ഫ്രാൻസിസ് തടത്തിൽ 
 
 
 
ഫ്ലോറിഡ: ഫൊക്കാന ഫ്ലോറിഡ റീജിയന്റെ ആഭിമുഖ്യത്തിൽ  കോവിഡ് മിഥ്യയും യാഥാർഥ്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ പുത്തൻ അറിവുകളുടെയും അനുഭവ സാക്ഷ്യങ്ങളുടെയും സംഗമവേദിയായി മാറി. കോവിഡിനേയും  വാക്സീനുകളെയും പറ്റിയുണ്ടായിരുന്ന ഒരുപാട് തെറ്റായ അറിവുകളും ധാരണകളുമാണ് വെർച്വൽ ആയി നടന്ന മീറ്റിംഗിലൂടെ  പുതിയ പുതിയ അറിവുകളിലൂടെയും ആശയങ്ങളിലൂടെയും ദുരീകരിക്കപ്പെട്ടത്. വാക്സീനെക്കുറിച്ചുണ്ടായിരുന്ന ഒരുപാട് തെറ്റിദ്ധാരണകൾ  മാറിയ സെമിനാറിൽ ഈ വിഷയത്തിൽ ആധികാരികമായി സംസാരിക്കാൻ കഴിവുള്ള മെഡിക്കൽ -ഗവേഷണ രംഗത്തെ പ്രഗത്ഭരായ പാനലിസ്റ്റുകളായിരുന്നു ഉണ്ടായിരുന്നത്.
 
 
ഫ്ലോറിഡയിലെ പ്രമുഖ പീഡിയാട്രീഷൻ (ശിശു രോഗ വിദഗ്‌ധൻ) ഡോ. ജോസഫ് പ്ലാച്ചേരിൽ, പ്രമുഖ ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധൻ ഡോ.ലിൻസേ ജോൺ, പ്രമുഖ ഇന്റെർണൽ മെഡിസിൻ വിദഗ്ദ്ധയും ഫൊക്കാന വിമൻസ് ഫോറം ചെയര്പേഴ്സണുമായ ഡോ.കല ഷഹി, ഫൈസർ ബയോ എൻ ടെക്ക് (Pfizer Bio NTech ) ലെ സയന്റിസ്റ്റും ഫൈസർ കോവിഡ് വാക്സീന്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തിട്ടുള്ളവരിൽ ഒരാളുമായ ബിനു കൊപ്പാറ എന്നിവരായിരുന്നു പാനലിസ്റ്റുകൾ. ഫ്ലോറിഡയിലെ പ്രമുഖ  ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൂടിയായ ജോമോൻ ജോൺ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ. 
 
 
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. സെക്രെട്ടറി ഡോ. സജിമോൻ ആന്റണി പ്രസംഗിച്ചു. ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് കിഷോർ പീറ്റർ വട്ടപ്പറമ്പിൽ സ്വാഗതവും ഫൊക്കാന ട്രഷറർ സണ്ണി മറ്റമന നദിയും പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,സെക്രെട്ടറി സജി പോത്തൻ,ഫൊക്കാന മുൻ പ്രസിഡണ്ട് കമാണ്ടർ ജോർജ് കൊരുത്, ഫൊക്കാന  ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ പങ്കെടുത്തു.ഫൊക്കാന ടെക്‌നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ് ആണ് സൂം മീറ്റിംഗ് നിയന്ത്രിച്ചത്.

ലോക്ക് ഡൗൺ മൂലം വൈറ്റമിൻ ഡി അളവു കുറയുന്നവർക്ക് കോവിഡ് ഗുരുതരമാകുന്നു: ഡോ ജോസഫ് പാച്ചേരിൽ 

 
 
വൈറ്റമിൻ ‘ഡി (D)’ യുടെ അളവ് കുറവ് അനുഭവപ്പെടുന്നർക്ക് കോവിഡ് 19 ന്റെ ബാധിച്ചാൽ കൂടുതൽ ഗുരുതരമായ അവസ്ഥ സംജാതമാകുന്നതായി പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന്  ഫ്ലോറിഡയിലെ പ്രമുഖ പീഡിയാട്രീഷൻ (ശിശു രോഗ വിദഗ്‌ധൻ) ഡോ. ജോസഫ് പ്ലാച്ചേരിൽ പറഞ്ഞു.
 
