ഫ്രാൻസിസ് തടത്തിൽ  
 

ന്യൂജേഴ്‌സി: ചെറുപ്പത്തിൽ വാടക വീട്ടു വളപ്പിലെ വാഴയ്ക്കും പപ്പായമരത്തിനുമൊക്കെ കുത്തിവയ്പ്പ് നടത്തിക്കളിച്ചിരുന്ന ലാൽ എന്ന കൊച്ചു കുട്ടിയിൽ പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന അച്ഛൻ പരേതനായ വി. സദാശിവനും  അമ്മ കെ.ശ്രീമതിയും ഒരുപാടു സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ സാമൂഹ്യപ്രവർത്തനങ്ങളും പ്രത്യേകിച്ച് അച്ഛന്റെ പൊതുപ്രവർത്തങ്ങളും രാഷ്ട്രീയ പ്രവർത്തങ്ങളുമൊക്ക ആ വഴിക്കും നീങ്ങുവാനുള്ള പ്രചോദനമേകി. എൻ.ജി.ഒ യൂണിയൻ, ഗസറ്റഡ് ഓഫീസേർഴ്സ് അസോസിഷൻ തുടങ്ങിയവയുടെ നേതൃനിലയിൽ പ്രവർത്തിച്ചിരുന്ന അച്ഛൻ പ്രസംഗിക്കുന്നത് കേട്ടുകൊണ്ട് വളർന്ന ഡോ.ലാലിനെ പ്രസംഗകലയിലും അച്ഛൻ ഏറെ സ്വാധീനിച്ചുവെന്നാണ്  അദ്ദേഹം പറയുന്നത്.

ഡോ. എസ്.എസ്. ലാൽ എന്നാൽ എല്ലാ അർത്ഥത്തിലും  അച്ഛന്റെയും അമ്മയുടെയും തനി പകർപ്പാണ്. എസ്.എസ്.ലാലിന്റെ മുഴുവൻ പേര് ശ്രീമതി സദാശിവൻ ലാൽ എന്നാണ്-  അതായത് അച്ഛൻ സദാശിവന്റയും അമ്മ ശ്രീമതിയുടെയും പേരുകൾക്കൊപ്പമാണ് ലാലിനു പേരിട്ടിരിക്കുന്നത്. ഒരു സാധരണ കർഷക കുടുംബത്തിൽ പിറന്ന ലാലിൻറെ പിതാവ് പഠിക്കാനുള്ള അതിയായ മോഹംകൊണ്ട് തിരുവന്തപുരം നഗരത്തിലേക്ക് ചേക്കേറിയതാണ്. അവിടെനിന്നും സ്വപ്രയത്നത്താൽ പഠിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ആയി. പിന്നീട് എൽ.എൽ.ബി.യും എൽഎൽ എമ്മും വരെ ഇവനിംഗ് കോളേജിൽ പഠിച്ച് ഹെൽത്ത് ഡിപ്പാർട്മെന്റിൽ തന്നെ ലീഗൽ അഡ്വസർ ആയി. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഹൈക്കോടതിയിൽ  അഭിഭാഷകനായും അച്ഛൻ സദാശിവൻ  പ്രാക്ടീസ് ചെയ്തിരുന്നു.


അച്ഛനെ മാതൃകയാക്കിയാണ് ഡോ. ലാലും ജീവിതത്തിലെ ഓരോ പടവുകളും കയറുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ കെ.എസ.യു. രാഷ്ട്രീയത്തിൽ പയറ്റിതെളിഞ്ഞെങ്കിലും പഠന മേഖലയിൽ അൽപ്പമൊന്നു പാളിപ്പോയി.  മാർക്ക് അൽപ്പം കുറഞ്ഞുപോയതിനാൽ മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. അതേതുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ ബി.എസ് സിക്കു ചേർന്നതും അവിടെ കെ.എസ് യു പാനലിൽ കോളേജ് യൂണിയൻ ചെയർമാൻ ആയതും ചരിത്രത്തിന്റെ കാവ്യനീതിയായി കരുതേണ്ടതാണ്. ചരിത്രം സൃഷ്ട്ടിച്ച യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനു ശേഷം തിരുവനതപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേർന്നു പഠിച്ചപ്പോഴും അവിടെയും കോളേജ് യൂണിയൻ ചെയർമാൻ ആകാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു.

