ഫ്രാൻസിസ് തടത്തിൽ 
 
വാഷിംഗ്‌ടൺ ഡി.സി: കോവിഡ് മഹാമാരിയെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായ അമേരിക്കൻ ജനതയ്ക്ക് നൽകുന്ന മൂന്നാമത്തെ സാമ്പത്തിക ഉത്തേജക പദ്ധതി പ്രകാരമുള്ള  സ്റ്റിമുലസ്  ചെക്കുകൾ ഇന്നും നാളെയുമായി യോഗ്യതയുള്ള നികുതിദാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട 1.9 ട്രില്യന്‍ ഡോളറിന്റെ കൊറോണ വൈറസ് റിലീഫ് ബില്ലിൽ നിരവധി ആനുകൂല്യങ്ങളാണ് നികുതിദായകർക്ക് ലഭ്യമാകുക. ( സ്റ്റിമുലസ് ചെക്കുകൾ ലഭ്യമാക്കുന്നതിനുള്ള യോഗ്യത, സ്റ്റിമുലസ് പാക്കേജിലെ മറ്റു വിവരങ്ങൾ, ഈ വർഷത്തെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള ടിപ്പുകൾ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഫ്ലോറിഡയിലെ പ്രമുഖ ടാക്സ് പ്രാക്ടീഷണറും ഫൊക്കാന ഫ്ലോറിഡ റീജിയണൽ ആർ.വി.പി യുമായ കിഷോർ പീറ്ററുമായി കേരള ടൈംസ് ചാനൽ നടത്തിയ അഭിമുഖം കാണുക.)
 
 

കഴിഞ്ഞ രണ്ടു തവണത്തെ സ്റ്റിമുലസ് പാക്കേജിൽ വ്യക്തിഗത ഫയലിംഗ് നടത്തിയവർക്ക് 75,000 മുതൽ 100,000 വരെയും ഫാമിലിക്ക് 150,000 മുതൽ 200,000 വരെയുള്ളവർക്ക് ചെറിയ തുകയുടെ അനുകൂല്യമെങ്കിലും ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ വ്യ്കതികൾക്ക് 75,000 മുതൽ 80,000 വരെയും ഫാമിലിക്ക് 150,000 മുതൽ 160,000 വരെയുമായിരിക്കും ലഭിക്കുക. ആദ്യ സ്റ്റിമുലസിൽ 17 വയസു വരെയുള്ള കുട്ടികൾക്ക് 600 ഡോളറും രണ്ടാമത്തെ സ്റ്റിമുലസിൽ 500 ഡോളറുമായിരുന്നു. എന്നാൽ ഇത്തവണ നവജാത ശിശുക്കൾ മുതൽ പ്രായമായ ആശ്രിതർക്കു വരെ എല്ലാവർക്കും 1400 ഡോളർ വരെ ലഭിക്കും. ജോലി ചെയ്യാത്ത 17 വയസിനു മുകളിൽ എത്ര വയസുള്ള കുട്ടികളെയും ആശ്രിതരായി ഫാമിലിക്ക് ഫയൽ ചെയ്യാം. കോളേജിൽ പഠിക്കുന്ന കുട്ടികൾ വരുമാനം ഇല്ലെങ്കിലും വ്യക്തിപരമായി ടാക്സ് ഫയൽ ചെയ്താൽ 1400 ഡോളർ ലഭിക്കും. എന്നാൽ ഈ കുട്ടികൾ മാതാപിതാക്കളുടെ ഡിപെൻഡന്റ് ആയി ഫയൽ ചെയ്തില്ലെങ്കിൽ  അമേരിക്കൻ ഓപ്പർച്യുണിറ്റി എഡ്യുക്കേഷണൽ ക്രെഡിറ്റ് നഷ്ടമാകുമെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.

 
 
കുട്ടികൾ ഉൾപ്പെടെ എല്ലവർക്കും 1400 ഡോളർ 
 
സ്റ്റിമുലസ് പദ്ധതി പ്രകാരം അർഹരായ കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ നികുതിദായകർക്കും (ടാക്സ് പെയർമാർക്കും) 1400 ഡോളർ വീതം തുക അവരവരുടെ ബാങ്കുകളിൽ നിക്ഷേപിക്കും. ഐ ആർ എസിന്റെ പക്കൽ ബാങ്ക് അക്കൗണ്ടു വിവരങ്ങൾ ഇല്ലാത്തവർക്ക് ഒരാഴ്ചയ്ക്കകം ചെക്കുകൾ അവരവരുടെ വീടുകളിൽ പോസ്റ്റൽ ആയി ലഭിക്കും.   
 
