ഫ്രാൻസിസ് തടത്തിൽ 

 

ന്യൂജേഴ്‌സി: ഫൊക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്വതന്ത്ര സ്വഭാവമുള്ള എത്തിക്സ് കമ്മിറ്റി നിലവിൽ വന്നു. ചില സമാന്തര സംഘടനകളിൽ അടുത്ത കാലങ്ങളിൽ ഉണ്ടായ ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ ഫൊക്കാനയിൽ ഇത്തരം വിവാദങ്ങൾ ഉണ്ടായാൽ അക്കാര്യങ്ങളിൽ സുതാര്യമായ അന്വേക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ്  ഫൊക്കാനയുടെ മുതിർന്ന വനിതാ നേതാവും  മുൻ പ്രസിഡണ്ടുമായ മറിയാമ്മ പിള്ള അധ്യക്ഷയായ 5 അംഗ എത്തിക്സ് കമ്മിറ്റിയെ നിയമിച്ചത്.

 കഴിഞ്ഞ ദിവസം ചേർന്ന ഫൊക്കാന നാഷണൽ കമ്മിറ്റിയുടെയും ട്രസ്റ്റി ബോർഡിന്റെയും സീനിയർ നേതാക്കന്മാരുടെയും സംയുക്ത യോഗമാണ് എത്തിക്സ് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചത്. ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ.കല ഷഹി, നാഷണൽ കമ്മിറ്റി അംഗവും വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രേവതി പിള്ള, ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും നിലവിൽ ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാനയുടെ സീനിയർ നേതാവും മുൻ പ്രസിഡണ്ടുമായ കമാണ്ടർ ജോർജ് കൊരുത് എന്നിവരാണ് സമിതിയിലെ മറ്റ്  അംഗങ്ങൾ.   

ഫൊക്കാനയിൽ ഏതെങ്കിലും പദവികൾ വഹിക്കുന്നവർക്കെതിരെ ലൈംഗിക പീഡനം, സ്ത്രീകളോടുള്ള അവഹേളനം, ലൈംഗിക ചുവയോടുള്ള മനപ്പൂർവ്വമുള്ള സംഭാഷണങ്ങൾ തുടങ്ങിയ ആരോപണങ്ങൾ മേലിൽ ഉണ്ടായാൽ പരാതിക്കാർക്ക് ഈ സമിതി മുൻപാകെ പരാതികൾ നേരിട്ട് സമർപ്പിക്കാവുന്നതാണെന്ന് ഫൊക്കാന  പ്രസിഡണ്ട് ജോർജി വര്ഗീസ് പറഞ്ഞു. സമിതിയുടെ പ്രവർത്തനം സ്വതന്ത്രമായതിനാൽ ആർക്കും ഇതിൽ ഇടപെടാനാവില്ല. പരാതികൾ എത്ര ഉന്നതർക്കെതിരെയാണെങ്കിലും ഈ സമിതി നിഷ്പക്ഷവും സുതാര്യവും മഗ്രവുമായ അന്വേക്ഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള ശിപാർശ ഉൾപ്പെടുന്ന റിപ്പോർട്ട് ട്രസ്റ്റി ബോർഡിന്  സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്തിക്സ് കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശിപാർശകൾ അനുസരിച്ച് പരാതിക്കാരിക്ക് നീതി ഉറപ്പാക്കും വിധം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. രണ്ടു വർഷമാണ് സമിതിയുടെ കാലാവധി. പുതിയ കമ്മിറ്റികൾ അധികാരത്തിൽ എത്തിയ ശേഷം എത്തിക്സ് കമ്മിറ്റി പുനർസംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്തിക്സ് കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖകൾ കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തി തയാറാക്കിയ ശേഷം ട്രസ്റ്റി ബോർഡിന് സമർപ്പിക്കുന്നതായിരിക്കുമെന്നും ഫിലിപ്പോസ് അറിയിച്ചു.