 ആരോഗ്യമേഖലയിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ 1988ൽ  40 ദിവസവും 1990 ൽ 30 ദിവസവും നീണ്ടു നിന്ന പ്രക്ഷോഭ പരിപാടിക്ക്  വിദ്യാർത്ഥിയായിരിക്കെ ലാൽ നേതൃത്വം നൽകിയിരുന്നു. ഡിഗ്രി ഇല്ലാതെ (വ്യാജ ഡോക്ടർമാരെപ്പോലെ) കാലങ്ങളായി മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്ക് സർജറി ഉൾപ്പെടെ ഡോക്ടർമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നതിനു അനുമതി നൽകുന്ന തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നതിനെതിരെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തിയ സമരത്തിന് നേതൃത്വം നൽകിയത് ഒരു ചരിത്ര സംഭവമായിരുന്നു. 

 
ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരെപ്പോലെ ജോലി ചെയ്തിരുന്ന കമ്പോണ്ടർമാരുടെ സേവനം നിയമാനുസൃതമാക്കുക  എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിലെങ്കിലും അത് വ്യാജ ഡോക്ടർമാരെ സൃഷ്ട്ടിക്കുന്നതിനു കാരണമാകുമെന്ന യാഥാർഥ്യം മനസിലാക്കിയ സർക്കാർ  ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമം പിൻവലിച്ചെങ്കിലും  ലാലിനും പിതാവിനും ഒട്ടേറെ തിക്താനുഭവങ്ങൾ അന്നത്തെ ഇടതുമുന്നണി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി..

 വിദ്യാർത്ഥിയായിരിക്കെ കേരള യുണിവേഴ്സിറ്റിയുടെ സെനറ്റ് മെമ്പർ ആയി നിയമിക്കപ്പെട്ട ലാൽ കേരള മെഡിക്കോസ് അസോസിയേഷൻ സെക്രെട്ടറി (കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെയും സംഘടന), കേരള ഹൗസ് സർജൻസ് അസോസിഷൻ പ്രസിഡണ്ട്, കേരള ജൂനിയർ ഡോക്ടർസ് അസോസിഷൻ സ്ഥാപക പ്രസിഡണ്ട്, കോൺഫെർഡറേഷൻ ഓഫ്  മെഡിക്കോസ് ആൻഡ് ജൂനിയർ ഡോക്ടർസ് സ്ഥാപക ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിഷന്റെ (ഐ.എം.എ) ദേശീയ തലത്തിൽ വരെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

 ഏഷ്യാനെറ്റ് ചാനൽ ആരംഭിച്ച കാലം മുതൽ ‘പൾസ്’ എന്ന പേരിൽ ആരംഭിച്ച ആരോഗ്യമേഖലയിലെ ആദ്യത്തെ മലയാള ടെലിവിഷൻ പരമ്പര 500 എപ്പിസോഡുകൾ വരെ നീണ്ടു നിന്നിരുന്നു. മികച്ച എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. ലാൽ  രണ്ട് നോവലുകൾ , നിരവധി ചെറുകഥകൾ, മെഡിക്കൽ സംബന്ധമായ  15 ലധികം ലേഖനങ്ങൾ മെഡിക്കൽ ജേണലുകൾ പ്രസിദ്ധീകരിക്കുകയും വിവിധ ആരോഗ്യ മാസികകകളിലും ബ്ലോഗിലും  ആരോഗ്യ സംബന്ധമായ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മാസികയായ ഐ.എം.എ കേരളയുടെ  നമ്മുടെ ആരോഗ്യം എന്ന മാഗസിന്റെ എഡിറ്റർ ആയും സേവനം ചെയ്തിട്ടുണ്ട്.

ഡോക്ടർ ആയെങ്കിലും പൊതുജനരോഗ്യമായിരുന്നു ഡോ. എസ്.എസ്.ലാലിനു ഏറ്റവും പ്രിയപ്പെട്ട മേഖല. എൻ.ജി.ഒ, ആരോഗ്യവകുപ്പ്, റീസേർച്ച് പ്രോജക്റ്റുകൾ, ന്യൂറോ സർജറി, സർജറി, സൈക്യാട്രി, സബ് ജയിൽ മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡ്രഗ്ഗ്‌ ഡി- അഡിക്ഷൻ സെന്ററുകൾ തുടങ്ങിയ മേഖലകളിലെല്ലാം ജോലി ചെയ്തു. പബ്ലിക്ക് ഹെൽത്ത് പഠിക്കാതെ തന്നെ പല പൊതുജനാരോഗ്യ മേഖലകളിലും സേവനം ചെയ്യാൻ സാഹചര്യമുണ്ടായി.
 