കഴിഞ്ഞ ഒരു വർഷമായി സ്കൂളുകളിൽ പോലും പോകാൻ കഴിയാതെ വീടുകളുടെ അകത്തളങ്ങളിൽ കഴിഞ്ഞു വരുന്ന കുട്ടികളിൽ വൈറ്റമിൻ ‘ഡി’യുടെ അളവ് ഗണ്യമായി കുറഞ്ഞു വരുന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനു പരിഹാരം കാണാൻ കുട്ടികളുമൊത്ത് വൈകുന്നേരങ്ങളിൽ മാതാപിതാക്കൾ പാർക്കുകളിലോ ആളൊഴിഞ്ഞ സ്ട്രീറ്റുകളിലോ നടക്കാൻ പോകുന്നത് അഭികാമ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
 
കോവിഡ് മഹാമാരി കുട്ടികളെ മാനസികമായും ശാരീരീരികമായും ഒരുപാട് രോഗങ്ങൾക്ക് അടിമയാക്കിയിട്ടുണ്ട്. കുട്ടികളുടെ സാമൂഹികമായ ബുദ്ധി വികാസം (social skill) മുരടിക്കുന്നതിനൊപ്പം മാനസികമായ പല വൈകല്യങ്ങൾക്കും കാരണമായിട്ടുണ്ട്. ചില കുട്ടികളിൽ  ജന്മനായുള്ള പല മാനസികമായ പ്രശ്നങ്ങളും മുൻകാലങ്ങളിൽ മറ്റു പല സാഹചര്യങ്ങളാൽ സന്തുലിതമായി പോകാറുണ്ടായിരുന്നു. ഉദാഹരണത്തിന് സ്കൂളുകളിലൂടെയും  ആരാധനാലയങ്ങളിലൂടെയും ഉണ്ടാകുന്ന സാമൂഹിക ബന്ധങ്ങൾ, സൗഹൃദങ്ങൾ, സാമൂഹികപരമായ മറ്റു ഇടപെടലുകൾ, മറ്റു ആക്റ്റിവിറ്റികൾ എന്നിവ മൂലം അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മാനസിക പ്രശ്നങ്ങൾ അവർ പോലുമറിയാതെ വഴിമാറി പോകാറുണ്ടായിരുന്നു. – അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 
 
 
 
 
എന്നാൽ ഏതാണ്ട് ഒരു വർഷക്കാലം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നതിനാൽ പല കുട്ടികളുടെയും സാമൂഹികവും ബൗദ്ധികവുമായ വളർച്ച മുരടിച്ചുപോകുന്ന അവസ്ഥയിൽ എത്തി. അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും മനസികോല്ലാസങ്ങളുമൊക്കെ കോവിഡ് 19 മൂലമുണ്ടായ നിയന്ത്രണങ്ങൾ മൂലം നിഷേധിക്കപ്പെട്ടതിനാൽ കുട്ടികളിൽ ഉറങ്ങിക്കിടന്ന മാനസിക പ്രശ്നങ്ങൾ ഇപ്പോൾ കൂടുതൽ സങ്കീർണമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മാനസിക പിരിമുറുക്കം മുതൽ കടുത്ത മാനസിക രോഗങ്ങൾക്കുവരെ കുട്ടികൾ അകപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 20 വർഷത്തെ പ്രാക്ടീസിനിടയിൽ ഏറ്റവും കൂടുതൽ കുട്ടികളെ  സൈക്യട്രിക്ക്  റഫെറെൻസ് നൽകേണ്ടി വന്നത് ഇക്കഴിഞ്ഞ വർഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
20 വർഷങ്ങൾക്ക് മുൻപായിരുന്നു ലോക്ക് ഡൗൺ എങ്കിൽ കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമായിരുന്നു 
 
കോവിഡ് മഹാമാരി 20 വർഷങ്ങൾക്ക് മുൻപായിരുന്നു വന്നതെങ്കിൽ കുട്ടികളെ സംബന്ധിച്ച് ഒരു പാട് നല്ല ഫലങ്ങളും ലോക്ക് ഡൌൺ കാലങ്ങളിൽ ഉണ്ടാകുമായിരുന്നുവെന്നു ഡോ. ജോസഫ് പാച്ചേരിൽ പറഞ്ഞു. കുടുംബാംഗങ്ങൾ തമ്മിൽ നല്ല ഊഷ്‌മളമായ ബന്ധം സ്ഥപിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമായിരുന്നു ഇത്. മാതാപിതാക്കൾക്ക് കുട്ടികളുമായി അടുത്തിടപഴകാനും കൂടുതൽ സമയം ചെലവഴിക്കാനും ഇത് സംഭവിച്ചത് 20  വർഷങ്ങൾക്ക് മുൻപായിരുന്നുവെങ്കിൽ കഴിയുമായിരുന്നു. 
 
