(സലിം ആയിഷ : ഫോമാ ന്യൂസ് ടീം)

അമേരിക്കയിലെ സാംസ്കാരിക വൈവിധ്യമാർന്ന വിവിധ സമൂഹങ്ങളിൽ  ജനസേവനത്തിലൂടെയും,  ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെയും, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും  ശ്രദ്ധേയരായ മൂന്ന് മലയാളികൾ  വിവിധ കൗൺസിൽ സ്ഥാനങ്ങളിലേക്ക് മത്സരിക്കുകയാണ്.

ഓവർസീസ് കോൺഗ്രസ് യു എസ് എ (ഐഓസി) ടെക്സാസ് ചാപ്റ്ററിന്റെ അദ്ധക്ഷനും, ഫോമാ സതേൺ റീജിയന്റെ മുൻ ആർ.വി.പിയും, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ മുൻ പ്രെസിഡന്റുമായ  ശ്രീ തോമസ് ജോൺ (തോമസ് ഒലിയാംകുന്നേൽ) ടെക്സാസിലെ സ്റ്റാഫോർഡ് കൗൺസിൽ പൊസിഷൻ ഒന്നിലേക്കും, ഡാളസ് ഫോര്‍ട്‌വര്‍ത്ത് മേഖലയിലെ സാമൂഹ്യ-സാസംകാരിക പരിപാടികളിലെ സജീവ സാന്നിധ്യവും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുൻ അദ്ധ്യക്ഷനും , കവിയും എഴുത്തുകാരനുമായ   പി.സി മാത്യു ടെക്‌സാസിലെ  ഗാര്‍ലന്റ് സിറ്റി ഡിസിട്രിക്ട് 3-ല്‍ നിന്നും, അഭിഭാഷകനും, ധനകാര്യ-വാണിജ്യ മേഖലയിലെ വ്യാപാരിയും,അതിലുപരി  ട്രൈസ്റ്റേറ്റ് മേഖലയിലെ  സുപരിചിതനായ  സംഘടനാ നേതാവുമായ  കോശി ഉമ്മൻ തോമസ്  ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലെ ,ക്വീന്‍സിലെ ഇരുപത്തിമൂന്നാം ഡിസ്ട്രിക്ടില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

അമേരിക്കയിലെ മുഖ്യധാരാ രാഷ്‌ടീയത്തിൽ  മലയാളികളുടെ സാന്നിധ്യം തുലോം പരിമിതമാണ് എന്നിരിക്കെ വിവിധ കൗൺസിലുകളിലേക്ക്  മലയാളികൾ മത്സരിക്കുന്നു എന്നത് വളരെ ആശാവഹമാണ്. കൂടുതൽ മലയാളികൾ രാഷ്‌ടീയ പ്രസ്ഥാനങ്ങളിലൂടെ  സമൂഹത്തിന്റെ സ്പന്ദനങ്ങൾ അറിയാനും, അവരുടെ ഭാഗമാകാനും,  മാറ്റത്തിന്റെ  ചാലക ശക്തിയാകാനും മുന്നോട്ട് വരുന്നത് സന്തോഷമുളവാക്കുന്നു.പൊതു സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്,  പ്രശ്ന പരിഹാരങ്ങൾക്കുതകുന്ന നല്ല മാത്യകകൾ കാഴ്ചവെക്കാനും,  മലയാളികളുടെ യശസ്സുയർത്താനും, ശ്രീ തോമസ് ജോണിന്റെയും, പി.സി മാത്യുവിന്റെയും, കോശി തോമസിന്റെയും, വിജയത്തിലൂടെ കഴിയുമെന്ന് ഫോമാ പ്രത്യാശിക്കുന്നു.

യാതൊരു രാഷ്‌ടീയ ചായ്‌വുമില്ലാത്ത, എല്ലാ രാഷ്ട്രീയ സംഘടനകളോടും, സമദൂരം പാലിക്കുന്ന ഫോമാ മലയാളികളുടെ കൂട്ടായ്മ എന്ന നിലയിൽ  മൂന്ന് പേർക്കും രാഷ്ട്രീയ ബലാബല പരീക്ഷണത്തിൽ വിജയ ശ്രീലാളിതരാകാൻ കഴിയട്ടെ എന്ന് ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here