ടോക്കിയോയിലെ അന്തർദേശീയ ക്ഷയരോഗ റിസർച്ച് ഇൻസ്ടിട്യൂട്ട്  ഉൾപ്പെടെ നിരവധി അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ലാൽ. തിരുവനന്തപുരത്തെ  ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് പബ്ലിക് ഹെൽത്തിൽ അഡ്ജങ്ക്റ്റ് പ്രോഫസറാണ്. ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിൻ, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ തുടങ്ങിയ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയൽ ചുമതലയും വഹിക്കുന്നു
 
 ആകാശവാണിയിൽ  ആരോഗ്യപരിപാടിക്ക് സ്ഥിരമായ ക്ഷണിതാവായിരുന്ന ഡോ ലാൽ നിരവധി ആരോഗ്യമാസികകൾ, പത്രങ്ങൾ എന്നിവയിൽ വിവിധ കാലഘട്ടങ്ങളിൽ കോളമിസ്റ്റ് ആയിരുന്നു.  മാതൃഭൂമി ആരോഗ്യമാസികയുടെ 1997 -ലെ ആദ്യ പതിപ്പുമുതൽ കോളമിസ്റ്റായിരുന്നു. മനോരമ പത്രത്തിൻറെ ഡൽഹി പതിപ്പിൽ 2004 മുതൽ നീണ്ടകാലം കോളമിസ്റ്റ് ആയിരുന്നു. 
 
ഐ.എം.എ. യുടെ ആരോഗ്യമാസികയായ ‘നമ്മുടെ ആരോഗ്യ’ത്തിന്റെ എഡിറ്ററായും കോളമിസ്റ്റായും നീണ്ടകാലം പ്രവർത്തിച്ചു. ഇപ്പോഴും മാസികയുടെ ഉപദേശകസമിതി അംഗമാണ്. കേരള കൗമുദി പത്രത്തിൽ ‘റൌണ്ട്സ് ‘ എന്ന കോളം കൈകാര്യം ചെയ്യുന്നു. മെഡിക്കൽ ജേർണലുകളിലും മറ്റാനുകാലിക ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും എഴുത്ത് തുടരുന്നു. നാനൂറിലധികം ശാസ്ത്ര ലേഖനങ്ങൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

 റോഡ് അപകടങ്ങളിൽ പരിക്കേറ്റ്‌ കിടക്കുന്നവർ അവിടെക്കിടന്ന് മരിച്ചു പോകുന്ന സാഹചര്യമായിരുന്നു. എന്നാൽ അക്കാലത്ത് പബ്ലിക്ക് ഹെൽത്ത് മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഇന്ത്യയിൽ സൗകര്യങ്ങളുണ്ടായിരുന്നില്ല. അതിനുള്ള ഇടപെടൽ എന്നതിനായി ടാക്സി ഡ്രൈവർമാരെ പോലീസിന്റെ സഹകരണത്തോടെ വരെ പ്രഥമ ശിശ്രൂഷകൾ ചെയ്യുന്നതിനുള്ള പരിശീലനം ബാച്ച് ബാച്ച് ആയി പരിശീലിപ്പിച്ചുകൊണ്ട് ഡോക്ടർ  -ടാക്സി സർവീസ് എന്ന പേരിൽ ഒരു പൊതുജന പ്രവർത്തനം ആരംഭിച്ചു. കൂടാതെ ഡിസ്‌പോർസബിൾ സിറിഞ്ച് ഉപയോഗം തുടങ്ങിയ കാലത്ത് അത് കഴുകി വീണ്ടും ഉപയോഗിക്കുന്ന പ്രവർത്തകൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുകയുമുണ്ടായി.

