
ഡോ. കല ഷഹി
ഫൊക്കാനയുടെ 2024 – 2026 കാലയളവിലെ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ലോറിഡയില്‍ നിന്ന് രാജീവ് ആര്‍.കുമാരന്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി അറിയിച്ചു. ഒര്‍ലാന്‍ന്റോ മലയാളി അസോസിയേഷന്റെ പ്രസിഡന്റും ഫൊക്കാനയുടെ സന്തത സഹചാരിയുമായ രാജീവ് ആര്‍. കുമാരന്‍ ഫ്‌ലോറിഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്. 2006 ല്‍ അമേരിക്കയിലെത്തിയ രാജീവ് ആര്‍ കുമാരന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിറസാന്നിദ്ധ്യമാണ്.
ഫൊക്കാനയുടെ യുവ സമൂഹത്തെ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാനുള്ള പദ്ധതിയോട് വളരെ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നേതാവു കൂടിയായ രാജീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. ജോര്‍ജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ഫ്‌ലോറിഡ കണ്‍വര്‍ഷന്റെ വിജയത്തിന് പിന്നില്‍ തന്റേതായ പങ്കാളിത്തം വഹിക്കുവാന്‍ രാജീവ് ആര്‍ കുമാരന് സാധിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം കണ്‍വന്‍ഷനില്‍ പങ്കെടുത്ത അതിഥികള്‍ക്കും, ഡെലിഗേറ്റുകള്‍ക്കും പ്രിയപ്പെട്ടവന്‍ ആയിരുന്നു.
ഓര്‍മ്മയുടെ അംഗം, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സജീവമായ പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം ഓര്‍മ്മയുടെ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുതലമുറയുടെ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജീവ് ആര്‍ കുമാരന്റെ സ്ഥാനാര്‍ത്ഥിത്വവും പിന്തുണയും ഏറെ ശക്തി പകരുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി അറിയിച്ചു. ഒരു വാക്ക് പറഞ്ഞാല്‍ അതില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് ഒരു വ്യക്തിയുടെ ക്വാളിറ്റിയായി അദ്ദേഹം കാണുന്നത്. തന്റെ ടീമിനൊപ്പം ഉറച്ചു നില്‍ക്കുവാനും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തതിലും നിറഞ്ഞ സന്തോഷമുണ്ടെന്നും ഡോ. കല ഷഹി അറിയിച്ചു.
തിരുവല്ല സ്വദേശിയായ രാജീവ് ആര്‍ കുമാരന്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് വിജയിച്ചു വരേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. അത്രമേല്‍ പ്രവര്‍ത്തന നിരതമായ ഒരു രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. അതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന നിപുണത ഫൊക്കാനയ്ക്ക് എന്നും മുതല്‍ കൂട്ടാകുമെന്ന് ഫൊക്കാന 2024-2026 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍അറിയിച്ചു