂരിലുണ്ടായിരുന്നു. മൂന്നു വർഷത്തിനിടയിൽ ഒരു മുപ്പതുവർഷത്തെ ബന്ധം അദ്ദേഹത്തിന് അവിടെയുണ്ടായിരുന്നു.  ഇക്കാലത്ത് ഞാൻ മിലിറ്ററിയിൽ സിവിൽ ആന്റ് ടെക്‌നിക്കൽ ഇൻസ്ട്രക്‌റായി ജോലി ചെയ്തുവരികയായിരുന്നു. 1968 ലാണ് ഞാനാ ജോലിയിൽ നിന്നും മാറുന്നത്. ജോലിയും ഒപ്പം പഠനവുമായി നല്ല തിരക്കിലായിരുന്നു ഞാൻ. നമ്മൾ പരസ്പരം കാണുമ്പോഴെല്ലാം മോഹനവർമ്മ എന്നോട് സഹോദരനോടെന്നപോലെയാണ് സംസാരിച്ചിരുന്നത്. എൽ എൽ ബിയും, എം എയും ഒരേ സമയം പഠിക്കുന്നുവെന്നതായിരുന്നു അദ്ദേഹത്തിന് എന്നോടുള്ള ഇഷ്ടത്തിന് പ്രധാന കാരണം.

ഇതിനിടയിൽ എൻ ഇ എസ് ലോ കോളജിൽ നിന്ന് എൽ എൽ ബിയും ഹിത്കാരണി കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. അതിനുശേഷം ചേട്ടന്റെ കൂടെയും മറ്റുമായി ലോ പ്രാക്ടീസ് ചെയ്യുകയായിരുന്നു.

 അഡ്വ പി എസ് നായരുടെ സഹോദരനെന്ന നിലയിലാണ് എനിക്ക് മലയാളി ക്ലബ്ബിൽ അംഗത്വം. ഞാൻ ക്ലബ്ബ് ഭാരവാഹിയൊന്നും ആയിരുന്നില്ലെങ്കിലും മോഹനവർമ്മയുടെ സംഘാടനത്തിന്റെ ശക്തികൊണ്ടോ,  എന്തോ ഞാൻ എല്ലാപ്രവർത്തനങ്ങൾക്കും അവർക്കൊപ്പമുണ്ടായിരുന്നു.

മലയാളി ക്ലബ്ബിന് സ്വന്തമായി ഭൂമിയുണ്ടാവണമെന്ന് ആദ്യമായി തീരുമാനമുണ്ടാവുന്നതും അക്കാലത്താണ്. തീരുമാനം നടപ്പാവണമെങ്കിൽ ഭൂമി വാങ്ങാനുള്ള പണം കണ്ടെത്തണം. പലരും പലവഴികൾ നിർദ്ദേശിച്ചു. അതിൽ ഏറ്റവും പ്രായോഗികമായ നിർദ്ദേശം വർമ്മാജിയുടേതായിരുന്നു. ഒരടി ഭൂമി ഒരാൾ സംഭാവനയായി നല്കണമെന്നായിരുന്നു ആ നിർദ്ദേശം. ഒരടി ഭൂമി വാങ്ങിക്കാനുള്ള പണം ഒരാളിൽ നിന്നും സംഘടിപ്പിക്കുകയെന്ന ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മലയാളികൾ പരസ്പരം കാണുന്നതും സംസാരിക്കുന്നതും ഗുരുദ്ധിമാർക്കറ്റിൽ വച്ചോ അല്ലെങ്കിൽ ഞായറാഴ്ചകളിൽ സിനിമാ ശാലകളിൽ വച്ചോ ആയിരുന്നു.  അവരെല്ലാം പരസ്പരം കാണുമ്പോൾ മലയാളി ക്ലബ്ബിനെകുറിച്ചും ക്ലബ്ബിലെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചിരുന്നത്.
 എംബയർ, ജ്യോതി, ശ്യാം, ഡിലൈറ്റ്,  വിനീത്, കൃഷ്ണ എന്നീ  സിനിമാ ശാലകളാണ് അക്കാലത്ത് ജബൽപൂരിലുണ്ടായിരുന്നത്. മലയാളം സിനിമകൾ ആഴ്ചയിൽ ഒരു ദിവസം ഡിലൈറ്റിലും എംബയറിലും  പ്രദർശിപ്പിക്കും. എനിക്ക് നാടകത്തോടുണ്ടായിരുന്ന അത്രയും കമ്പം സിനിമയോടും ഉണ്ടായിരുന്നു. അതുപോലെ വർമ്മാജിക്കും. അദ്ദേഹം എല്ലാ ആഴ്ചയിലും  കുടുംബവുമായി എല്ലാ സിനിമയും കാണാൻ സമയം കണ്ടെത്തും.