ഇങ്ങനെ പൊതുജനാരോഗ്യ മേഖലയിൽ പല പല ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കെയാണ് തിരുവന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ പബ്ലിക്ക്  ഹെൽത്ത് പഠിപ്പിക്കുന്ന  ഇന്ത്യയിലെ ആദ്യത്തെ പബ്ലിക്ക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. അച്യുതമേനോൻ സെന്റർ ഫോർ പബ്ലിക്ക് ഹെൽത്ത് എന്ന പേരിൽ ആരംഭിച്ച ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ചിൽ തന്നെ അഡ്മിഷൻ കിട്ടി. ഈ മേഖലയിൽ ഇന്ത്യയിൽ അധികം അധ്യാപകരില്ലാത്തതിനാൽ  അമേരിക്ക, ഇംഗ്ലണ്ട് ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്ന്  ഈ മേഖലയിൽ ലോകത്തിലെ  ഏറ്റവും മികച്ച  ഗസ്റ്റ് ലക്ച്ചറർമാർ തിരുവന്തപുരത്ത് വന്ന് താമസിപ്പിച്ച് പഠിപ്പിക്കുകയുണ്ടായി. പിന്നീട് നെതർലണ്ടിൽ നിന്ന്  പബ്ലിക്ക് ഹെൽത്തിൽ പി.എച്ച്.ഡി യും കരസ്ഥമാക്കിയ അദ്ദേഹം എം.ബി.എ യും നേടിയിരുന്നു.

 തന്റെ പ്രവർത്തനമേഖല പൊതുജനരോഗ്യരംഗത്തേക്ക് പൂർണമായും അദ്ദേഹം സമർപ്പിച്ചത് യുണൈറ്റഡ് നേഷന്റെ കീഴിലുള്ള ലോകാരോഗ്യ സംഘടന(ഡബ്ള്യു.എച്ച്. ഒ)യിലൂടെയാണ്. പബ്ലിക്ക് ഹെൽത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം ഡോക്ടർ ആയി സർക്കാർ മേഖലയിൽ  സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ഡോ. ലാലിനെത്തേടിയെത്തി. ഇന്ത്യയിൽ പൊതുജനാരോഗ്യ രംഗത്ത് സേവങ്ങൾ ചെയ്യുന്നവർക്ക് നേതൃത്വം നൽകുന്നതിനായി ലോകാരോഗ്യ സംഘടന നടത്തിയ അഭിമുഖത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 16 പേരിൽ ഒരാളാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

 1999 -ൽ ആണ് ലോകാരോഗ്യസംഘടനയിലെ ആദ്യത്തെ ഉദ്യോഗം ലഭിക്കുന്നത്. രാജ്യത്തെ ക്ഷയരോഗ പദ്ധതിയ്ക്ക് സാങ്കേതിക സഹായം നൽകാൻ ലോകാരോഗ്യ സംഘടന ഉണ്ടാക്കിയ സംവിധാനത്തിൽ ഉദ്യോഗസ്ഥനായി. പിൽക്കാലത്ത് ന്യൂയോർക്ക് ഹെൽത്ത് കമ്മീഷണർ ആയും അമേരിക്കൻ സി.ഡി.സി.യുടെ ഡയറക്ടറും ആയ ഡോക്ടർ തോമസ് ആർ ഫ്രീഡൻറെ ആദ്യത്തെ പതിനാറ് അംഗ ടീമിലേയ്ക്ക് ഡോക്ടർ ലാൽ തെരഞ്ഞെടുക്കപ്പെട്ടു. കേരളം, തെക്കൻ തമിഴ്‌നാട്, ലക്ഷദ്വീപ് പ്രദേശങ്ങളുടെ ഉത്തരവാദിത്വമായിരുന്നു തുടക്കത്തിൽ ലാലിന്. ഈ പ്രദേശങ്ങളിൽ ക്ഷയരോഗ പരിപാടി നടപ്പാക്കാൻ സർക്കാരുകളെ സഹായിക്കുകയായിരുന്നു ചുമതല.

ക്ഷയരോഗ പരിപാടി എല്ലാ ജില്ലയിലും നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതിനു പിന്നിൽ ഡോക്ടർ ലാലിൻറെ സംഭാവന ലോകാരോഗ്യ സംഘടന ശ്രദ്ധിച്ചു. 1999 മുതൽ 2003 വരെ ലോകാരോഗ്യസംഘടനയുടെ ഈ ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ ക്ഷയരോഗ നിയന്ത്രണരംഗത്ത് സ്വകാര്യാശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ആഗോള തലത്തിൽ ലാൽ ശ്രദ്ധ നേടിയത്. 70 ശതമാനം ലോകാരോഗ്യ സംഘടനയുടെയും  30 ശതമാനം സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് സ്വകര്യ ആശുപത്രികളിൽ  ക്ഷയരോഗ ചികിത്സ നടത്താനുള്ള അവസരമുണ്ടാക്കികൊടുത്തത്.

