ഫ്രാൻസിസ് തടത്തിൽ 
 
കോവിഡ് മഹാമാരിയുടെ ബന്ധനങ്ങൾക്ക് താൽക്കാലിക അവധി നൽകിക്കൊണ്ട് ലോകമെങ്ങുമുള്ളവർ പ്രണയദിനത്തിന്റെ സ്വാതന്ത്ര്യ ദിനമാഘോഷിക്കുകയായിരുന്നു ഇന്നലെ. കമിതാക്കൾക്ക് മാത്രമല്ല അബാലവൃദ്ധജനങ്ങൾ വരെ പ്രണയാനുഭൂതിയുടെ അനുഭവങ്ങൾ നുകരുന്ന ഒരു ദിനമായി  വാലന്റൈൻസ് ഡേ മാറിക്കഴിഞ്ഞിട്ടു കാലങ്ങൾ ആയി. കോവിഡ് മഹാമാരിയുടെ ഭീതി ലോകമെങ്ങും നിലനിൽക്കുമ്പോഴും ന്യൂയോർക്ക് നഗരമുൾപ്പെടെ ലോകത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഇന്നലെ പ്രണയജോഡികളെക്കൊണ്ട് നിറഞ്ഞ കാഴ്ചയായിരുന്നു. പ്രണയദിനത്തിലെ മാർക്കറ്റും നല്ല ഉണർവിൽ തന്നെയായിരുന്നു. ഇക്കുറി കുരിയർ സർവീസുകൾ വഴിയായിരുന്നു കമിതാക്കൾ കൂടുതലായും സമ്മാനങ്ങൾ കൈമാറിയത്.
 
പാശ്ചാത്യലോകത്തിന്റെ മാത്രം ആഘോഷമായിരുന്ന വാലന്റൈൻസ് ഡേ ഇന്ന് ആർഷ ഭാരത സംസ്ക്കാരമുണരുന്ന ഭാരതത്തിന്റെ മുഖ്യാഘോഷങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. പ്രണയത്തിനു കണ്ണില്ല, അതിർ വരമ്പുകളില്ല, പ്രതിബന്ധങ്ങളില്ല, പ്രായഭേദങ്ങളില്ല  എന്നൊക്കെയുള്ള പൈങ്കിളി പ്രയോഗങ്ങൾ എത്ര ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വാലന്റൈൻസ് ദിനാഘോഷങ്ങൾ സൂചിപ്പിക്കുന്നത്. 
എന്താണ് വാലന്റൈൻസ് ദിനം?  പ്രണയിതാക്കളുടെ സ്വതന്ത്രമായ ഒരു ദിവസം മാത്രമായി നാം കാണുന്ന ഈ ദിനത്തിന് ഒരു ചരിത്രമുണ്ടാകുമല്ലോ. ചില കോർപ്പറേറ്റ് കുത്തക ബിസിനസ് സ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി നടത്തുന്ന പരസ്യ വിപണിയുടെ ആധിക്യം മൂലം പലപ്പോഴും യഥാർത്ഥ വാലന്റൈൻസ് ദിനത്തിന്റെ അന്തസത്തപോലും ഇല്ലാതാകുന്ന  കാഴ്ചകൾ നാം കാണാറുണ്ട്. 
ഈ പ്രണയദിനത്തിൽ എന്തെങ്കിലും ഒന്നു കുറിയ്ക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഡാളസിലുള്ള പ്രിയ സുഹൃത്ത്  അനശ്വർ മാമ്പിള്ളി ഒരു വീഡിയോ അയച്ചു തരുന്നത്. വാലന്റൈൻസിന്റെ ചരിത്രത്തിലൂടെ ഒരു ലഘുയാത്ര നടത്താം എന്ന് കരുതുമ്പോൾ അനശ്വർ അയച്ച വീഡിയോ കണ്ടപ്പോൾ  അതിശയം തോന്നി. എഴുതാനിരുന്ന കാര്യങ്ങൾ ഒരു ലഘു നാടകത്തിലൂടെ അദ്ദേഹമുൾപ്പെടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിലെ ഭരതകല എന്ന നാടക ട്രൂപ്പ് അതിമോനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അതിനപ്പുറം മറ്റൊന്നും എഴുതാനില്ലെന്നു കണ്ടതിനാൽ ആ വീഡോയോ ഈ കുറുപ്പിനൊപ്പം നൽകുന്നു. എങ്കിലും വാലന്റൈൻസ് ദിനത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെ കടന്നു പോകേണ്ടത് അനിവാര്യമായതിനാൽ ചില ചരിത്ര സത്യങ്ങൾ കുറിക്കട്ടെ.
വാലന്റൈൻസ് ദിനത്തിന് പിന്നിലെ യഥാർത്ഥ ചരിത്രം പലർക്കുമറിയില്ല.  റോമാ സാമ്രാജ്യത്തിന്റെ അധിപനും ക്രൂരനുമായിരുന്ന കാളോടിയോസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് ജീവിച്ച് രക്തസാക്ഷ്യം വരിച്ച ഒരു വിശുദ്ധനായ പുരോഹിതനയാരുന്ന സെയിന്റ് വാലന്റൈൻസിന്റെ ഓർമ്മക്കായിട്ടാണ് ലോകം വാലന്റൈൻസ് ദിനം ആചരിക്കുന്നത്. 
 