ഇന്ന് ഇന്റെർനെറ്റിന്റെ വലയിൽ കുരുങ്ങി മാതാപിതാക്കളും കുട്ടികളും അവരവരുടെ ലാപ്ടോപ്പുകളിലും ഐഫോണുകളിലും സമയം ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങൾ തമ്മിൽ വീട്ടിനകത്തുള്ള ആശയവിനിമയം പോലും ഫോണുകൾ വഴിയായി മാറി. കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്കും നേരമില്ലാതായി. കോവിഡ് ഉയർത്തിയ ആരോഗ്യവും സാമ്പത്തികവും സാമൂഹികപരവുമായ പ്രതിസന്ധികൾ മൂലം മാതാപിതാക്കളും മാനസിക പിരിമുറുക്കത്തിന്റെ നാടുവിലായിരിക്കുമ്പോൾ കുട്ടികൾക്ക് ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയങ്ങൾക്ക് അടിമകളാകാൻ നിർബന്ധിതരാകുകയാണ്.- ഡോ. ജോസഫ് ചൂണ്ടിക്കാട്ടി.
 
 
 
 
 
സ്കൂളുകളിൽ വെർച്ച്വൽ ക്ലാസുകൾ ആയതോടെ ഇടക്കിടയ്ക്ക് തോന്നുമ്പോഴെല്ലാം ഭക്ഷണം കഴിക്കാനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നതിനാൽ നല്ലൊരു ശതമാനം കുട്ടികളിലും അമിതവണ്ണം (OBESITY) ഉണ്ടാകുന്നുള്ളതായി കാണുന്നു. ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതി കുട്ടികളിൽ പ്രമേഹം, രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള പലരോഗങ്ങളിലേക്കും നയിക്കുന്നു. ഇത് അവരുടെ ശാരീരികമായ രോഗങ്ങൾക്ക് പുറമെ മാനസികമായ രോഗങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുണ്ട്.- അദ്ദേഹം വ്യക്തമാക്കി.
 
അമിത വണ്ണം, മാനസിക സമ്മർദ്ദം, മാനസിക രോഗങ്ങൾ എന്നിവ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും വ്യാപകമാകുന്നുണ്ടെന്ന് വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ ഇന്റെര്ണൽ  മെഡിസിൻ വിദഗ്‌ധയും ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സണുമായ ഡോ. കല ഷഹി പറഞ്ഞു. ഒരു പാട് രോഗികളെ ഇക്കാലയളവിൽ  താനും സൈക്കിയാട്രിക്ക് റെഫെറെന്‍സ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
 
 
 
കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന ധരാളം കാര്യങ്ങൾ കോവിഡ് മൂലം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ തങ്ങളുടെ പരിധിയിൽ നിന്നുകൊണ്ടു തന്നെ ചില വിട്ടുവീഴ്ച്ചകൾ നടത്തിയാൽ പഹരിക്കാവുന്നതേയുള്ളുവെന്ന് ചർച്ചയുടെ മോഡറേറ്റർ ആയിരുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൂടിയായ ജോമോൻ ജോൺ പറഞ്ഞു. അവരുടെ ജന്മദിനാഘോഷങ്ങൾ, ഗ്രാജുവേഷൻ പാർട്ടി തുടങ്ങിയ കുട്ടികളുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ആഘോഷങ്ങൾ ഈ അവസരത്തിൽ സൂം മീറ്റിംഗ്‌ പോലുള്ള വെർച്ച്വൽ മീറ്റിംഗുകൾ വഴി അവരുടെ കൂട്ടുകാരെയും പതിവ് ഗസ്റ്റുകളെയുമൊക്കെ ക്ഷണിച്ചു കൊണ്ട്  കേക്ക് കട്ടിംഗ്‌ തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ അത്തരം ആഘോഷങ്ങളുടെ ഒരു ഫീൽ നില നിർത്താൻ കഴിയുമെന്നും ജോമോൻ കൂട്ടിച്ചേർത്തു.
 