അതുവരെ  കേരളത്തിൽ പ്രത്യേകിച്ചും രാജ്യത്ത് പൊതുവെയും കീറാമുട്ടിയായിരുന്ന ഈ പ്രശ്നത്തിന് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ -യുടെ സഹായത്തോടെ നടപ്പാക്കിയ പ്രായോഗിക പദ്ധതികൾ ലോകാരോഗ്യ സംഘടനയുടെയും ഉത്തരവാദപ്പെട്ട മറ്റ് അന്തർദേശീയ ഏജൻസികളുടെയും ശ്രദ്ധയിൽ പെടുകയായിരുന്നു. ഈ പദ്ധതികൾ ദേശീയ തലത്തിൽ വികസിപ്പിക്കാൻ ലോകാരോഗ്യ സംഘടന ഒരു ദേശീയ ഓഫീസറുടെ തസ്തിക ഉണ്ടാക്കിയപ്പോൾ 2003-ൽ ഡോക്ടർ ലാൽ നാഷണൽ പ്രൊഫഷണൽ ഓഫീസറായി നിയമിതനായി. അങ്ങനെ ഡൽഹി ആസ്ഥാനമാക്കി ദേശീയ പ്രവർത്തിയ്ക്കുമ്പോൾ ക്ഷയരോഗ രംഗത്ത് ദേശീയ തലത്തിൽ സ്വകാര്യമേഖലയുടെയും മറ്റു സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിന് ഡോക്ടർ ലാൽ നേതൃത്വം നൽകി. ഡോക്ടർ ലാലിൻറെ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തെ ലോകാരോഗ്യ സംഘടനകളുടെ ആഗോള സമിതികളിൽ അംഗമാക്കി.

ഡൽഹിയിലെ ജോലിയിൽ നാലുവർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ലോകാരോഗ്യസംഘടനയുടെ ഒരു അന്തദേശീയ ഉദ്യോഗത്തിന് ഡോക്ടർ ലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയ്ക്ക് തൊട്ടു മുകളിൽ സ്ഥിതിചെയ്യുന്ന  കിഴക്കാൻ തിമോറിൽ ആയിരുന്നു പുതിയ ഉദ്യോഗം. ഡൽഹിയിൽ ദേശീയ തലത്തിൽ വലിയ ഉത്തരവാദിത്വമുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏറെ പ്രശ്നകലുഷിതമായ രാഷ്ട്രീയാന്തരീക്ഷം ഉള്ള കിഴക്കൻ തിമോറിലേക്ക് ദൗത്യമേൽക്കാൻ ഡോ ലാൽ തീരുമാനിച്ചപ്പോൾ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. എപ്പോഴും ആഭ്യന്തര യുദ്ധവും കലാപവും അരങ്ങേറുന്ന അവികസിത രാജ്യമായ കിഴക്കൻ തിമോറിലെ സുരക്ഷയെ മുൻനിർത്തിയായിരുന്നു സുഹൃത്തുകൾ നിരുത്സാഹപ്പെടുത്തിയത്. എന്നാൽ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ എന്നും ആവേശം കാട്ടിയ അദ്ദേഹം ദൗത്യത്തിൽ നിന്നും പിന്മാറാൻ തയാറായില്ല. 2006 ൽ പുതിയ ദൗത്യത്തിനായി അദ്ദേഹം വിമാനം കയറി.

അവിടെ ക്ഷയരോഗം, എയ്ഡ്സ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കിഴക്കൻ തിമോറിലെ പ്രവർത്തനങ്ങളും അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തെ നിയന്ത്രിക്കാനുള്ള പദ്ധതി അതിവേഗം നടപ്പാക്കിയ രാജ്യമെന്ന ഖ്യാതി അക്കാലത്തെ ഏറ്റവും അവികസിത രാജ്യമായ കിഴക്കൻ തിമോറിന് ലഭിക്കുന്നതിൽ ഡോക്ടർ എസ് .എസ്. ലാൽ പ്രധാന പങ്കുവഹിച്ചു.

