സാക്ഷര കേരളം അഭിമാന പൂരിതം
സംസ്‌ക്കാര സമ്പന്നര്‍ വിദ്യാമഹത്തുക്കള്‍
അന്യന്റെ അദ്ധ്വാനമൂറ്റികുടിപ്പവര്‍
പകല്‍മാന്യരായി വിരാജിച്ചു നില്‍പ്പവര്‍
 
പ്രണയമില്ലാതുള്ള പ്രണയത്തിനായി
കോടികള്‍തീറായ് കൊടുത്തിടേണം
പ്രണയാംശമില്ലാതെ ഭോഗിച്ചിടുന്നൊരു
മനുജനെപോലൊരു നീചനില്ല
 
ഇനിയുള്ളയാത്രയില്‍ അതിജീവനത്തിന്റെ
സമരമുറപാതകള്‍ വെട്ടിത്തെളിക്കണം
തളരുന്നപ്രാണനു താങ്ങായി നില്‍ക്കുവാന്‍
നിന്‍ നിഴല്‍ മാത്രമാണെന്നും അറിയണം
 
ഇനിയുമീ ധാത്രിയില്‍ പിറക്കാതിരിക്കട്ടെ
വിഭലാം മോഹങ്ങള്‍ പെണ്‍മൊട്ടുകള്‍
ഇനിയുമീധാത്രിയില്‍ കേള്‍ക്കാതിരിക്കട്ടെ
ദീര്‍ഘനിശ്വാസത്തിന്‍ മൗനരാഗം
 
ഇനിയെന്റെ മൂകമാം തമ്പുരുതന്ത്രിയില്‍
രാഗങ്ങളൊന്നും പിറക്കാതിരിക്കട്ടെ
ഇനിയെന്റെ വിഭ്രമ ചിന്തതന്നഗ്നിയില്‍
ചിറകുരുകി വീഴട്ടെ മാനിഷാദ
 
അമ്പേറ്റുപിടയുന്ന പാതിതന്‍ നൊമ്പരം
പതംഗത്തിനുള്ളിലെ സങ്കടക്കടലായി
കിരാതന്റെ ചിന്തകള്‍ മാറ്റി മറിച്ചതും
മാമുനി ദര്‍ശിച്ച പ്രണയനഷ്ടം
 
ആദിമ നരനിന്നാധുനികനായിട്ടും
കാട്ടാള ചിന്തകള്‍ മാറിയില്ല
തൂക്കുന്നളക്കുന്നു വില്‍ക്കുന്നു വാങ്ങുന്നു
പ്രണയാര്‍ദ്രചിന്തകള്‍ ഏതുമില്ല
 
മരണങ്ങളെത്രനാം കേട്ടൂതഴമ്പിച്ചു
സ്വത്തിനും പൊന്നിനുംവേണ്ടി മാത്രം
ബന്ധന കൂട്ടിലായ് ഉഴറുന്ന പെണ്ണുടല്‍
ഇനിയുമീ വാതിലിന്‍ മറവിലുണ്ട്
 
പട്ടിലും പൊന്നിലും മൂടിയ പൂവുടല്‍
വെള്ള പുതച്ചിന്നു ചിതയിലായെരിയുന്നു
ദിക്കുകള്‍ പൊട്ടുന്ന അലമുറകളിന്നാകെ
അധികാര ചെങ്കോലില്‍ വിറങ്ങലിച്ചു
 
ഒരുമനവുമൊരുമുടലുമറിയാത്ത രാവുകളില്‍
അവളാരെയൊക്കെ ശപിച്ചിരിക്കാം
അഭിമാന മുത്തുകള്‍ പൊട്ടിയാ കണ്ണകി
അപമാനചൂടില്‍ വെന്തിരിക്കാം
 
നിലാവിന്റെ ശോഭയും ഉഗ്രവെയില്‍ നാളവും
പൂവിന്റെ കാന്തിയും നിന്‍ കണ്ണില്‍ കാണണം
ധരണിയില്‍ ശിശുവായ് പിറന്നെങ്കില്‍ മേലും
ഭൂമിതന്നവകാശി നീയുമെന്നറിയണം
 
കണ്ണുനീരൊക്കെയും തന്നെ തുടയ്ക്കണം
സ്വപ്നങ്ങളൊക്കെയും കണ്ണില്‍ വിടരേണം
മണ്ണില്‍ ചിവിട്ടി നീ മുന്നോട്ടു നീങ്ങണം
ദിക്കുകളിലൊക്കെയും മേന്‍മയായ് മാറണം
 
പുളിനത്തില്‍ മരുവും മരാളമായ് മാറണം
ഒരുമയോടൊരുകൂട്ടില്‍ ചിറകുരുമ്മി കൂടണം
വിണ്ണിലേ സ്വര്‍ഗ്ഗമീ മണ്ണില്‍ പണിയണം
ധനമതിനാകുമോ നേടിത്തരാന്‍
 
ഇനിയുമെന്‍ തൂലികയില്‍ പൊട്ടിവിടരട്ടെ
നിന്‍ചുണ്ടില്‍ വിടരുന്ന മന്ദഹാസം
ഇനിയുമെന്‍ പ്രഞ്ജ വിളിച്ചോതിടട്ടെ
ദുരതിങ്ങും മനസ്സുകള്‍ക്കു മാനിഷാദ
 
— നിഷ ഏലിസബത്ത്
 

LEAVE A REPLY

Please enter your comment!
Please enter your name here