ഡോ. കല ഷഹി

മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ നിഷ എറിക് ഫൊക്കാന 2024 – 2026 കാലയളവിലെ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ മത്സരിക്കുമെന്ന് അറിയിച്ചു. ഫൊക്കാനയുടെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഫൊക്കാനയ്ക്ക് കരുത്താകാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ് നിഷ എറിക്. നിഷ കടന്നുവന്ന മേഖലകള്‍ അത്രത്തോളം പ്രശസ്തമായതാണ്. ചിക്കാഗോയിലെ അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകയായ നിഷ ഫോമയിലൂടെയാണ് തന്റെ നാഷണല്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും എടുത്തു പറയേണ്ട ഒരു പിടി പ്രവര്‍ത്തനങ്ങള്‍ക്ക് നിഷ നേതൃത്വം നല്‍കിയിട്ടുണ്ട്.

2018 ല്‍ ജുവനൈല്‍ ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന് വേണ്ടി എണ്‍പത് ലക്ഷം രൂപ സമാഹരിച്ച് കൊണ്ട് നിഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. കൃത്യമായി ഒരു സംഘടനയേയും അവയുടെ പ്രവര്‍ത്തനങ്ങളേയും ജനങ്ങളില്‍ അടയാളപ്പെടുത്തുവാന്‍ നിഷയ്ക്ക് കൃത്യമായി അറിയാം. 2018 ല്‍ ചിക്കാഗോയില്‍ നടന്ന ഫോമയുടെ കണ്‍വന്‍ഷന്‍ യൂത്ത് ചെയര്‍, 2019 ല്‍ ഫോമാ സെന്‍ട്രല്‍ റീജിയണ്‍ വിമന്‍സ് ചെയര്‍ എന്നീ പദവികളില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

2019 ല്‍ നിഷ ഏറ്റെടുത്ത ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നു ഇനീഷ്യേറ്റഡ് ബാഗ് ഓഫ് റൈസ് ചാരിറ്റി ചലഞ്ച്. അരിബാഗുകള്‍ സ്വരൂപിച്ച് എല്‍ഹര്‍സ്റ്റ് യോര്‍ക്ക് ഫീല്‍ഡ് ഫുഡ് പാന്‍ട്രിയില്‍ ശേഖരിച്ചു. 2020 ഡിസംബറില്‍ ഒരു ദുരന്തത്തില്‍ കുടുംബം നഷ്ടപ്പെട്ട ജിജോ ജോര്‍ജിന് വേണ്ടി നടത്തിയ ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കി നിഷ കണ്ടെത്തിയത് ഒരു ലക്ഷം ഡോളര്‍ ആയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് മാസം തോറും നൂറ് ഡോളര്‍ വീതം നല്‍കുകയും അവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായവും വീട്ടുസാധനങ്ങള്‍ക്കായി സഹായവും നല്‍കാനുള പദ്ധതിക്കും നിഷ എറിക് നേതൃത്വം വഹിച്ചു.

അതിനായി മലയാളീസ് കെയര്‍ & ഷെയര്‍ എന്ന ഒരു സംവിധാനം തന്നെ രൂപപ്പെടുത്തിയിരുന്നു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കുമായി രണ്ടു ലക്ഷത്തിലധികം മാസ്‌കുകള്‍ ആണ് നിഷയുടെ നേതൃത്വത്തില്‍ എത്തിച്ചത്. 2021 ഫോമ ഹെല്‍പ്പിംഗ് ഹാന്‍ഡ് ദേശീയ അംഗമായ നിഷ ജീവകാരുണ്യ ധനസമാഹരണ പ്രവര്‍ത്തിക്കുന്ന ടീമിനൊപ്പം സജീവമായിരുന്നു. 2022 ല്‍ ഫൊക്കാനയുമായി സഹകരിക്കുകയും ഫൊക്കാനയുടെ പ്രസ്റ്റീജ് പദ്ധതിയായ പൊളിറ്റിക്കല്‍ ഇന്റേണ്‍ഷിപ്പിന്റെ ഡയറക്ടര്‍ ആയി നിയമിതയാവുകയും ചെയ്തു. അമേരിക്കയിലുള്ള മലയാളി യുവ സമൂഹത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേണ്‍ ഷിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയ പദ്ധതിയാണ്.

ഒരു സമ്പൂര്‍ണ്ണ കലാകാരി കൂടിയായ നിഷ എറിക്ക് അമേരിക്കന്‍ ഇന്ത്യന്‍ നേഴ്‌സുമാരുടെ കുടിയേറ്റ കഥ പറയുന്ന ഒരു ഡോക്കുമെന്റിയുടെ പണിപ്പുരയിലാണ്. വളരെ വിശാലമായ പ്ലാറ്റ്‌ഫോമില്‍ പറയുന്ന ഈ ഡോക്കുമെന്ററി അമേരിക്കന്‍ മലയാളി നേഴ്‌സുമാരുടെ കുടിയേറ്റ ചരിത്രത്തിന്റെ കഥ പുതിയ തലമുറയ്ക്ക് മുന്നില്‍ തുറന്നു വയ്ക്കും. മുമ്പൊരിക്കലും ആരും പറയാത്ത രീതിയിലാണ് ഈ ഡോക്കുമെന്റെറിയുടെ അവതരണം. വ്യത്യസ്ത പ്രായത്തിലുള്ള നിരവധി നേഴ്‌സുമാരെ അഭിമുഖം നടത്തിയാണ് ഇതില്‍ അഭിനയിപ്പിച്ചിരിക്കുന്നത്. കഥാ സന്ദര്‍ഭം മുന്നോട്ട് വയ്ക്കുന്ന നടന ചാരുതയോടെ നിരവധി കലാകാരികളെ ഈ ഡോക്കുമെന്ററിയില്‍ കാണാം. അവരെല്ലാം നേഴ്‌സുമാരാണ് എന്നത് മറ്റൊരു വ്യത്യസ്തതയാകും. ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ ഈ ഡോക്കുമെന്ററിയുടെ പ്രിവ്യു പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സിനിമ പ്രദര്‍ശന പ്ലാറ്റ്‌ഫോം ആയ നെറ്റ് ഫ്‌ലിക്‌സില്‍ ആകും ഈ ഡോക്കുമെന്റി പ്രദര്‍ശിപ്പിക്കുക. 2024 ല്‍ പൂര്‍ത്തിയാകുന്ന ഈ ഡോക്കുമെന്ററി ഫോക്കാനയ്ക്കും അഭിമാനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ നിഷ എം.സിയായി നിരവധി പരിപാടികള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ അവതാരക. മഴവില്‍ എഫ് എം റേഡിയോ ജോക്കി എന്നീ നിലകളില്‍ മാദ്ധ്യമ രംഗത്തും സജീവമായിരുന്ന നിഷ സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രം പൊതുരംഗത്ത് ശോഭിക്കുന്ന നിഷ എറിക്കിനെ തന്റെ പാനലില്‍ ശക്തിയായി ഒപ്പം നില്‍ക്കാന്‍ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി അറിയിച്ചു. ചിക്കാഗോയിലെ നിറസാന്നിദ്ധ്യമായ നിഷ എറിക് ഫൊക്കാനയുടെ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി മത്സരിക്കുന്നതില്‍ അഭിമാനവും ഒപ്പം പ്രവര്‍ത്തിക്കുവാന്‍ ആവേശവും നല്‍കുന്നു വന്ന് സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കരും ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേലുംഅറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here