 
പ്രേമത്തിന് ‘കണ്ണില്ല’ എന്ന് ചരിത്രം തെളിയിച്ച ഒരു പ്രണയത്തിന്റെ കഥ പറയുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. അതേസമയം പരിപാവനമായ ദൈവസ്നേഹത്തിന്റെ കഥ പറയുന്നതാണ് വാലന്റൈൻസിന്റെ ജീവിതം.  അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹത്തെ അന്ധമായി പ്രണയിച്ച കാഴ്ചയില്ലാത്ത ഒരു യുവതിയുടെ കഥയും അദ്ദേഹത്തിന്റെ ജീവിതത്തോട് ചേർത്ത് വയ്ക്കുന്നുണ്ട്. 
 
ദൈവ നിഷേധിയായ ചക്രവർത്തിയുടെ അപ്രീതിക്ക് പാത്രമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കാരാഗൃഹത്തിൽ കഴിയുന്ന വാലന്റൈന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കാരാഗ്രഹത്തിന്റെ പാറവുകാരന്റെ അന്ധയായ മകൾ ജൂലിയയുടെ പ്രണയകഥയുടെ ഓർമ്മയാണ് പിന്നീട് ലോകം വാലന്റൈൻസ് ദിനമായി ആഘോഷിച്ചു തുടങ്ങിയത്. കാര്യഗ്രഹത്തിൽ കഴിയുന്ന വാലന്റൈൻ  ദൈവ സ്നേഹത്തിന്റെ അനന്തമായ മായാ കാഴ്ചകൾ തികഞ്ഞ ദൈവ വിശ്വാസിയായ ജൂലിയയുടെ അകക്കണ്ണുകളിലേക്ക് പകർന്നു നൽകി. 
 
താൻ വധ ശിക്ഷ കാത്തു കഴിയുകയാണെന്ന് വാലന്റൈൻനോ ജൂലിയയുടെ പിതാവോ അന്ധയായ ജൂലിയയെ  അറിയിച്ചിരുന്നില്ല. തന്റെ വധശിക്ഷയ്ക്ക് തലേന്നാൾ വാലന്റൈൻ ജൂലിയയോട് പറഞ്ഞു. “നാളെ നിന്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട കാര്യം നടക്കാൻ പോകുന്നു.” പിറ്റേന്ന് വധിക്കപ്പെട്ട വാലന്റൈൻ തന്റെ ജീവൻ ബലിയായി നൽകും മുൻപ് അവൾക്ക് കാഴ്ചശക്തി നൽകണമെന്ന് പ്രാര്ഥിക്കുകയായിരുന്നു. അങ്ങനെ വാലന്റൈന്റെ കണ്ണുകൾ അടഞ്ഞപ്പോൾ ജൂലിയയുടെ കണ്ണുകളിൽ വെളിച്ചം പകർന്നു.
 
