മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എ അനുശോചനം രേഖപ്പെടുത്തി. ‘ലാളിത്യത്തിനും പ്രതിഭയ്ക്കും പേരുകേട്ട
ഓസ്‌കാര്‍ ജി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും കാര്യക്ഷമമായ ഒരു ഭരണാധികാരി എന്ന നിലയിലും നിര്‍ണായക പങ്കുവഹിച്ചുവെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു.

ഓവര്‍സീസ് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ അദ്ദേഹം ഒരു യഥാര്‍ത്ഥ സുഹൃത്തായി കൂടെ നിന്ന് നടത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് തങ്ങള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ജോര്‍ജ് അബ്രഹാം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം വളരെ ജനകീയനായ വ്യക്തിയായിരുന്നുവെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എ പ്രസിഡന്റ് മൊഹീന്ദര്‍ സിഗ് ഗില്‍സിയാന്‍ പറഞ്ഞു. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തങ്ങളെ അദ്ദേഹം എല്ലായ്‌പ്പോഴും വിനയത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചിരുന്നുവെന്നും മൊഹീന്ദര്‍ സിഗ് ഗില്‍സിയാന്‍ അനുസ്മരിച്ചു.

ഓസ്‌കാര്‍ ജിയുടെ വിയോഗം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ വിനയം, സൗമ്യത, ലാളിത്യം, സത്യസന്ധത എന്നിവ പൊതുജീവിതത്തില്‍ എല്ലാവര്‍ക്കും പ്രചോദനമായി തുടരും. ശ്രദ്ധേയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച സംഭാവനകള്‍ നല്‍കിയ ഈ സഹപര്വര്‍ത്തകനെ താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും കുടുംബത്തെ അനുശോചനമറിയിച്ചുകൊണ്ട് സോണിയാ ഗാന്ധി പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. എണ്‍പത് വയസ്സായിരുന്നു. ബ്ലോസമാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here