ഡൽഹി ചീഫ് ജസ്റ്റീസും നിലവിൽ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിന്റെ ചെയർപേഴ്‌സനുമായ രാജേന്ദ്രമേനോനും അന്നവിടെ വക്കീലായി  പ്രാക്ടീസ് ചെയ്തിരുന്ന അഡ്വ ടി ജി നാരായണൻ നായരും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു.

അഡ്വ പി എസ് നായർ,  കെ എൽ മോഹനവർമ്മ സംഘത്തിന് മലയാളികൾ നൽകിയ സ്വീകാര്യതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അവരുടെ ഭാരവാഹിത്വത്തിന് അടുത്ത അവസരം ലഭിച്ചത്. അങ്ങിനെ തുടർച്ചയായി അവർ തുടർന്നു,  തുടർന്നു കൊണ്ടിരുന്നു. പിന്നീട് വർമ്മാജിക്ക് ജോലിയിൽ സ്ഥാനക്കയറ്റവും ഡൽഹിയിലേക്ക് സ്ഥലംമാറ്റവും വന്നു. ജബൽപൂലെ മലയാളി സമൂഹം  മോഹനവർമ്മയ്ക്ക്  സ്‌ഹേനപൂർവ്വമുള്ള യാത്രയയ്പ്പാണ് അന്ന്  നൽകിയത്.
ജബൽപൂർ മലയാളി സമൂഹത്തിന് വർമ്മാജിയോടും തിരിച്ചുമുണ്ടായിരുന്ന സ്‌നേഹവും ഇഷ്ടവും പ്രകടമായ ദിനമായിരുന്നു ആ യാത്രയയപ്പ്.  

എന്റെ ഓർമ്മ ശരിയാണെങ്കിൽ അക്കാലത്തുതന്നെയാണ്  അദ്ദേഹം സാഹിത്യലോകത്തിലേക്ക് കടന്നുവരുന്നത്. ചെറുതും വലുതുമായ ചെറുകഥകളും മറ്റും എഴുതിത്തുടങ്ങിയിരുന്നു.  എഴുത്തിന്റെ ലോകത്തക്ക് പ്രവേശിക്കുന്നതിന് മുൻപ് യാത്രയായിരുന്നു വർമ്മാജിയുടെ പ്രധാന വിനോദം. നർമ്മദാ തീരത്തുള്ള വെള്ളച്ചാട്ടം കാണാനും മാർബിൾ റോക്‌സിൽ സന്ദർശിക്കാനും അദ്ദേഹം ഏറെ താല്പര്യം കാണിച്ചിരുന്നു.  നർമ്മദയിലുള്ള  ബോട്ടിംഗായിരുന്നു വർമ്മാജിയെ ഏറെ ആകർഷിച്ചിരുന്നത്. കേരളത്തിൽ നിന്നും  ആരെങ്കിലും ജബൽപൂരിൽ  അതിഥികളായി എത്തിയാൽ അവരുമായി അദ്ദേഹം നർമ്മദാ തീരത്തേക്ക് കൊണ്ടുപോവും. അവരെ മാർബിൾ റോക്കും, നർമ്മദയിലെ ബോട്ട് സവാരിയും നടത്തിയിട്ടേ തിരികെ അയക്കൂ.

അത്തരമൊരു യാത്രയിലാണ് നർമ്മദാതീരത്തുള്ള കാളിദാസ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുന്നത്.

നർമ്മദാ തീരത്തുള്ള ആ കാളിദാസ ക്ഷേത്രത്തെപ്പറ്റി അവിടെ മലയാളികൾക്ക് വലിയ അറിവ്  ഉണ്ടായിരുന്നില്ല. പക്ഷേ, വർമ്മാജിക്ക് ആ ക്ഷേത്രത്തിൽ വച്ച് ഭഗവാൻ കാളിദാസന്റെ അനുഗ്രഹം ലഭിക്കുകയുണ്ടായി എന്നാണ് അറിവ്. അവിടെ നടക്കുന്ന പ്രധാന പൂജയുടെ ഭസ്മം  ഭക്തർക്ക് നൽകും.  
ആ ക്ഷേത്ര സന്ദർശന വേളയിൽ വർമ്മാജിക്ക് കാളിദാസന്റെ അനുഗ്രഹത്തോടെയുള്ള ഭസ്മം ലഭിച്ചു. അത് സേവിക്കണം. അങ്ങിനെ കാളിദാസഭഗവാന്റെ ക്ഷേത്രത്തിൽ നിന്നും ലഭിച്ച  ഭസ്മം വർമ്മാജി സേവിച്ചു. അതിനുശേഷമാണ് എഴുത്തിന്റെ മാസ്മരികലോകത്തേക്ക് അദ്ദേഹത്തെ ഭഗവാൻ കൂട്ടിക്കൊണ്ട് കൊണ്ടുപോയത്.