 
16 വയസിന് മുകളിലുള്ള  കുട്ടികൾക്ക് വാക്സീൻ ഉടൻ; 16 -12 ഇടയിലുള്ളവർക്ക് ഓഗസ്റ്റ് 1 നു ലഭ്യമാകും 
 
 
മുതിർന്ന കുട്ടികൾക്കുള്ള വാക്സീനിനു എഫ്.ഡി.ഐ അംഗീകാരം ലഭിച്ചതായി ഡോ. ജോസഫ് പാച്ചേരിൽ പറഞ്ഞു. ഫൈസർ വാക്സീൻ 16 വയസിനു മുകളിലും മഡേണ 18 വയസിനും മുകളിലുള്ള കുട്ടികൾക്കാണ് വാക്സീൻ ലഭ്യമാക്കുന്നത് . ഇവ ഉടൻ തന്നെ ലഭ്യമായിത്തുടങ്ങും. അടുത്ത ഘട്ടമായ 18-12 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സീനിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. ഇതിനായി 2800 കുട്ടികളെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു.മെയ്- ജൂൺ മാസത്തോടെ പരീക്ഷണം പൂർത്തിയാകും.  ഓഗസ്റ്റ് ഒന്നു മുതൽ  ഇവർക്കുള്ള വാക്സീൻ ലഭ്യമായി തുടങ്ങും. – അദ്ദേഹം വ്യക്തമാക്കി.
 
 
 
6 മാസം മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ വാക്സീൻ പരീക്ഷണവും അതിനു പിന്നാലെ ആരംഭിക്കും. ഈ പ്രായത്തിലുള്ള കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഡോസിലും വ്യതിയാനം ഉണ്ടാകും. മുതിർന്നവർക്ക് 5 ml ആണ് വാക്സീൻ നൽകുന്നതെങ്കിൽ 12 വയസിൽ താഴെയുള്ളവർക്ക് വയസിനു ആനുപാതികമായി ഡോസ് കുറച്ചായിരിക്കും നൽകുക. നേർ പകുതി ഡോസ് ആയിരിക്കും ഇവർക്ക് നൽകുക. 6 മാസം വരെ പ്രായമുള്ള മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ വാക്സീൻ എടുത്തിട്ടുണ്ടെങ്കിൽ അവരുടെ മുലപ്പാലിൽ നിന്ന് കുഞ്ഞുങ്ങൾക്ക് വാക്സീൻ തന്നെ ലഭ്യമായികിട്ടും.- ഡോ ജോസഫ് പാച്ചേരിൽ പറഞ്ഞു.
 
അനാഫലിക്സ് റിയാക്ഷൻ ഉണ്ടായത് ഒരു മില്യണിൽ 4.5 പേർക്ക് : ഡോ.ലിൻസേ ജോൺ
 
കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ ആർക്കും തന്നെ കാര്യമായ പാർശ്യ ഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് പ്രമുഖ ഇൻഫക്ഷ്യസ് ഡിസീസ് വിദഗ്ദ്ധൻ ഡോ.ലിൻസേ ജോൺ പറഞ്ഞു. വാക്സീൻ നൽകിയ ശേഷം സാധാരണ 15 മിനിറ്റ് നേരം മാത്രമാണ് നിരീക്ഷണ സമയം. എന്തെങ്കിലും പാർശ്യഫലങ്ങൾ ഉണ്ടാകുകയാണെന്നിൽ ഈ സമയത്തിനകം സംഭവിക്കും. അതേസമയം മറ്റു വാക്‌സിനുകൾ സ്വീകരിച്ചപ്പോൾ അലർജിക്ക് റിയാക്ഷൻ ഉണ്ടായിട്ടുള്ളവരെ  30- 45 മിനിറ്റ് വരെ നിരീക്ഷണത്തിനു വിധേയമാക്കും. 
 
 
 
ചൊറിച്ചിൽ, ശരീരം ക്രമാതീതമായി നീരുവയ്ക്കും വിധം പെട്ടെന്നുണ്ടാകുന്ന റിയാക്ഷൻ അഥവാ അനാഫലിക്സ് റിയാക്ഷൻ (anaphylaxis reaction) ഉണ്ടാകുന്ന രോഗികളെയും കൂടുതൽ നേരം നിരീക്ഷണവിധേയമാക്കും. എന്നാൽ MRNA വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഒരു മില്യൺ ആളുകളിൽ 4.5 പേർക്ക് മാത്രമാണ് ഇത്തരത്തിൽ എന്തെങ്കിലും കാര്യമായ പാർശ്യഫലങ്ങൾ ഉണ്ടായിട്ടുള്ളുവെന്നാണ് ലഭ്യമായിട്ടുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
 