കിഴക്കൻ തിമോറിൽ പ്രവർത്തിക്കുമ്പോൾ 2007ൽ  ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ഭാഗമായിരുന്ന ഗ്ലോബൽ ഫണ്ടിൽ ഡോക്ടർ ലാലിന് നിയമനം ലഭിച്ചു. അന്തർദേശീയ തെരഞ്ഞെടുപ്പിലൂടെ ഗ്ലോബൽ ഫണ്ടിൽ നിയമിതനായ അപൂർവം ഇന്ത്യക്കാരിൽ ഒരാളായിരുന്നു ലാൽ. ക്ഷയരോഗം എയ്ഡ്സ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണത്തിനായി രാജ്യങ്ങൾക്ക് ഫണ്ട് നൽകുന്ന സ്ഥാപനമാണ് ഗ്ലോബൽ ഫണ്ട്. രാജ്യങ്ങൾ പദ്ധതികൾ നടപ്പാക്കുന്നതിലും ഫണ്ട് വിനിയോഗിക്കുന്നതിലും നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്ന ടീമിനു നേതൃത്വംകൊടുക്കുന്നതായിരുന്നു ചുമതല.

 ഇരുപത്തഞ്ചിൽ അധികം രാജ്യങ്ങളുടെ ചുമതലയുള്ള ടീമിൽ അംഗമായിരുന്നു ലാൽ. ഗ്ലോബൽ ഫണ്ടിൽ നടത്തിയ അതിശയകരമായ പ്രകടനത്തിന് പ്രത്യേക പ്രശംസ നേടിയ ചുരുക്കം പേരിൽ ഒരാളായി മാറിയ ലാലിനെ തേടിയെത്തിയത്  ഗ്ലോബൽ ഫണ്ടിലെ പോർട്ട്ഫോളിയോ മാനേജരുടെ പദവിയായിരുന്നു. അങ്ങനെ കമ്പോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചുമതല ലാലിന് ലഭിച്ചു.

ഗ്ലോബൽ ഫണ്ടിലെ അഞ്ചുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ 2013ൽ അമേരിക്കയിൽ പുതിയ ജോലി ലഭിച്ചു. വാഷിംഗ്‌ടൺ ഡി.സി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജ്യാന്തര ആരോഗ്യ സംഘടനയായ പ്രോഗ്രാം ഫോർ അപ്രോപ്രിയേറ്റ് ടെക്‌നോളജി ഫോർ ഹെൽത്ത് അഥവാ PATH എന്ന സംഘടനയുടെ ടെക്‌നിക്കൽ ഡയറക്ടർ ആയിട്ടായിരുന്നു നിയമനം. അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ഫണ്ട് ലഭ്യമാക്കിക്കൊടുക്കുന്ന ഈ അന്തരാഷ്ട്ര സംഘടനയിൽ 2018 വരെ ക്ഷയരോഗവിഭാഗം ആഗോള ഡയറക്ടറുമായിരുന്നു.  പിന്നീട് ലോക പ്രശസ്തമായ ഫാമിലി ഹെൽത്ത് ഇന്റർനാഷണൽ (FHI360) സാംക്രമിക രോഗ വിഭാഗം
(ഇൻഫെക്ഷ്യസ് ഡിസീസ്) ഡയറക്ടർ ആയി ചുമതയേറ്റു. 2020 പകുതിയോടെ അവിടെ നിന്നും രാജി വച്ച അദ്ദേഹം കേരളത്തിൽ തന്റെ ജന്മനാടായ തിരുവന്തപുരത്തേക്ക് മടങ്ങി. ഡോ ശശി തരൂർ അധ്യക്ഷനായ ഇന്ത്യൻ നാഷണൽ പ്രൊഫെഷണൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ് ഡോ എസ്.എസ്.ലാൽ ഇപ്പോൾ.

ക്ഷയരോഗ രംഗത്ത് സ്വകാര്യ ചികിത്സാ മേഖലയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അന്തർദേശീയ പ്രസിദ്ധീകരണങ്ങൾക്കായി ലാൽ രചിച്ച ലേഖനങ്ങൾ ലോകപ്രസിദ്ധമാണ്. നിരവധി അന്തർദേശീയ സമ്മേളനങ്ങളിൽ ലാൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഈ രംഗത്ത് ഏറ്റവും അറിയപ്പെടുന്ന വിദഗ്ദ്ധരിൽ ഒരാളാണ് ലാൽ.

