സ്വന്തം ലേഖകൻ 

 

 

ന്യൂയോർക്ക്:  കാലം ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും  മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദേഹവിയയോഗത്തിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഫൊക്കാനയ്ക്ക് ഏറ്റവും അടുത്ത ഒരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാരുണ്യത്തിന്റെയും അനുകമ്പയുടെയും നിറസാന്നിധ്യമായിരുന്നു കത്തോലിക്ക ബാവ തിരുമേനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ രോഗികളോടും ആലംബഹീനരോടും ഏറെ അനുകമ്പ കാട്ടിയിരുന്ന ഒരു മഹാത്മാവായിരുന്നുവെന്ന് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി അനുസ്മരിച്ചു. കാൻസർ രോഗികൾക്കായി അദ്ദേഹം ആരംഭിച്ച പരുമല കാൻസർ സെന്റർ കേരളത്തിലെ പാവപ്പെട്ട കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സജിമോൻ കൂട്ടിച്ചേർത്തു..

 

ഫൊക്കാനയിൽ താനുൾപ്പെടെ നിരവധി പേരുടെ ആത്‌മീയ ഗുരുവും സഭ പിതാവും വഴിക്കാട്ടിയുമായിരുന്നു കത്തോലിക്കാ ബാവായെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. സഭയുടെ മാനേജിങ്ങ് കമ്മിറ്റി അംഗമെന്ന നിലയിൽ ബാവ തിരുമേനിയുമായി തനിക്ക് വ്യക്‌തിപരമായ അടുപ്പവും സ്നേഹബന്ധവുമുണ്ടായിരുന്നുവെന്നും ഫിലിപ്പോസ് കൂട്ടിച്ചേർത്തു. അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.

 അമേരിക്കയിലെ ആയിരക്കണക്കിനു വരുന്ന സഭ വിശ്വാസികളോട് ഏറെ സ്നേഹവും കരുതലുമായിരുന്നു ബാവ തിരുമനസിനുണ്ടായിരുന്നതെന്ന് അദ്ദേഹവുമായി നടത്തിയിട്ടുള്ള പല സംഭാഷണങ്ങളിലും തോന്നിയിട്ടുണ്ടെന്നും ഫിലിപ്പോസ്  കൂട്ടിച്ചേർത്തു.

പരുമല കാൻസർ സെന്ററിന്റെ ധനശേഖരണാർത്ഥം ഫ്ലോറിഡ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നൽകിയതായി ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് അനുസ്മരിച്ചു. കാൻസർ സെന്ററിനു വേണ്ടി ഫ്ലോറിഡയിൽ നിന്ന് മികച്ച സ്പോൺസർമാരെ കണ്ടെത്തികൊടുത്തതിനു കൃതജ്ഞതയും അനുഗ്രഹ്വും അർപ്പിച്ച ബാവ തിരുമനസിനൊപ്പം ആ പദ്ധതിക്കുവേണ്ടി ധനം സ്വരൂപിക്കാൻ അവസരം ലഭിച്ചത് ഒരു വലിയ ഭാഗ്യവും അനുഗ്രഹവുമായി കാണുന്നതായും ഡോ. മാമ്മൻ സി. ജേക്കബ് കൂട്ടിച്ചേർത്തു.

ബാവ തിരുമേനിയുടെ പാവന സ്മരണയ്ക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിച്ച ഫൊക്കാന നേതാക്കൾ ആ വലിയ സ്നേഹവും കരുതലും ഇനിയുള്ള കാലം ഓർമ്മിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.

കത്തോലിക്ക ബാവായുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, അഡിഷണൽ അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹി, ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്.ചാക്കോ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here