അത്ഭുതകരമെന്നു പറയാം, വർമ്മാജിയുടെ ഇളയസഹോദരൻ കൃഷ്ണദാസ് വർമ്മ അക്കാലത്ത് ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം സഹോദരനെ സന്ദർശിക്കാനായി ആകസ്മികമായി ജബൽപൂരിലെത്തി.  കുറച്ചു ഭസ്മം സേവിക്കാനായി കൃഷ്ണവർമ്മയ്ക്കും നല്കുകയുണ്ടായി. അദ്ദേഹവും പിന്നീട് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുകയും നല്ലൊരു എഴുത്തുകാരൻ എന്ന നിലയിലേക്ക് വളരുകയും ചെയ്തു.

കാളിദാസന്റെ അനുഗ്രഹം ലഭിച്ച എഴുത്തുകാരനെന്ന നിലയിൽ ചെറു ചെറു കഥകളും മറ്റും ഹാസ്യപ്രധാനമായ ലേഖനങ്ങളും എഴുതി തുടങ്ങിയ മോഹനവർമ്മ പിന്നീട് തന്റെ ശ്രദ്ധപൂർണ്ണമായും എഴുത്തിലേക്ക് കേന്ദ്രീകരിച്ചു. ഇതോടെ മലയാളക്കരയിൽ ശ്രദ്ധേയനായ എഴുത്തുകാരനായി കെ എൽ മോഹന വർമ്മ മാറുന്ന കാഴ്ചയാണ് ഞങ്ങൾക്ക് നേരിൽ കാണാൻ സാധിച്ചത്.  സാഹിത്യ മണ്ഡലത്തിൽ അദ്ദേഹം പടിപടിയായി മുന്നേറി.

അഡ്വ പി എസ് നായരായിരുന്നു ജബൽപൂരിൽ കോഫിഹൗസിന്റെ സ്ഥാപക ചെയർമാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ അംഗങ്ങളാക്കിക്കൊണ്ട് 1954ൽ  രൂപീകരിച്ച ഇന്ത്യൻ കോഫീഹൗസ് വർക്കേഴ്‌സ് സൊസൈറ്റി യുടെ കീഴിൽ ആരംഭിച്ച സൊസൈറ്റിയിൽ ഏറെയും മലയാളികളായിരുന്നു. ഇന്ന് നാലായിരം അംഗങ്ങളുണ്ട്. എല്ലാ അംഗങ്ങളും . കോഫി ഹൗസുകളുടെ എണ്ണം 120 ൽപരമായി വികസിച്ചു. 80 ൽപരം , ഏഴു ഹോട്ടലുകളും അതോടൊപ്പമുണ്ട്. ഭോപ്പാൽ, ഭിലായി , തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.
കൂടാതെ ഇന്ത്യൻ മിലിട്ടറിയുടെ പ്രധാന കേന്ദ്രവും ജബൽപൂരായിരുന്നു. ജബൽപൂർ പി ആൻഡ് ഡി ട്രേഡിംഗ് സെന്റർകൂടിയായിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന കേന്ദ്രവും ജബൽപൂരായിരുന്നു. സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നിർമ്മിച്ച
ഷാഹിദ്‌സ് സ്മാരകഹാളിലാണ് മലയാളി ക്ലബ്ബിന്റെ പ്രധാന പരിപാടികളും ആഘോഷങ്ങളുമെല്ലാം നടത്തിയിരുന്നത്.

മലയാളികൾമാത്രമായിരുന്നില്ല, തമിഴരും കർണ്ണാടകക്കാരും  അവിടെ സാംസ്‌കാരിക പരിപാടികൾ നടത്തിയിരുന്നു. ഇതിനെല്ലാം മലയാളി ക്ലബ്ബ് ഭാരവാഹികൾ ആവശ്യമുള്ള സഹായവും നൽകിയിരുന്നു.  അക്കാലത്ത് ജബൽപൂരിൽ ക്ഷേത്രങ്ങൾ കുറവായിരുന്നു. ഉണ്ടായിരുന്ന  ഗുരുദ്വാരകളായിരുന്നു , അങ്ങിനെയാണ് അവിടെ ഒരു അയ്യപ്പ ക്ഷേത്രം നിർമ്മിക്കുന്നതിനെകുറിച്ച് ചർച്ചകൾ ഉയരുന്നത്. തമിഴരും കന്നടക്കാരും മലയാളികളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിക്കപ്പെട്ടു. റൈറ്റ് ടൗൺ മൈതാനത്തിനടുത്ത് ഒരു താല്ക്കാലിക ഷെഡ് പണിത്  അയ്യപ്പന്റെ ഫോട്ടോയും വച്ചുള്ള നാല്പ്പത്തിയൊന്ന് ദിവസത്തെ ഭജനയും തീരുമാനിച്ചു. എന്നാൽ ഇതെല്ലാം ജബൽപൂർ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ എതിർപ്പിനെതുടർന്ന് ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം മുൻനിരയിൽ പ്രവർത്തിച്ചവർ അഡ്വ പി എസ് നായരും കെ എൽ മോഹനവർമ്മയുമടങ്ങുന്ന സംഘമായിരുന്നു.