തിരുവനന്തപുരത്ത് പേട്ടയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സെയിന്റ് ജോസഫ്സ് സ്കൂളിൽ ബാക്കി വിദ്യാഭ്യാസവും പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദവും ശ്രീചിത്ര ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പോതുജനരോഗ്യത്തിൽ മാസ്റർ (MPH) ബിരുദവും കൂടാതെ MBA ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. നെതർലണ്ട്സിലെ ലോക പ്രശസ്ത  ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്.ഡി. നേടിയത്. നാനൂറ്റി നാല്പത്തി നാലാം വര്ഷം ആചരിക്കുന്ന വർഷം ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ ആണ് ഡോക്ടറേറ്റ്. സ്‌കൂൾ കാലം മുതൽ സംസ്ഥാനതല സാഹിത്യ മത്സരങ്ങളിൽ സ്ഥിരമായി സമ്മാനങ്ങൾ നേടിയിരുന്നു. പിൽക്കാലത്ത് പ്രസിദ്ധമായ ആനുകാലികങ്ങളിൽ രണ്ട് നോവലുകളും നിരവധി കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയെഴുത്ത് ഇപ്പോഴും തുടരുന്നു.

വിദ്യാഭ്യാസ കാലം മുതൽ നേതൃത്വ രംഗത്തും സാമൂഹ്യരംഗത്തും സജീവ സാന്നിധ്യം തെളിയിച്ച ഡോ. ലാൽ  പിന്നീട്  ഐ.എം.എ യുടെ സംസ്ഥാന ദേശീയ തലങ്ങളിൽ നേതൃത്വ രംഗത്ത് പ്രവർത്തിച്ചു. ഐ.എം.എ യുടെ സംസ്ഥാന തല ഡോക്ടേഴ്സ്  ക്ലബ്ബും ഐ.എം.എ യുടെ വനിതാ വിങ്ങും (WIMA) സ്ഥാപിച്ചത് ലാൽ ആണ്. കേരള ഡോക്ടേഴ്സ് ട്രസ്ടിന്റെയും ഡോക്ടേഴ്സ് വില്ലേജിന്റെയും സ്ഥാപക സെക്രട്ടറിയാണ്.

തിരുവനന്തപുരത്ത് ഐ.എം.എ യുടെ സെക്രട്ടറി ആയിരുന്ന വർഷങ്ങളിൽ നിരവധി ആരോഗ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു. റോഡപകടത്തിൽപെടുന്നവരെ പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലെത്തിക്കാൻ ടാക്സി-ഓട്ടോറിക്ഷ ഡ്രൈവർമാരെ പരിശീലിപ്പിച്ച ‘ആക്ട് ഫോഴ്സ്’ ഇതിൽ പ്രധാനമാണ്. റോഡപകടത്തിൽപ്പെട്ട ആയിരക്കണക്കിന് പൊതുജനങ്ങൾക്ക് ഈ പദ്ധതി സഹായമായി. ഈ മാതൃക പിന്നീട് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിജയകരമായി ആവർത്തിക്കപ്പെട്ടു.

1996-ൽ ചാരായ നിരോധനത്തെ തുടർന്ന് മദ്യപാനികളിലെ ‘വിത്ത്ഡ്രോവൽ  സിൻഡ്രോം’ ഒഴിവാക്കാനായി സംസ്ഥാനതലത്തിൽ പദ്ധതി രൂപീകരിച്ചു നടപ്പാക്കി. തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി, മാനസിക രോഗാശുപത്രി, സബ്‌ ജയിൽ എന്നിവിടങ്ങളിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർക്കായി ചികിത്സ നടത്തിയിരുന്നു. ഡോക്ടർമാരുടെ സംഘടനകളുടെ സഹായത്തോടെ പല ഗ്രാമങ്ങളും വൃദ്ധസദനങ്ങളും ദത്തെടുത്തു. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ മലയൊഴുക്കിൽപ്പെട്ടു മരിച്ച ദിവസം മറ്റു കുറെ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ കല്ലാർ ഗ്രാമത്തെ ഇത്തരത്തിൽ ദത്തെടുത്തിരുന്നു. തിരുവനന്തപുരത്തെ ചാക്കയിലെ വൃദ്ധ സദനവും ദത്തെടുത്തിരുന്നു.