സ്ത്രീകൾക്കെതിരായ ഏതു അതിക്രമങ്ങളിലും ഫൊക്കാനയുടെ നിലപാട് കർശനമായിരിക്കുമെന്ന് ഫൊക്കാനജനറൽ സെക്രെട്ടറി സജിമോൻ ആന്റണി വ്യക്തമാക്കി. ഫൊക്കാനയിൽ സ്ത്രീ ശാക്തീകരണത്തിന് മുൻ തൂക്കം നൽകിക്കൊണ്ടാണ് ജോർജി വര്ഗീസിന്റെ  നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫൊക്കാനയുടെ പ്രഥമ വനിത പ്രസിഡണ്ട് ആയ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ പിള്ള ചിക്കാഗോ മലയാളികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവർത്തകയാണ്. നാലപ്പത്തിനായിരത്തിലധികം മലയാളി നഴ്സുമാർക്ക് തൊഴിൽ കണ്ടെത്തുന്നതിൽ സഹായിച്ചിട്ടുള്ള മറിയാമ്മ പിള്ള 10  നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചുമല വഹിച്ചിരുന്നു. 35 വർഷക്കാലം ഈ നഴ്സിംഗ് ഹോമുകളുടെ ചുമതല വഹിച്ചതുകൊണ്ടാണ് ഇത്രയും ആളുകൾക്ക് തൊഴിൽ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞത്. ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർക്ക് ആർ.എൻ, എൽ.പി.എൻ., സി.എൻ. എ, അക്കൗണ്ടൻസി തുടങ്ങിയ  പ്രാഥമിക കോഴ്സുകൾ നേരിട്ട് നല്കിയയാണ് ഇവർക്ക് തൊഴിൽ നേടിക്കൊടുത്തത്. ഒരേ സമയം 4000 ജീവനക്കാരെ വരെ മാനേജ് ചെയ്തിട്ടുള്ള മറിയാമ്മ പിള്ള പരിശീലനം നൽകിയ നിരവധി പേര് ഇപ്പോൾ പല ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ് തലപ്പത്തു വരെ പ്രവർത്തിക്കുന്നു. മറ്റെല്ലാ കർത്തവ്യങ്ങളിൽ നിന്നു വിരമിച്ച മറിയാമ്മ പിള്ള നിലവിൽ ഒരു ഹോം ഹെൽത്ത് കെയർ നടത്തിവരികയാണ്. ചിക്കാഗോ മലയാളികൾക്കിടയിൽ മറിയാമ്മചേച്ചിയും അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാനയുടെ ഉരുക്കു വനിത എന്നുമാണ് അവർ അറിയപ്പെടുന്നത്. ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കിയത് മറിയാമ്മ പിള്ള എന്ന ഈ ഉരുക്കു വനിതയുടെ  കഴിവിന്റെ മികവുകൊണ്ടാണ്.