കേരളത്തിൽ നിന്നും ആരങ്കിലും ജോലിയന്വേഷിച്ച്  വരുമ്പോൾ അവർക്ക് താങ്ങും തണലുമായിരുന്നതും മലയാളി ക്ലബ്ബ് ഭാരവാഹികളും ഇതര സംഘടനകളുമായിരുന്നു. തിരികെയുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് അടക്കമുള്ള ചുമതലകൾ ക്ലബ്ബ് ഭാരവാഹികൾ ഏറ്റെടുത്തിരുന്നു. ഇതിലെല്ലാം വർമ്മാജിയുടെയും അഡ്വ പി എസ് നായരുടെയും നേരിട്ടുള്ള ഇടപെടലും ഉണ്ടായിരുന്നു. അന്നൊക്കെ ജോലി ലഭിക്കണമെങ്കിൽ പരിചയപ്പെടുത്തലും റക്കമന്റേഷനും ഒക്കെ വേണമായിരുന്നു. അതിനെല്ലാം മലയാളി ക്ലബ്ബ് പ്രവർത്തകരും ഭാരവാഹികളും ഉണർന്നു പ്രവർത്തിച്ചു. കേരളത്തിൽ നിന്നും വരുന്ന വിനോദസഞ്ചാരികൾക്ക് സഹായിയികളായതും മലയാളി ക്ലബ്ബ് തന്നെ.

കേരളത്തിൽ നിന്നും ആയിടയ്ക്കാണ് ഒരു സർക്കസ് സംഘം ജബൽപൂരിലെത്തുന്നത്. അവർക്ക് ജബൽപൂർ അത്രപരിചിതമല്ല, മാത്രമല്ല ഭാഷയും പ്രശ്‌നമായിരുന്നു. ഈ പ്രതിസന്ധിയിൽ അവർക്ക് എല്ലാവിധ
സഹായവും നൽകിയിരുന്നത് മോഹന വർമ്മയും മലയാളി ക്ലബ്ബ് ഭാരവാഹികളുമായിരുന്നു.

ഞാനിതേക്കുറിച്ച് മോഹനവർമ്മയോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ”പാവങ്ങൾ, അവരെ നമ്മൾ സഹായിച്ചില്ലെങ്കിൽ പിന്നെ ആര് സഹായിക്കും ” എന്നായിരുന്നു.

സർക്കസ് പ്രിയനായ വർമ്മയെയാണ് ഞാനവിടെ കണ്ടത്. വിവിധ മേഖലകളിലുള്ള അറിവാണ്  മോഹന വർമ്മയെന്ന മനുഷ്യനിലേക്കുള്ള എന്റെ അടുപ്പത്തിന് കാരണമായിരുന്നത്.  
 
 കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഫുഡ്‌കോർപ്പറേഷനിലായിരുന്നു അക്കാലലത്ത് മോഹനവർമ്മയ്ക്ക് ജോലി.  പോരാത്തതിന് രാജകുടുംബാംഗവും. എന്നാൽ അതൊന്നും സാധാരണക്കാരുമായുള്ള വർമ്മയുടെ സൗഹൃദത്തിന് തടസമായിരുന്നില്ല.