കുത്തിവയ്പ്പ് നടത്തുന്ന സൈറ്റിൽ (കുത്തിവയ്പ്പ് നടത്തിയ ഭാഗത്ത് ) ചെറിയ നിറ വ്യത്യാസം ഉണ്ടാകും. ചിലരുടെ സൈറ്റിൽ തടിപ്പ്  ഉണ്ടായേക്കാം. 70-80 ശതമാനം ആളുകളിൽ ആദ്യ ഡോസിൽ ചെറിയ തോതിൽ വേദന ഉണ്ടാകാം. രണ്ടാം ഡോസിൽ കുത്തിവയ്പ്പ് നടത്തിയ ഭാഗത്ത് പലർക്കും കൂടുതൽ വേദന അനുഭവപ്പെട്ടിട്ടുണ്ട്. ചിലർക്ക് 24-48  മണിക്കൂർ വരെ നേരിയ പനി തലവേദന,  (കാര്യമായ കുളിരു അനുഭവപ്പെടുക (Chill) തല കറക്കം, ഛർദിൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. ടൈലനോൾ, മോർട്രീൻ എന്നിവ കൊണ്ട് മാറാവുന്ന അസ്വസ്ഥകൾ മാത്രമാണുണ്ടാകുക.
 
 
ബ്ലഡ് തിന്നർ ഉപയോഗിക്കുന്നവർക്ക് വാക്സീൻ എടുക്കാം
 
ബ്ലഡ് തിന്നർ (blood Thinner) ഉപയോഗിക്കാറുള്ളവർക്ക്  വാക്സീൻ എടുക്കുന്നതുകൊണ്ട് ഒരു ദോഷവും ഉണ്ടാകാറില്ലെന്ന് ഡോ. അത്തരം സാഹചര്യത്തിൽ കുത്തിവയ്പ്പ് എടുത്ത ശേഷം അവിടെ കൈ വിരൽ കൊണ്ട് കുറച്ച് അധികം നേരം നന്നായി അമർത്തിവച്ചാൽ മതി. കുത്തിവയ്പ്പ് മസിലിൽ ആയതിനാൽ (intramuscular) ആണ് കൈവിരൽ കൊണ്ട് അവിടെ അമർത്തുമ്പോൾ രക്തം പൊടിയുന്നത് നില്‍ക്കും. 
 
 
 
ചിലരിൽ ലിംഫ് നോഡുകളിൽ പ്രത്യേകിച്ച് കക്ഷത്തിൽ വേദന അനുഭവപ്പെട്ടേക്കാം.ഇത്തരം സാഹചര്യത്തിൽ കോവിഡ് വാക്സീൻ എടുത്തവർ മാമ്മോഗ്രാം ചെയ്യണമെങ്കിൽ 7  ആഴ്ച്ച വരെ കാത്തിരിക്കണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ വാക്സീൻ എടുക്കുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. കോവിഡ് വന്നവർ ചികിത്സ കഴിഞ്ഞ് 90 ദിവസം വരെ കാത്തിരിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ കണ്ടു ആരും വാക്‌സിൻ എടുക്കാതിരിക്കരുതെന്നും ഡോ. ലിൻസേ ജോൺ നിഷ്കർഷിച്ചു.
 
 
വാക്സീൻ വന്ധ്യതയുണ്ടാക്കില്ല;കോവിഡ് വൈറസ് വന്ധ്യതയ്ക്ക് കാരണമായേക്കും : ബിനു കൊപ്പാറ 
 
കോവിഡ് വാക്സീൻ വന്ധ്യതയ്ക്കു കാരണമാകുമെന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള  പ്രചാരണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഫൈസർ ബയോ എൻ ടെക്ക് (Pfizer Bio NTech ) ലെ സയന്റിസ്റ്റും ഫൈസർ കോവിഡ് വാക്സീന്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തിട്ടുള്ളവരിൽ ഒരാളുമായ ബിനു കൊപ്പാറ പറഞ്ഞു. 
 
