ആഷാ മാത്യു 

ലഖിംപൂരില്‍ സമാധാനപരമായി പ്രതിഷേധിച്ച നാല് കര്‍ഷകരുടെ നികൃഷ്ടവും പ്രാകൃതവുമായ കൊലപാതകങ്ങള്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ അരാജകത്വവും നിയമവിരുദ്ധതയും വീണ്ടും ലോകത്തിന് കാണിച്ചുതന്നു. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നതും പ്രതികാര കൊലപാതകങ്ങളും നിയമത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യത്തിനേല്‍ക്കുന്ന കളങ്കമാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഫൂട്ടേജില്‍ കാണുന്നതുപോലെ, മറ്റ് വാഹനങ്ങളോടൊപ്പമുള്ള ജീപ്പ് അതിവേഗത്തില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഓടിക്കയറുന്നത് കണ്ടാല്‍ അത് അവരെ അപായപ്പെടുത്താനുള്ള മനപ്പൂര്‍വ്വമായി നീക്കമാണോയെന്ന് സ്വാഭാവികമായും സംശയം തോന്നും. ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിയുടെ മകന് കൃത്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് പരക്കെ ആരോപണമുണ്ട്. ഈ സംഘര്‍ഷത്തിനിടെ കര്‍ഷകര്‍ക്കെതിരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അക്രമാസക്തരായ കര്‍ഷകര്‍ അപകടത്തിനിടയാക്കിയ വാഹനം അഗ്‌നിക്കിരയാക്കിയതായും വാഹനത്തിലെ യാത്രക്കാരായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും പറയപ്പെടുന്നു. ഉത്തര്‍പ്രദേശിലെ നിയമ നിര്‍വ്വഹണ സംവിധാനത്തിന്റെ മൊത്തത്തിലുള്ള തകര്‍ച്ചയാണ് ഇതിലൂടെ കാണുന്നത്. കൃത്യത്തില്‍ പങ്കുള്ള കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

യു.പി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വദ്രയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സര്‍ക്കാര്‍ 24 മണിക്കൂറിലധികം തടഞ്ഞുവച്ചു. ഇത് ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്. ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ നാലിലധികം ആളുകളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ നിയമത്തിലെ സെക്ഷന്‍ 144 അനുവദിക്കുന്നു. എന്നിരുന്നാലും, അനധികൃത തടങ്കലും അറസ്റ്റുകളുമാണ് നടന്നത്.

അക്രമസംഭവം നടക്കുന്നതിന് മുന്‍പ് കര്‍ഷകരുടെ വിഷയം തന്നെയേല്‍പ്പിക്കുക രണ്ട് മിനുട്ടിനുള്ളില്‍ എല്ലാം ശരിയാക്കിത്തരാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പ്രകോപനപരമായി സംസാരിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അടുത്തിടെ സംസ്ഥാനത്ത് ഒരു കര്‍ഷക പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പരാമര്‍ശം നടത്തിയിരുന്നു. കര്‍ഷകരെ വടികൊണ്ട് നേരിടാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രകോപനപരവും അപലപനീയവുമായ പ്രസ്താവനകള്‍ നടത്തുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ഭരണരീതിയായി മാറിയിരിക്കുന്നു.

സാധാരണ പൗരന്മാരുടെ നിരുപദ്രവകരമായ പ്രസ്താവനകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന മോദി സര്‍ക്കാര്‍ സ്വന്തം നേതാക്കന്മാരുടെ പ്രകോപനപരമായ പ്രസ്താവനകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ലജ്ജാകരമാണ്. ആളുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് തടയാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു. ജനങ്ങള്‍ എന്ത് കേള്‍ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു.

കൂടാതെ, ആളുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് തടയാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു. ഇപ്പോള്‍ ജനം കേള്‍ക്കേണ്ടതിന്റെ ന്യായാധിപനായി സര്‍ക്കാര്‍ മാറുന്നു. ജനാധിപത്യത്തില്‍, രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ സേവിക്കേണ്ടവരാണ്. എന്നാലിവിടെ ജനങ്ങള്‍ എന്ത് വാര്‍ത്തകള്‍ കാണണം, എന്ത് സന്ദേശങ്ങള്‍ വായിക്കണം എന്ന് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മേധാവികളായി നേതാക്കള്‍ മാറിയിരിക്കുന്നു.
 


കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതില്‍ ലഖിംപുര്‍ അക്രമസംഭവം കാരണമായി എന്നതില്‍ സംശയമില്ല. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും വലുതുമായ ഈ പത്ത് മാസത്തെ പ്രതിഷേധത്തില്‍ 600-ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ല. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അവഗണിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണ്.

തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വിനാശകരമാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ കളപ്പുരകള്‍ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) സമ്പന്നമായിരുന്നതിനാല്‍ മാത്രമാണ് രാജ്യം പട്ടിണിയെ അതിജീവിച്ചത്. പാവപ്പെട്ടവരും അധസ്ഥിതരുമായിരുന്നു ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. പുതുക്കിയ നിയമമനുസരിച്ച് ഭക്ഷ്യധാന്യങ്ങളുടെ ശേഖരണവും സംഭരണവും കുത്തക മുതലാളിമാര്‍ക്ക് കൈമാറുകയാണ്. ഇത് ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.

ദരിദ്രരുടെയും നിസ്സഹായരുടെയും ശബ്ദങ്ങള്‍ ഭരണകൂടത്തിന്റെ ചക്രങ്ങള്‍ക്കടിയില്‍ തകര്‍ക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നതായാണ് ചരിത്രത്തിലുടനീളം കാണാന്‍ കഴിയുക. എങ്കിലും ഇത് ജനങ്ങളെ കൂടുതല്‍ ശക്തരാക്കുക തന്നെ ചെയ്യും. എന്തുതന്നെയായാലും സമീപഭാവിയില്‍ യുപിയില്‍ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സര്‍ക്കാരിന് ലഖിംപുര്‍ ഖേരി നിര്‍ണായകമാകുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here