കേരളത്തിൽ നിന്നും ജോലിതേടിയും പഠനാവശ്യത്തിനുമായി നിരവധി യുവാക്കൾ അക്കാലത്ത് ജബൽപൂരിലെത്തിയിരുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലും അല്ലാത്തതുമായ കുറേയധികം സ്ഥാപനങ്ങൾ ജബൽപൂരിൽ ഉണ്ടായിരുന്നു. ഇന്റർമിഡിയേറ്റ് പാസായി ജബൽപൂരിലെത്തിയ ഞാൻ എൽ എൽ ബിയും എം എയും പാസായത് അവിടെനിന്നാണ്. അക്കാലത്ത് ഞാൻ ജോലിയും ചെയ്തിരുന്നു. രാവിലെ എൽ എൽ ബി,  തുടർന്ന് ജോലി, വൈകിട്ട് ഈവനിംഗ് ബാച്ചിൽ ബിരുദാനന്തരപഠനം. അങ്ങിനെയാണ് പലരും അവിടെ ജീവിച്ചിരുന്നതും പഠിച്ചിരുന്നതും. മിലിട്ടറിയുടെ പ്രധാന പരിശീലന കേന്ദ്രവും ആയുധ നിർമ്മാണ ശാലകളും  പ്രവർത്തിച്ചിരുന്നത് ജബൽപൂരിലാണ്. ഇന്ത്യൻ റെയിൽവേയുടെ കേന്ദ്രവും ജബൽപൂരാണ്.
1963 മുതൽ 68 വരെ ഞാൻ മിലിട്ടറിയിൽ ജോലി ചെയ്തു.  1968 ൽ എൽ എൽ ബി പാസായി, അഭിഭാഷകനായി എൻട്രോൾ ചെയ്തു.
1970 ൽ മോഹന വർമ്മ സാഹിത്യരചനാലോകത്തേക്ക് കടന്നിരുന്നു. എഴുത്തുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് ഡൽഹിയിലേക്ക് സ്ഥലം മാറിപ്പോയതിനുശേഷമായിരുന്നു.
ഡൽഹിവാസം മോഹനവർമ്മയിലെ സാഹിത്യകാരനെ ഏറെ വളർത്തി. പൂർണമായും സാഹിത്യലോകത്ത് മാത്രമായി വർമ്മാജി ശ്രദ്ധകേന്ദ്രീകരിക്കുന്നത് 1972 മുതലാണ്.  

വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തതിനുശേഷം 1976 ലാണ് മോഹനവർമ്മ എറണാകുളത്ത് എത്തുന്നത്.  

സഹോദരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പരസ്യകമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞാനപ്പോൾ തിരുവനന്തപുരത്തായിരുന്നു.  1976 ലാണ്  അഭിഭാഷകവൃത്തിയിൽ കുറച്ചുകൂടി മെച്ചപ്പെടണമെന്ന് തീരുമാനമെടുക്കുന്നത്.  ഒരു നല്ല അഭിഭാഷകനായി മാറണമെങ്കിൽ എറണാകുളത്ത് ഓഫീസ് തുടങ്ങുകയും ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയും വേണമായിരുന്നു. 1977 ൽ ഞാൻ എറണാകുളത്ത് എത്തി, ഏറെ വൈകാതെ ഹൈക്കോടതിക്കടുത്തായി  ഒരു ഓഫീസും ആരംഭിച്ചു. ജീവിതം എറണാകുളത്തേക്ക് പറിച്ചു നട്ട കാലം. ഒരു ദിവസം ഞങ്ങളുടെ ഒരു സുഹൃത്താണ് പറയുന്നത് , മോഹനവർമ്മ എറണാകുളത്തുണ്ട്. അങ്ങിനെ ഞാൻ വർമ്മാജിയെ കാണാനായി വീട്ടിലെത്തി. ഒരിടവേളയ്ക്കു ശേഷമുള്ള ആ കൂടിക്കാഴ്ച വലിയൊരു കാലത്തേക്കുള്ള സൗഹൃദത്തിന്റെയും  രണ്ടാം ഘട്ടമായിരുന്നു.

ഫൈനാർട്‌സ് ഹാളിനടുത്താണ് വർമ്മാജി അക്കാലത്ത് താമസിച്ചിരുന്നത്. ഔദ്യോഗികതലത്തിൽ വലിയ ഉദ്യോഗസ്ഥനായി അദ്ദേഹം മാറിയിരുന്നു. ജോലിയിലും ജീവിതത്തിലും സാഹിത്യലോകത്തും ഒരേപോലെ സത്യസന്ധതകാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.  
കെ എൽ മോഹന വർമ്മയും സഹോദരൻ കെ എൽ കൃഷ്ണ ദാസ് വർമ്മയും  അറിയപ്പെടുന്ന എഴുത്തുകാരായി മാറിയിരുന്നു.

വർമ്മാജി പൂമ്പാറ്റയിലും പിന്നീട് വീക്ഷണത്തിലും പത്രാധിപരായ കാലത്തും ഞങ്ങളുടെ ബന്ധം ഏറെ ഊഷ്മളമായി മാറി.

 എറണാകുളത്തേക്കുള്ള മാറ്റം എന്റെ ജീവിതത്തിലും വർമ്മാജിയുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കൊച്ചി തട്ടകമായി ഞങ്ങൾ രണ്ടുപേരും പ്രഖ്യാപിച്ചതോടെ ഒട്ടേറെ സംഘടനകളുമായി  ബന്ധം സ്ഥാപിച്ചിരുന്നു. മിക്ക സംഘടനകളിലും വർമ്മാജി എനിക്ക് ശക്തിപകരാനായി കൂടെകൂടി. ചില സംഘടനകളിൽ പിന്നിൽ നിന്നും പിന്തുണച്ചു.
 