 
കോവിഡ് വാക്സീൻ മൂലം ആർക്കും വന്ധ്യതയുണ്ടാകില്ല എന്നാൽ കോവിഡ് വൈറസ് ബാധിച്ചാൽ വന്ധ്യത സംഭവിച്ചേക്കാമെന്നും ബിനു ചൂണ്ടിക്കാട്ടി. അതുകൊണ്ട് വന്ധ്യത വരുമെന്ന് ഭയപ്പെട്ടിരിക്കുന്നവർ കോവിഡ് ബാധിച്ചാൽ വന്ധ്യത ഉണ്ടായേക്കാവുന്ന സാധ്യത മുന്നിൽ കണ്ട് വാക്സീൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
 
 
വന്ധ്യത മാത്രമല്ല കോവിഡ് പല വൈകല്യങ്ങൾക്കും കാരണമാകും: ഡോ. കല ഷഹി 
 
കോവിഡ് വൈറസ് ബാധയുടെ അനന്തരഫലമായി വന്ധ്യത മാത്രമല്ല പല വൈകല്യങ്ങളും സംഭവിക്കാമെന്ന് ഡോ.കല ഷഹി പറഞ്ഞു. കോവിഡ് വൈറസ് മനുഷ്യ കോശങ്ങളെ നശിപ്പിക്കുക വഴി പല അന്തരകീയവയവങ്ങളിലെയും കോശങ്ങളെ നശിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് രക്തധമനികളെയാണ് ഇത് സാധാരണയായി കൂടുതൽ നശിപ്പിക്കുക. ടെസ്റ്റിസിലേക്കുള്ള ഞരമ്പുകളുടെയും രക്തധമനികളുടെയും കോശങ്ങളെ നശിപ്പിക്കുമ്പോൾ ഈ രക്ത ധമനികളിലൂടെ രക്തത്തിന്റെ ഒഴുക്ക് ദുർബലപ്പെടുന്നു. 
 
 
 
 
മാത്രമല്ല കോവിഡ് വൈറസ് ശ്വാസ കോശത്തെയോ കരളിനെയോ തലച്ചോറിനേയോ ബാധിച്ചാലും അത് വന്ധ്യത കാരണമാകുന്ന പാർശ്യ ഫലങ്ങൾക്ക് കാരണമായേക്കാം. ഈ അവയവങ്ങളിലൂടെയുള്ള രക്തധമനികൾക്ക് ക്ഷതമേറ്റാൽ റെസ്‌റ്റോസ്റ്റീറോൺ ഉദ്പാദനത്തെ പ്രതികൂലമായി ബാധിക്കുക വഴിയും വന്ധ്യതയ്ക്കു കാരണമാകാം. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം തെറ്റായ വിവരങ്ങൾക്ക് വശംവദരാകാതെ ലഭ്യമായ വാക്സീൻ സ്വീകരിക്കാൻ തയ്യാറാക്കുകയാണ് വേണ്ടതെന്നും ഡോ. കല വ്യക്തമാക്കി.
 
കോവിഡ് വാക്സീൻ മാത്രമല്ല മറ്റെല്ലാ വാക്സീനുകളെയും വന്ധ്യതയുമായി ചില ക്ഷുദ്ര ശ്കതികൾ ബന്ധപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായിയെന്ന് ഡോ. ജോസഫ് പാച്ചേരിൽ വ്യക്തമാക്കി. കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടയാളുകളുടെ ജനസംഖ്യ കുറയ്ക്കാൻ വേണ്ടി വാക്‌സിനുകൾ ഉൽപ്പാദിപ്പിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾ വാക്സീനുകളിൽ വന്ധ്യതയ്ക്കു കാരണമാകുന്ന ചില മരുന്നുകൾ ചേർക്കാറുണ്ടെന്ന് ചില കുപ്രചാരണങ്ങൾക്ക് വലിയ വിലയാണ് നൽകേണ്ടി വന്നത്. 
 
 
 
ആറു വർഷം മുൻപ് ഇത്തരം പ്രചാരങ്ങളെ തുടർന്ന് വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ച പല കുഞ്ഞുങ്ങളിലും മന്ത്, മലേറിയ, തുടങ്ങിയ രോഗങ്ങൾ കണ്ടു തുടങ്ങിയെന്നും ഡോ. ജോസഫ് പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് ഇവരെ വാക്സിനേറ്റ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
MRNA വാക്സീനുകൾ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധിക്കും
 
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ പൂട്ടാനും ഫൈസർ പോലുള്ള MRNA വാക്സീനുകൾക്ക് കഴിയുമെന്ന് പുതിയ പഠന റിപ്പോർട്ട് ശരിവയ്ക്കുന്നതായി ബിനു കൊപ്പാറ പറഞ്ഞു. എല്ലാ വാക്‌സിനുകളുടെയും പൊതുവായ പ്രവർത്തന ഫലം (efficay) 50 ശതമാനമാണ്. എന്നാൽ ഫൈസർ, മഡേണ തുടങ്ങിയ വാക്സീനുകളുടെ 94 ശതമാനമാണ്. ജോൺസൺ ആൻഡ് ആൻഡ് ജോൺസൺ 70 ശതമാനവുമാണ്. 
 