 
യോഗ്യത 2020 ടാക്സ് റിട്ടേർണിന്റെ അടിസ്ഥാനത്തിൽ 
 
2020 ടാക്സ് റിട്ടേർണിന്റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റീമില്ലസ് ചെക്കിനുള്ള യോഗ്യത കല്പിക്കുക. വക്തിഗതമായി (സിംഗിൾ) ടാക്സ് റിട്ടേൺ സമർപ്പിച്ച 75,000 ഡോളര്‍ വരെയും ഫാമിലിയായി ടാക്സ് റിട്ടേൺ സമർപ്പിച്ച 150,000 വരെയും അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം ( ടാക്സുകളും മറ്റു ഇളവുകളും കിഴിച്ചുള്ള വരുമാനം) ഉള്ളവർക്കാണ്  1400 ഡോളര്‍ സ്റ്റിമുലസ് ചെക്ക് കിട്ടും. വ്യക്തികൾക്ക് 75,000 മുതൽ 80,000 വരെ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം ഉള്ളവർക്ക് ആനുപാതികമായി കുറഞ്ഞ തുക ലഭിക്കും. വ്യക്തികൾക്ക് 80,000 നും ഫാമിലിക്ക് 160,000 നും മുകളിൽ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം ഉള്ളവർക്ക് ആനുകൂല്യം ലഭിക്കുകയില്ല.
 
ടാക്സ് ഫയൽ ചെയ്യാത്തവർക്ക് കഴിഞ്ഞ വർഷത്തെ ടാക്സ് റിട്ടേൺ യോഗ്യത 
 
ഈ വർഷം (2020) ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക്ക് കഴിഞ്ഞ വർഷത്തെ (2019) ലെ ടാക്സ് റിട്ടേൺ അടിസ്ഥാനത്തിലായിരിക്കും സ്റ്റിമുലസ് ചെക്കിനുള്ള യോഗ്യത കണക്കാക്കുക. അതേ സമയം 2019 ൽ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം 160,000 കൂടുതൽ ഉള്ളവർക്ക് 2020 ലെ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം കുറവാണെങ്കിൽ ഈ വര്‍ഷം  ടാക്സ് റിട്ടേൺ ഫയൽ ചെയ്തു കഴിയുന്ന മുറയ്ക്ക് ബാക്കിയുള്ള തുക ആർ.എസിൽ നിന്ന് ബാങ്കിലേക്ക് ഡയറക്റ്റ് ഡിപ്പോസിറ്റ്  ചെയ്യുകയോ ചെക്ക് അയച്ചുതരികയോ ചെയ്യുന്നതായിരിക്കും.
 
 ഈ വർഷം ഇതു വരെ  ടാക്സ് ഫയൽ ചെയ്യാത്തവർക്ക് കഴിഞ്ഞ വർഷത്തെ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകത്തിന്റെ അടിസ്ഥാനത്തിൽ വരുമാനം കൂടി പോയതിനാൽ ആനുപാതികമായി കുറഞ്ഞ തുകയുടെ ചെക്ക് ആണ് ലഭിക്കുന്നതെങ്കിൽ, അവരുടെ 2020 ലെ ടാക്സ് റിട്ടേണിൽ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം മുൻ വർഷത്തേക്കാൾ കുറവാണെങ്കിൽ ടാക്സ് ഫയൽ ചെയ്തു കഴിയുമ്പോൾ അർഹതയുള്ള ബാക്കി  മുഴുവൻ തുകയും ഐ ആർ എസ് ബാങ്കിൽ നിക്ഷേപിക്കുകയോ ചെക്ക് അയച്ചു തരികയോ ചെയ്യും. 2020 ലാണ് 2019 ളേക്കാൾ കൂടുതൽ അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം ഉള്ളതെങ്കിൽ കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയ വർഷത്തെ റിട്ടേൺ പ്രകരമായിരിക്കും സ്റ്റിമുലസ് ചെക്കിന് യോഗ്യത കൽപ്പിക്കുക. 
 