 തനിക്ക് കാഴ്ച ലഭിച്ച വിവരം താൻ അന്ധമായി പ്രണയിച്ച വാലന്റൈൻനെ അറിയിക്കാൻ കാരാഗൃഹത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം വധിക്കപ്പെട്ട വിവരം ജൂലിയ അറിയുന്നത്. തന്റെ പ്രാണ നാഥനെയോർത്ത് കണ്ണീർ ഒഴുക്കിയ ജൂലിയ അദ്ദേഹത്തിന്റെ ഒരാൾക്കായി അദ്ദേഹത്തെ അടക്കം ചെയ്ത കല്ലറയിൽ എല്ലാ ദിവസവും ചുവന്ന പുഷ്പ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കല്ലറയ്ക്കു ചുറ്റും അവൾ വച്ചുപിടിപ്പിച്ച പൂച്ചെടികളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ചുവന്ന മോനോഹരമായ പൂക്കൾ വിരിഞ്ഞു. അവളുടെ പരിശുദ്ധമായ പ്രണയത്തിന്റെ മറക്കാത്ത ഓർമ്മകൾ ആണ് പിന്നീട് ലോകം മുഴുവനും പ്രണയദിനമായി ഏറ്റെടുത്ത്.
 
ഭരതകലയുടെ ലഘുനാടകം പ്രണയാർദ്രത്തെക്കുറിച്ച് 
 
ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ – പ്രണായാർദ്രം
അവതരിപ്പിക്കുന്നത് അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്‌സ് ഒരു ലഘു നാടക രൂപത്തിൽ
 
പ്രാചീന റോമിൽ ക്രൂരനായ കളോടിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസ് എന്ന ക്രിസ്തീയ പുരോഹിതന്റേയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം. 
 
പ്രണയാർദ്രത്തിന്റെ  തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ്‌ ജയ് മോഹൻ , കലാ സംവിധാനം അനശ്വർ മാമ്പിള്ളി , ഛായാഗ്രഹണം  ബോബി റെറ്റിന ,നെബു കുര്യാക്കോസ് പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ.
 
 അഭിനയിച്ചിരിക്കുന്നവർ ഐറിൻ കല്ലൂർ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, ജയ്സൻ ആലപ്പാടൻ, അനുരഞ്ജ് ജോസഫ് ,ടോണി ഡാളസ് എന്നിവരുമാണ്. 

6 COMMENTS

  1. One of the best articles regarding Valentines day in Malayalam web portals I read yesterday. The play was wonderful. I congratulate the editor for putting the video with full quality. Great report Mr. Francis Thadathil

  2. What a fabulous play. Thanks to the Bharathakala team. The play looks very much professional.
    Was it casted in US? Scripting , the properties used in the stage and the acting of the entire crew was awesome

  3. പ്രണയത്തെക്കുറിച്ച് കാലോചിതമായ അതിമനോഹരമായ ആർട്ടിക്കിൾ. എഴുതിയ ലേഖകനും നാടകം അവതരിപ്പിച്ച ഭരതകല തീയറ്റേഴ്സിനും അഭിനന്ദനങൾ! വിഡിയോ ചിത്രീകരണവും ഗംഭീരമായിട്ടുണ്ട്. വർത്തയ്‌ക്കൊപ്പം വീഡിയോ മുഴുവനായി നൽകിയത് വളരെ നന്നായിട്ടുണ്ട്. കേരളത്തിൽ ഏതെങ്കിലും വെബ് പോർട്ടലുകളിൽ ഇത്രയും ദൈർഘ്യമുള്ള വീഡിയോ നൽകിയത് കണ്ടിട്ടില്ല.ഒരിക്കൽ കൂടി കേരള ടൈംസിന് അഭിനന്ദനങ്ങൾ !

Leave a Reply to Rakesh vishnu , Calicut Cancel reply

Please enter your comment!
Please enter your name here