ഇത്രയേറെ പ്രവർത്തന ഫലമുണ്ടായിട്ടുള്ള ഒരു വാക്സീൻ ഇതിനു മുൻപ് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ഗർഭിണികൾ നിരബന്ധമായും വാക്സീൻ എടുക്കണമെന്ന് ബിനു നിർദ്ദേശിച്ചു. അങ്ങനെ വരുമ്പോൾ അമ്മയിൽ നിന്ന് ലഭിക്കുന്ന മുല പാലിലൂടെ ഗർഭസ്ഥ ശിശുവിന് വാക്സീൻ ലഭ്യമാകും.
 
 
കോവിഡുമായി ജീവന്മരണ പോരാട്ടം നടത്തിയ അനുഭവവുമായി ഡോ കല ഷഹി 
 
2020 വർഷം കോവിഡ് വർഷമായി ചരിത്രം സാക്ഷ്യപ്പെടുത്തുമെന്നു പറഞ്ഞ ഡോ കല ഷഹി താൻ കോവിഡുമായി നടത്തിയ ജീവൻ മരണ പോരാട്ടത്തെക്കുറിച്ചു വിശദീകരിച്ചു. കോവിഡ് വരുക എന്ന് പറയുന്നത് ഒരു തമാശയായി കാണരുതെന്ന് പറഞ്ഞ ഡോ. കല താൻ അനുഭവിച്ച യാതനകളും വേദനകളും വിശദീകരിച്ചു. രണ്ട് അർജന്റ് കെയർ സെന്ററുകളിൽ ജോലി ചെയ്യ്തപ്പോൾ എല്ലാ വിധ തയാറെടുപ്പുകളോടെയുമാണ് ജോലി ചെയ്തത്. 
 
 
 
എല്ലാ സുരക്ഷാ സംവീധാനത്തോടെയും ദിവസേന നിരവധി കോവിഡ് രോഗികളുമായി അടുത്തിടപഴകിയെങ്കിലും തനിക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ ഡിസംബറിൽ ഒരു മാളിൽ ഷോപ്പിംഗിനു പോയതാണ്‌ എല്ലാത്തിനും കാരണമായത്. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തനിക്ക് ശരീര വേദനയും പനിയും അനുഭവപ്പെട്ടു. പിന്നീട് ശക്തമായ ശ്വാസ തടസം ഉണ്ടായി. 
 
ശ്വാസം വലിക്കാൻ കഠിനമായ ബുദ്ധിമുട്ടുകൾ വന്നപ്പോൾ ആംബുലൻസ് വിളിച്ച് ഇ ആറിൽ പോയി. പോകും വഴി താൻ തന്റെ ജീവിതത്തിന്റെ അവസാന യാത്രയായിരിക്കും ഇതു എന്ന് വരെ ചിന്തിച്ചിരുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ഒരു തമാശകളിയല്ല. കൺമുൻപിൽ വാക്‌സിൻ ലഭ്യമാണെങ്കിൽ ഉടൻ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ നിരാകരിക്കുക വഴി ജീവിതം അപകടത്തിലാക്കരുതെന്നും ഡോ.കല ഉത്‌ബോധിപ്പിച്ചു.
 
 
 
എല്ലാവരും വാക്സീൻ എടുത്തെങ്കിൽ മാത്രമേ സമൂഹത്തിൽ ഹേർഡ് ഇമ്മ്യൂണിറ്റി ഉണ്ടാകുകയുള്ളൂ.സോഷ്യൽ മീഡിയ വഴി വരുന്ന തെറ്റായ വാർത്തകളിൽ വിശ്വസിക്കാതെ ആരോഗ്യപ്രവർത്തകർ പറയുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രമെ വിശ്വസിക്കാൻ പാടുള്ളൂ.
 

LEAVE A REPLY

Please enter your comment!
Please enter your name here