സമിതിയംഗങ്ങളിലെ മറ്റൊരു വനിതാ പ്രതിനിധി ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയാണ്. വാഷിംഗ്‌ടൺ ഡി.സിയിൽ രണ്ടു ക്ലിനിക്കുകൾ നടത്തുന്ന ഏറെ തിരക്കുള്ള ഒരു ഡോക്ടർ ആണ് കല. ഈ തിരക്കുകൾക്കിടയിലും ഡോ. കല അറിയപ്പെടുന്നത് വാഷിംഗ്‌ടൺ മേഖലയിലെ ഏറ്റവും മികച്ച ഒരു കലാകാരി എന്നനിലയിലാണ്. ഫൊക്കാന കൺവെൻഷൻ കലാവേദികൾ ഉണരുന്നതു തന്നെ കലയുടെ നേതൃത്തിലുള്ള വാഷിംഗ്ടണിൽ നിന്നുള്ള കലാകാരിയുടെ മാസ്മരിക കലാവിരുന്നുകൾ കൊണ്ടാണ്. ചുരുങ്ങിയ കാലംകൊണ്ട്  ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വിമൻസ് ഫോറത്തിന് നേതൃത്വം നൽകിയ ഡോ. കല കോവിഡ് മഹാമാരി ഉയര്ത്തിയ വെല്ലുവിളികളും പരിമിതികളും തരണം ചെയ്തുകൊണ്ടാണ് ഇത്രയേറെ പരിപാടികൾ വെർച്വൽ ആയി നടത്തിയത്. ഫൊക്കാന വിമൻസ് ഫോറത്തെ ഇന്റർനാഷണൽ തലത്തിൽ വരെ വിപുലീകരിച്ചുകൊണ്ട് 140 അംഗ  കമ്മിറ്റിയാണ് കലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മറ്റൊരു വനിതാ പ്രതിനിധിയായ ബോസ്റ്റണിൽ നിന്നുള്ള ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായ രേവതി പിള്ള ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു കലാകാരിയും സംഘടകയുമെന്ന നിലയിലാണ് . മാസച്ചുസെസിലെ  ഒരു പബ്ലിക്ക് സേഫ്റ്റി കമ്പനിയിറീസേർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡണ്ട് ഓഫ് എഞ്ചിനീറിംഗ് എന്ന തസ്തികയിൽ സേവനം ചെയ്യുന്ന രേവതി പിള്ള ഫൊക്കാന വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് മുൻ സെക്രട്ടറികൂടിയായ രേവതി പിള്ള അറിയപ്പെടുന്ന സംഘാടക കൂടിയാണ്.  

ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ ഡോ. മാമ്മൻ സി. ജേക്കബ് ഫൊക്കാനയുടെ തല മുതിർന്ന നേതാക്കൻമാരിൽ ഒരാളാണ്. തെരെഞ്ഞെടുപ്പിനെതിരെയുള്ള നിയമ നടപടികളും സമാന്തര പ്രവർത്തനവും മൂലം  ഫൊക്കാനയെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ഈ കഴിഞ്ഞ വർഷം ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഡോ. മാമ്മൻ സി. ജേക്കബ് ഏറെ സൗമ്യതയോടെ സ്വധൈര്യം പ്രതിസന്ധികളെ തരണം ചെയ്തു മുന്നിൽ നിന്ന് പോരാടിയതുകൊണ്ടാണ് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതിക്ക്  പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്  സമൂഹ നന്മക്കായി മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞത്. ഫൊക്കാനയിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുണ്ടായ റോചെസ്റ്റർ കൺവെൻഷന്റെ അമരക്കാരനായിരുന്ന അദ്ദേഹം അന്ന്  ഫൊക്കാനയുടെ ജനറൽ സെക്രെട്ടറികൂടിയായിരുന്നു.

ഫൊക്കാനയുടെ ഏറ്റവും തല മുതിർന്ന നേതാക്കളിൽ ഒരാളാണ് എത്തിക്സ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കമാണ്ടർ  ജോർജ് കോരുത്. ഫ്ലോറിഡയിലെ മലയാളികൾക്കിടയിൽ സംഘടനാ ഭേദമന്യേ ഏവരും ബഹുമാനിക്കുന്ന ഈ നേതാവ് ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് കൂടിയാണ്. ഫൊക്കാനയുടെ ഏതു പ്രതിസന്ധിയിലും ഒപ്പം നിൽക്കാറുള്ളകമാണ്ടർ കൊരുതിന് ഏറെ സൗമ്യതയോടെ പ്രതിസന്ധികളെ നേരിടുന്നുള്ള ആർജ്ജവമുണ്ട്. ഫൊക്കാനയുടെ വളർച്ചയ്ക്ക് എന്നും ഒപ്പം നിന്നിട്ടുള്ള അദ്ദേഹത്തെ മുൻപും ഇത്തരത്തിലുള്ള പല സമിതികളിലും നിയമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here