പുസ്തകങ്ങളോട് വലിയ അടുപ്പമൊന്നും പുലർത്താതിരുന്ന ആളായിരുന്നു ഞാൻ. പാഠപുസ്തകങ്ങൾക്കപ്പുറം മറ്റു പുസ്തകങ്ങളൊടൊന്നും എനിക്കതുവരെ താല്പര്യമുണ്ടായിരുന്നില്ല. മലയാളത്തിലെയും ആംഗലേയത്തിലേയും എഴുത്തുകാരെ പഠനകാലത്ത് കേട്ടപരിചയം മാത്രം. അങ്ങിനെയുള്ള എന്നെ മലയാള സാഹിത്യവുമായും ഇംഗ്ലീഷ് സാഹിത്യവുമായുമൊക്കെ  ഏറെ ബന്ധമുള്ള ആളാക്കിമാറ്റിയത് വർമ്മാജിയാണ്.

ഒട്ടേറെ പുസ്തകങ്ങൾ വർമ്മാജി എന്നെക്കൊണ്ട് വായിപ്പിച്ചു. അങ്ങിനെ എന്നെ അക്ഷരങ്ങളുടെ മാസ്മരികലോകത്തേക്ക്   കൈപിടിച്ചുയർത്തി. അങ്ങിനെ ഞാൻ പുസ്തക വായന ഒരു ശീലമാക്കി.  

1983 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് മോഹനവർമ്മ ‘നീതി’  യെന്ന നോവൽ എഴുതിത്തുടങ്ങുന്നത്.

 ഇക്കാലത്ത് വർമ്മാജി മിക്കവാറും വൈകുന്നേരങ്ങളിൽ എന്റെ പുതിയ ഓഫീസിൽവരും. ന്യായാധിപന്മാരുടെയും വക്കീലന്മാരുടെ ജീവിതവും, കോടതി നടപടികളും പഠിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.  നോവലെഴുത്തുമായി ബന്ധപ്പെട്ടാണ് വരവെങ്കിലും നമ്മൾ സാഹിത്യലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഗതിവിഗതികളെക്കുറിച്ചും പുതിയ പുതിയ പ്രവണതകളെക്കുറിച്ചും മറ്റും ഗഹനമായി ചർച്ചചെയ്യും. തുടർന്ന് കോഫി ഹൗസിൽപോയി ചായയും മസാല ദോശയും കഴിക്കും.  ഇതിനിടയിലാണ്  കേസുകളുടെ നടത്തിപ്പിനെക്കുറിച്ചും, കോടതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റു നടപടിക്രമങ്ങളും വർമ്മാജി ചോദിക്കുക.

കേസുകൊടുക്കുന്ന ആളിന്റെ മാനസികാവസ്ഥ, സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ട് . കേസു തോറ്റുപോവുമ്പോൾ ആ കേസ് ഏറ്റെടുത്ത വക്കീലിന്റെ മാനസികാവസ്ഥ, വിധി പ്രസ്താവിച്ച  ജഡ്ജിയുടെ മുൻകാല ചരിത്രം. കേസിൽ ജയിച്ചവനും തോറ്റവനും തമ്മിലുള്ള അന്തരം, ഒരു വക്കീൽ എങ്ങിനെയാണ് കക്ഷിയെ അഭിമുഖീകരിക്കുക തുടങ്ങിയവയൊക്കെയാവും അപ്പോഴത്തെ ചർച്ചാവിഷയം.

  വക്കീലന്മാർ കോടതിയിൽ ഇരിക്കുന്നതും, അവരുടെ പെരുമാറ്റവും, ഒക്കെ പഠിപ്പിക്കാനായി ഞാൻ കോടതികളിലും അദ്ദേഹവുമായി പോയിട്ടുണ്ട്.  എന്താണ് വക്കീലന്മാർ ഇത്രയും നിശബ്ധരായി ഇരിക്കുന്നതെന്ന് അദ്ദേഹം എന്നോട് സംശയം ചോദിക്കും.   അപ്പോൾ ഞാൻ പറഞ്ഞു…” അത് നിശ്ബ്ദരായ താറാവിൻകൂട്ടത്തെപ്പോലെയാണ്. കോടതിയിൽ ജഡ്ജിനു മാത്രമേ ശബ്ദിക്കാൻ അവകാശമുള്ളൂ, കോടതിയിൽ ന്യായാധിപൻ  ആവശ്യപ്പെടുന്ന രേഖകൾ മാത്രം നല്കുക, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മാത്രം സംസാരിക്കുക ….അതാണ് കോടതി.