ആദ്യ സ്റ്റിമുലസിൽ കുറഞ്ഞ ചെക്ക് കിട്ടിവർക്ക് റീഫണ്ട് 
 
2020ൽ രണ്ട് സ്റ്റിമുലസ് ചെക്കുകൾ ആണ് നികുതിദായകർക്ക് ലഭിച്ചത്. എന്നാൽ 2019 ൽ  അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം കൂടിപോയതിനാൽ ചെക്ക് കിട്ടാത്തവർക്ക് ഈ വർഷം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ 2020 ലെ  അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം കുറവാണെങ്കിൽ റീഫണ്ടിന്‌ അർഹതയുണ്ട്. അതുപോലെ 2019 ൽ വരുമാനം ഇല്ലാത്തതിനാൽ ആരെങ്കിലും ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ഈ വർഷം നോ ഇൻകം കാണിച്ചു കൊണ്ട് ഫയൽ ചെയ്താൽ അവർക്കും മുഴുവൻ തുകയ്ക്കും റീഫണ്ടിനു അർഹതയുണ്ട്. മേൽ പറഞ്ഞ രണ്ടു വിഭാഗത്തിൽ പെട്ടവരും ടാക്സ് ഫയൽ ചെയ്യുമ്പോൾ പുതിയ ടാക്സ് ഫോമിലെ  ലൈൻ നമ്പർ 30ൽ റീഫണ്ട്  തുകയ്ക്കുള്ള രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന്: സ്റ്റിമുലസ് ചെക്ക് 1 രണ്ട്: സ്റ്റിമുലസ് ചെക്ക് 2. ഇക്കാര്യം നിങ്ങളുടെ ടാക്സ് പ്രാക്ടീഷണര്മാരെ മറക്കാതെ ഓർമ്മിപ്പിക്കുക.
 
ആശ്രിതർക്കും ചെക്ക് ലഭിക്കും 
 
ഇത്തവണത്തെ സ്റ്റിമുലസ് ചെക്കിന് നികുതിദായകരുടെ ആശ്രിതരായ കോളജ് വിദ്യാര്‍ഥികള്‍ക്കും  പ്രായമുള്ള ആശ്രിതർക്കും തുക ലഭിക്കും. പക്ഷെ അത് ടാക്‌സ് ഫയല്‍ ചെയ്യുന്നത് ആരുടെ പേരിലാണോ അയാള്‍ക്കാണു ലഭിക്കുക. കഴിഞ്ഞ വരഷത്തെ (2019) ടാക്‌സ് കുറവായതിനാല്‍ തുക ലഭിച്ചവർ ഈ വര്‍ഷം (2020) ടാക്‌സ് കൂടുതലായെന്നുകരുതി കിട്ടിയ തുക മടക്കി നൽകേണ്ടതില്ല.


തൊഴിലില്ലായ്മ (അൺ എംപ്ലോയ്‌മെന്റ് ) വേതനം 


തൊഴിലില്ലായ്മ (അൺ എംപ്ലോയ്‌മെന്റ് ) വേതനം  25 ആഴ്ചത്തെക്ക് വരെ നീട്ടി  സെപറ്റബര്‍ 6 വരെ ആക്കി. സംസ്ഥാനങ്ങൾ നൽകുന്ന തൊഴിലില്ലായ്മാ വേതനത്തിനു പുറമെ  ഫെഡറല്‍ സഹായമായി ഇനി മുതൽ ആഴ്ചയില്‍ 300 ഡോളര്‍ ആയിരിക്കും അധികമായി ലഭിക്കുക. ആദ്യം അത് 600 ഡോളർ വീതവും പിന്നീട് 400 ഡോളർ വീതവുമായിരുന്നു. തൊഴിലില്ലായ്മ ആനുകൂല്യത്തിനു ഈ വര്‍ഷം മാത്രം 10,200 ഡോളര്‍ വരെ ടാക്‌സ് ഒഴിവാക്കിയിട്ടുണ്ട്. ഇത് 150,000 ഡോളര്‍ വരുമാനം വരെയുള്ളവര്‍ക്കാണ് ബാധകം.


 ഇൻഷൂറൻസ് 


കമ്പനി നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് ‘കൊബ്ര’ പ്രോഗ്രാം വഴി അതു ലഭിക്കും. ഇതിനു നേരത്തെ നൽകേണ്ടിയിരുന്ന കൂടുതല്‍ തുക ഒഴിവാക്കി. ഇതിനായി  ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള  പ്രീമിയം സര്‍ക്കാര്‍ അടക്കും. ജോലി പോയവര്‍ക്കാണു ഇതു കിട്ടുക. രാജി വച്ചവര്‍ക്ക് കിട്ടില്ല. അതു പോലെ വേറെ ജോലി കിട്ടുമ്പോള്‍ ഈ ആനുകൂല്യം നിലക്കും.ഗവണ്മെന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ ഹെല്ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് പ്രീമിയം തുക കുറക്കും. മൊത്ത വരുമാനത്തിന്റെ 8.5 ശതമാനത്തില്‍ കൂടുതല്‍ ആവില്ല അത്. 2022 അവസാനം വരെ ഇത് തുടരും. മെയ് 15 വരെ ഹെല്ത്ത് ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ ചേരാം. അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് അവിടേക്ക് ട്രാൻസ്ഫർ ചെയ്യാം.
 
