ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണത്തേയും പ്രീയങ്കാഗാന്ധിയുടെ അറസ്റ്റിനേയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ അപലപിച്ചു. യുപിയില്‍ ജനാധിപത്യ പ്രക്രിയ തകര്‍ച്ചയിലാണെന്ന് ഐഒസി യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം ആരോപിച്ചു. കലാപത്തിന് പ്രേരിപ്പിച്ച ബിജെപി നേതാക്കളും കര്‍ഷകരുടെ ദേഹത്തേക്ക് വാഹനം ഓടിച്ചു കയറ്റിയ കേന്ദ്രമന്ത്രിയുടെ മകനും ഇപ്പോഴും സ്വതന്ത്രരായി തുടരുന്നത് വിചിത്രമായിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആക്രമണത്തിനിരയായവരുടെ ദുഖത്തില്‍ പങ്കുചേരാനും വിവരങ്ങളന്വേഷിക്കാനുമായി പോയ ഒരു രാഷ്ട്രീയ നേതാവിനെ തടവിലിട്ടിരിക്കുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രീയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത നടടപടിയെ ഐഒസി യുഎസ്എ ശക്തമായി അപലപിക്കുന്നുവെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു.

ബി.ജെ.പി. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്ന സംഭവമാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ കേരിയില്‍ നടന്നത്. സമാധാനപരമായ പ്രതിഷേധം നടത്തുന്നത് മൗലികാവകാശമാണ്, അത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു. അക്രമസംഭവം നടക്കുന്നതിന് മുന്‍പ് കര്‍ഷകരുടെ വിഷയം തന്നെയേല്‍പ്പിക്കുക രണ്ട് മിനുട്ടിനുള്ളില്‍ എല്ലാം ശരിയാക്കിത്തരാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പ്രകോപനപരമായി സംസാരിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അടുത്തിടെ സംസ്ഥാനത്ത് ഒരു കര്‍ഷക പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പരാമര്‍ശം നടത്തിയിരുന്നു. കര്‍ഷകരെ വടികൊണ്ട് നേരിടാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രകോപനപരവും അപലപനീയവുമായ പ്രസ്താവനകള്‍ നടത്തുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ഭരണരീതിയായി മാറിയിരിക്കുന്നു.

സാധാരണ പൗരന്മാരുടെ നിരുപദ്രവകരമായ പ്രസ്താവനകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന മോദി സര്‍ക്കാര്‍ സ്വന്തം നേതാക്കന്മാരുടെ പ്രകോപനപരമായ പ്രസ്താവനകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ലജ്ജാകരമാണ്. ‘കര്‍ഷകരെ തകര്‍ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നും കര്‍ഷകരെ പ്രതിരോധിക്കാന്‍ രാഷ്ട്രീയത്തെ ഉപയോഗിച്ച രീതിയാണ് ഈ സംഭവം കാണിക്കുന്നതെന്നും പ്രീയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

കര്‍ഷകരുമായുള്ള ചര്‍ച്ച തുടരുന്നതിനും ദീര്‍ഘകാലമായുള്ള അവരുടെ പരാതികള്‍ പരിഹരിച്ചു നല്‍കണമെന്നും ഐഒസി യുഎസ്എ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here