പാണ്ഡവന്മാരുടെയും കൗരവരുടെയും സഭ പോലെയല്ല, മിണ്ടാനുള്ള അവകാശം ജഡ്ജിന് മാത്രമാണ്. മറ്റാർക്കെങ്കിലും സംസാരിക്കണമെങ്കിൽ ജഡ്ജി പറയണം. സുപ്രിംകോടതിമുതൽ കീഴ്‌ക്കോടതിവരെയുള്ള എല്ലാ കോടതികളുടെയും പ്രവർത്തനം ഒരുപോലെയാണ്”  വർമ്മാജി ഇതെല്ലാം ചിരിച്ചുകൊണ്ട് കേട്ടിരിക്കും, കുറിച്ചെടുക്കും.

”നീതി” നോവൽ പ്രസിദ്ധീകരിച്ചപ്പോൾ നീതിന്യായവ്യവസ്ഥയെക്കുറിച്ച് നല്ല ധാരണയുള്ള ഒരാൾ എഴുതിയതാണെന്നു തോന്നിക്കും വിധമായിരുന്നു കഥാപാത്രസൃഷ്ടി. നിഗൂഢതകൾ നിറഞ്ഞ നീക്കങ്ങൾ, രഹസ്യാത്മകമായ ഒട്ടേറെ കഥാസന്ദർഭങ്ങൾ, എല്ലാം ഗംഭീരമായിരുന്നു.
വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നോവലായിരുന്നു അത്.
രണ്ടാമത്തെ നോവൽ ‘ഓഹരി’ എഴുതുന്ന കാലത്തും ഞാൻ വർമ്മാജിയുമായി നിരന്തരം ഇടപെട്ടിരുന്നകാലമായിരുന്നു.

1979 കാലത്ത്  ആരംഭിച്ച കൊച്ചിൻ  സ്റ്റോക്ക് എക്‌സേഞ്ചിന്റെ പ്രവർത്തനങ്ങൾ ആണ് മോഹനവർമ്മയെ ആ നോവൽ എഴുതാൻ പ്രേരിപ്പിച്ചത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയിലിരുന്നപ്പോഴുണ്ടായ കൗതുകമാണ് വർമ്മാജിയെ ഓഹരിയുടെ എഴുത്തിലേക്ക് നയിച്ചത്.

ഒരു വ്യവസായിയുടെ കൗശലവും ഒരു ബാങ്കറുടെ നിരീക്ഷണവും ഒക്കെ ആ എഴുത്തിൽ വ്യക്തമായി നമുക്ക് നിരീക്ഷിക്കാനാവും. ഓഹരിവിപണിയിലേക്ക് ഒട്ടേറെ മലയാളികളെ ആകർഷിക്കാൻ ആ നോവൽ ഹേതുവായി എന്നതാണ് സത്യം.

പിന്നീടുള്ള വർമ്മാജിയുടെ എഴുത്തുകളെല്ലാം ഏറെ ആകർഷകമായി തുടരുന്നതാണ് നാം കണ്ടത്. ഋതു സന്ധിമുതൽ ഓഹരിവരെയുള്ള കൃതികളെല്ലാം ഏറെ ആകർഷകമായിരുന്നു. മാധവിക്കുട്ടിയുമായി ചേർന്നെഴുതിയ അമാവാസി എന്ന നോവലും ശ്രദ്ധേയമായിരുന്നു. ക്രിക്കറ്റിനോട് ഏറെ ഇഷ്ടമുണ്ടായിരുന്നു മോഹനവർമ്മയ്ക്ക്. അതാണ് ക്രിക്കറ്റ് എന്ന പേരിൽ ഒരു നോവൽ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പച്ചത്. രണ്ട് ഇംഗ്ലീഷ് നോവലും അദ്ദേഹം രചിച്ചു.
കറിയാച്ചന്റെ ലോകം എന്ന നർമ്മ കൃതി കാലമേറെക്കഴിഞ്ഞിട്ടും കാലികമായി നിൽക്കുന്നു.

എന്നാൽ കെ എൽ മോഹനവർമ്മയെന്ന എഴുത്തുകാരന് വേണ്ടത്ര അംഗീകാരം നമ്മുടെ സമൂഹവും മറ്റും നല്കിയോ എന്നുള്ള ചോദ്യത്തിന് ഇല്ലെന്നാണ് എന്റെ നിഗമനം. ഒരു അംഗീകാരത്തിനുവേണ്ടിയും മോഹനവർമ്മയെന്ന എഴുത്തുകാരൻ ആരുടെയും പിറകെ പോയിട്ടില്ല. അദ്ദേഹം എഴുതുകയും സംസാരിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

എൺപത്തിനാലാം വയസിലും വർമ്മാജിയെന്ന കെ എൽ മോഹനവർമ്മ ഇന്നും നല്ല ആരോഗ്യത്തോടെ എല്ലാവരുമായും നല്ല ബന്ധവും സൗഹൃദവും തുടരുന്നു.