സ്റ്റുഡന്റ് ലോൺ 

സ്റ്റുഡന്റ് ലോണ്‍ സര്‍ക്കാര്‍ എഴുതി തള്ളുകയോ റദ്ദാക്കുകയോ ചെയ്താല്‍ അതിനു ആദായ നികുതി കൊടുക്കണ്ട. പ്രസിഡന്റ് 10,000 ഡോളര്‍ എഴുതിത്തള്ളിയാലും അതിനും ടാക്‌സ് കൊടുക്കണ്ട. ഇത് 2025 വരെ തുടരും


കുട്ടികളുടെ ആനുകൂല്യം 

കുട്ടികള്‍ക്ക് ആനുകൂല്യം. ആറു വയസു വരെയുള്ള കുട്ടികള്‍ക്ക് 3600 ഡോളറും 6 മുതല്‍ 17 വരെയുള്ളവര്‍ക്ക് 3000 ഡോളറും ടാക്‌സ് ക്രെഡിറ്റ് കിട്ടും. ഇത് പ്രതിമാസം ജുലൈ മുതല്‍ കിട്ടും. ദമ്പതികള്‍ക്ക് 60,000 വരെ വരുമാനുള്ളവരുടെ കുട്ടികള്‍ക്കാണ് ഈ തുക കിട്ടുക. ഒരു വ്യക്തി ആണെങ്കില്‍ 40,000 വരെ. വരുമാനമില്ലാത്തവര്‍ക്കും കിട്ടും. ഈ വര്‍ഷത്തേക്കാണ് ഈ പ്രോഗ്രാം.
 
ചാരിറ്റി 
 
ഈ വർഷം മുതൽ ചാരിറ്റിക്കായി നൽകിയിരിക്കുന്ന 300 ഡോളർ വരെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിക്കുന്നതാണ്. 
 
401K ലോൺ 
 
കോവിഡ് കാലത്ത് 401k പോലുള്ള പെൻഷൻ ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ നിര്ബന്ധിതരായവർക്ക് അതിന്റെ നികുതി പണം മൂന്ന് തുല്യ തവണകളായി അടുത്ത മൂന്നു വർഷത്തെ  വരുമാനത്തിൽ കാണിച്ച് തിരിച്ചടച്ചാൽ മതിയാകുമെന്ന ഒരു വ്യവസ്ഥ പുതിയ നികുതി പരിഷ്ക്കരണ നിയമത്തിൽ കൊണ്ടുവന്നിട്ടിട്ടുണ്ട്. അതായത് ഒരുലക്ഷം ഡോളർ വരുമാനമുള്ള ഒരു വ്യക്തിയോ കുടുംബമോ 75,000  ഡോളർ പെൻഷൻ ഫണ്ടിൽ നിന്ന് എടുത്തിട്ടുണ്ടെങ്കിൽ അത് ഈ വർഷത്തെ വരുമാനത്തിനൊപ്പം ചേർക്കേണ്ടി വരുമായിരുന്നു. അതായത് അവരുടെ വരുമാനം പിൻവലിച്ച തുക ഉൾപ്പെടെ 175,000 ഡോളറിന്റെ നികുതി കൊടുക്കേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ നിയമവ്യവസ്ഥ പ്രകാരം അടുത്ത അടുത്ത മൂന്ന് വർഷം 25,000 ഡോളർ വീതം അതാത് വർഷത്തെ വരുമാനത്തോടൊപ്പം കൂട്ടിയാൽ മതിയാകും. അങ്ങനെ വരുമ്പോൾ ഈ വര്‍ഷത്തെ വരുമാനമായ $ 100,000 നൊപ്പം $ 25,000 ഡോളർ കൂടി ചേർത്ത് $125,000 ത്തിന്റെ നികുതിപണം നൽകിയാൽ മതിയാകും. ബാക്കി തുക അടുത്ത രണ്ടു വർഷത്തെ വരുമാനത്തിനൊപ്പം  തുല്യമായി ചേർത്ത് അതിനുള്ള നികുതി നൽകിയാൽ മതിയാകും. 75,000 ഡോളറിനുള്ള നികുതിപ്പണം അടച്ചില്ലെങ്കിൽ മുൻ നിയമ പ്രകാരം പ്രതിവർഷം 10 ശതമാനം പെനാൽറ്റി നൽകേണ്ടതും ഒഴിവാക്കിയിട്ടുണ്ട്. 
 

ചെക്ക് ലഭിക്കാത്തവർ ഈ ലിങ്ക് കാണുക :
 

LEAVE A REPLY

Please enter your comment!
Please enter your name here