പ്രധാന അവാർഡുകൾ: തിരുവനന്തപുരത്ത് ഐ.എം.എ യുടെ സെക്രട്ടറി ആയിരുന്നപ്പോൾ ആരോഗ്യപദ്ധതികളുടെ നടത്തിപ്പിൻറെ അടിസ്ഥാനത്തിൽ 1995- ൽ രാജ്യത്തെ ഏറ്റവും നല്ല പ്രകടനം കാഴ്ചവചതിന് ദേശീയ അവാര്ഡ് ലഭിച്ചു. 2005 -ൽ ഐ.എം.എ യുടെ ഏറ്റവും പ്രധാനപ്പെട്ട ‘രാൻബാക്സി – ഐ.എം.എ അവാർഡ്’ ലഭിച്ചു. രാജ്യത്തെ ക്ഷയരോഗ നിയന്ത്രണത്തിൽ വഹിച്ച പങ്കിനെ മാനിച്ചായിരുന്നു ഈ അവാർഡ്. 2012-ൽ ഐ.എം.എ യുടെ തന്നെ ‘ഡോ: മേന്ദ മേമോറിയൽ അവാർഡ്’ ലഭിച്ചു. അന്തർദേശീയതലത്തിൽ ആരോഗ്യരംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചായിരുന്നു ഈ അവാർഡ്. 2001-ൽ ഏറ്റവും നല്ല ടെലിവിഷൻ ആരോഗ്യപരിപാടിയുടെ അവതാരകനുള്ള അവാർഡ്‌ ലഭിച്ചിരുന്നു. പോളിയോ രോഗ നിർമാർജന രംഗത്തെ പ്രവർത്തനങ്ങൾക്ക് 1998 -ൽ റോട്ടറിയുടെ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ അന്തര്ദേശീയ പ്രവർത്തനങ്ങളുടെ ഭാഗമായി എൺപതിലധികം രാജ്യങ്ങൾസന്ദർശിച്ചിട്ടുണ്ട്.

ഡോക്ടർ ലാൽ നിരവധി ചെറുകഥകളും രണ്ടു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥയുടെ സമാഹാരം ‘ടിറ്റോണി’ പ്രസിദ്ധീകരിച്ചത് ഡി.സി. ബുക്ക്സ് ആണ്. എഴുത്തിലൂടെ ഫേസ്‌ബുക്കിൽ നിരന്തരം ഇടപെടൽ നടത്തുന്ന ലാൽ ബ്ലോഗറും ഫോട്ടോഗ്രാഫറും ആണ്. 

ഭാര്യ ഡോ. എസ്. സന്ധ്യ പൊതുജനാരോഗ്യ വിദഗ്ധയാണ്. യു.എൻ – ൻറെ ഭക്ഷ്യ-കാർഷിക സംഘടന, ലോക ബാങ്ക്, ലോകാരോഗ്യ സംഘടനാ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ ദീർഘകാലം കൻസൽട്ടന്റ് ആയിരുന്നു. മക്കളായ മിഥുൻ ലാലും മനീഷ് ലാലും ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നു. അച്ഛൻ പരേതനായ വി. സദാശിവൻ (ചിറയിൻകീഴ് സ്വദേശി) ഹൈക്കോടതി അഭിഭാഷകനും അറിയപെടുന്ന സർവീസ് സംഘടന നേതാവും നിരവധി പ്രമുഖ സംഘടനകളുടെ സ്ഥാപകനും ആയിരുന്നു. അമ്മ കെ.ശ്രീമതി (ചിറതറ സ്വദേശിനി) ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. സഹോദരി: പരേതയായ അഭിഭാഷക എസ്.എസ്. ലാലി.
 
തൊലിയുടെ നിറം കറുപ്പായിപോയതിനാൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് വർണ വിവേചനകൾക്ക് ഇരയായിട്ടുള്ള ഡോ. എസ്.എസ്. ലാലിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം വിവേചനങ്ങൾ ഒരു വാശി ജനിപ്പിക്കാനുതകുന്നതായിരുന്നു. ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഇത്തരം ഒരുപാട് സംഭവങ്ങൾ അദ്ദേഹം അഭിമുഖത്തിലൂടെ തുറന്നു പറച്ചിൽ നടത്തുന്നുണ്ട്. . അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ . (തുടരും…)



 

LEAVE A REPLY

Please enter your comment!
Please enter your name here