അഭിഭാഷക വൃത്തിയിലും,  ചില ബിസിനസുകളിലുമൊക്കെ തിരിച്ചടികൾ ഉണ്ടാവുകയും ഞാൻ ഏറെ നിരാശയിലേക്ക് വഴുതിവീഴുകയും ചെയ്യുമായിരുന്നു. അപ്പോൾ എന്നെ ഒരു സഹോദരനെ പ്പോലെ ആശ്വസിപ്പിക്കും, ആത്മവിശ്വാസം പകരനാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നും നല്ല പ്രസരിപ്പോടെ മാത്രം കാണുന്ന വർമ്മാജി എന്നിൽ ആത്മവിശ്വാസത്തിന്റെ ഊർജ്ജം പകരുകയും ചെയ്യും.


1977 മുതൽ പരസ്പരം പിറനാൾ ദിവസങ്ങളിൽ പരസ്പരം കാണുകയും ആശംസകൾ കൈമാറുകയും ചെയ്യുകയെന്നതായിരുന്നു ഞങ്ങളുടെ പതിവ്. എന്റെ എഴുപത്തിയഞ്ചാം ജന്മദിനവും എൺപതാം ജന്മദിനവും ആഘോഷിച്ചപ്പോൾ വർമ്മാജിയെത്തി, എന്നെ പൊന്നാടയണിയിച്ച് സുന്ദരമായൊരു പ്രസംഗവും നടത്തി.

ശതാഭിഷേകത്തിന്റെ നിറവിൽ നിൽക്കുന്ന വർമ്മാജിയെ കാണാനും നേരിട്ട് ആശംകൾ നേരാനും സാധിച്ചില്ല. നിലവിലുള്ള കോവിഡ് നിയമങ്ങൾ അതിന് അനുദിച്ചില്ല. ഫോണിൽ ആശംസകളറിയിക്കാനായി വിളിച്ചപ്പോഴും പതിവുപോലെ സ്‌നേഹാദരങ്ങളോടെയുള്ള സംസാരം, പതിവ് ചോദ്യങ്ങൾ തുടർന്നു.

വർമ്മാജി ഇന്നുവരെ ഒരു ആശുപത്രിയിലും കയറിയിട്ടില്ല. ഞങ്ങൾ പലപ്പോഴായി അദ്ദേഹത്തെ നിർബന്ധിച്ചിട്ടുണ്ട്. ഒരു മെഡിക്കൽ ചെക്കപ്പ് നടത്തണം, പ്രായമായിവരികയല്ലേ,  എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ നമുക്കത് കണ്ടെത്താമല്ലോ.  അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ ഇതൊക്കെ പറയുന്നതെന്ന് അദ്ദേഹത്തിനറിയാം. എന്നാൽ ”ഞാൻ സമ്പൂർണ ആരോഗ്യവാനാണ്, മെഡിക്കൽ ചെക്കപ്പ് നടത്താൻ പോയാൽ അവരെന്നെ രോഗിയാക്കിമാറ്റും” ഇതൊക്കെയാണ് വർമ്മാജിയുടെ സ്ഥിരം പ്രതികരണം.

അഡ്വ പി എസ് നായരുടെ ജീവിതവും ജബൽപൂരും ഒക്കെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബൃഹത് ഗ്രന്ഥം എഴുതാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. അതിതുവരെയും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. അതു സാധ്യമാവും എന്നു തന്നെയാണ് എന്റെ ആത്മാർത്ഥമായ വിശ്വാസം. ശതാഭിഷേകം പിന്നിട്ടെങ്കിലും വർമ്മാജി ഇന്നും ആരോഗ്യവാനാണ് തുടർന്നും എഴുത്തും പ്രഭാഷണവും സാംസ്‌കാരിക പ്രവർത്തനവുമായി മുന്നോട്ടുപോവാനുള്ള ഊർജ്ജം അദ്ദേഹത്തിനുണ്ടാവട്ടേയെന്ന് ആശംസിക്കുന്നു. അതിന് സർവ്വേശ്വരൻ എല്ലാ വിധ അനുഗ്രഹവും നേ  



________________________________________________________


 ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്,
പീപ്പിൾ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ( പി സി എസ് ജെ) ആംഡ് ഫോഴ്‌സ് ട്രൈബ്യൂണൽ അസോസിയേഷൻ പ്രസിഡന്റ് ,  നോട്ടറി അസോസിയേഷൻ പ്രസിഡന്റ്  തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയും സ്ഥാപകാംഗവുമാണ് ലേഖകൻ)

ഫോൺ: 9387172823
nairandnair@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here