മഞ്ജുള ശിവദാസ്‌ റിയാദ്

വിഭിന്ന സംസ്കൃതിയുള്‍ക്കൊള്ളുന്നവര്‍

വിശുദ്ധിയോടെ വസിച്ചീടുന്നിട-

മശുദ്ധമാക്കും കളകള്‍ക്കെതിരേ

തൂലിക നമ്മളെടുത്തീടും.

ഒരിക്കലുള്ളൊരു മരണമതെന്നും

പ്രതീക്ഷ വച്ചു നടക്കുമ്പോള്‍,

ഭയപ്പെടില്ലൊരുനാളും നമ്മള്‍

വാള്‍മുനവന്നു പതിക്കുകിലും.

അരിഞ്ഞുതള്ളും ശിരസ്സുകളോരോ-

ന്നുയിര്‍ത്തെണീക്കുമൊരായിരമായ്,

പക്ഷം ചേരാത്തക്ഷരമെയ്തു തളക്കും

നന്മകള്‍ വിളയിക്കും.

വിശാല മനസ്സിന്‍ വീക്ഷണമല്‍പ്പം

വിഷമം സൃഷ്ടിച്ചീടുകിലും,

ആശയമാണിവിടായുധമതിനെ

തിരാശയമെയ്തു തടുത്തീടൂ.

തൂലികകൊണ്ടു വിരോധം തീര്‍ക്കാന്‍

തുനിഞ്ഞിറങ്ങിയതല്ല,നമ്മുടെ

കാഴ്ച്ചപ്പാടുകള്‍ കച്ചവടത്തിനു

തെരുവിലിറക്കുകയില്ല.

പരതന്ത്രതയുടെ വിലങ്ങു ഭേദി-

ച്ചനീതിതന്‍ വേരറുത്തിടാന്‍,

നേരിനെ നേരായ് മാത്രമുരക്കും

സത്യത്തിന്‍ സഹയാത്രികര്‍ നാം.

LEAVE A REPLY

Please enter your comment!
Please enter your name here