അമ്മമാര്‍ ജീവിച്ചിരിക്കെ മക്കള്‍ മരിക്കുന്നത് കാണേണ്ടിവരുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയദുഃഖം എന്ന് ഗോപിനാഥ് മുതുകാട്. പത്തുമാസം വയറ്റിലിട്ടുവളര്‍ത്തി, നൊന്തുപ്രസവിച്ച്, താരാട്ടുപാടി വളര്‍ത്തുന്ന മക്കള്‍ ഒരു ദിവസം, ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക് പോയിയെന്നറിയുന്ന അമ്മയുടെ ദുഃഖം എത്രമാത്രം തീവ്രമായിരിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒറ്റ ബോട്ടപകടത്തില്‍ ഒരുമ്മയുടെ പതിനൊന്നു മക്കളാണ്‌പൊലിഞ്ഞുപോയത്. മൂന്നുമക്കളും ഭാര്യയും നഷ്ടപ്പെട്ട സിറാജും നാലുമക്കളും ഭാര്യയും നഷ്ടപ്പെട്ട സഹോദരന്‍ സെയ്തലവിയും പുറത്ത് നില്‍ക്കുമ്പോള്‍ അവര്‍ക്കരികിലേക്ക് നടക്കുമ്പോള്‍ ആശ്വാസവാക്കുകളൊന്നും പറയാനില്ലാതെ താന്‍ തളര്‍ന്നു പോയെന്നും അദ്ദേഹം കുറിച്ചു. മയക്കുമരുന്ന് അന്വേഷണത്തിനായി ബോട്ടില്‍ കയറി ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന പോലീസ് ഓഫീസര്‍ സബറുദ്ദീന്റെ വീട്ടിലെത്തുമ്പോള്‍ അന്തരീക്ഷം ശോകമൂകമായിരുന്നു. അകത്തെ കട്ടിലില്‍, പ്രസവിച്ച് കിടക്കുന്ന സബറുദ്ദീന്റെ പ്രിയതമയെ കണ്ടു. മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് ഒന്നുമറിയാതെ തൊട്ടിലില്‍ ഉറങ്ങുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘രണ്ടുദിവസം കഴിഞ്ഞാല്‍ (മെയ് 14) ലോക മാതൃദിനമാണ്. ഇന്നലെ ഞാന്‍ ഒരു മാതാവിനെ കണ്ടു. താനൂരിലെ ബോട്ടപകടത്തില്‍ മക്കളും ചെറുമക്കളും പോറ്റുമക്കളുമൊക്കെയായി സ്വന്തം മടിത്തട്ടിലിട്ടുവളര്‍ത്തിയ പതിനൊന്ന് പേരുടെ മരണം ഒരുമിച്ച് കാണേണ്ടിവന്ന ഒരു ഉമ്മയെ. അമ്മമാര്‍ ജീവിച്ചിരിക്കെ മക്കള്‍ മരിക്കുന്നത് കാണേണ്ടിവരുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയദുഃഖം എന്ന് ഞാന്‍ കരുതുന്നു. പത്തുമാസം വയറ്റിലിട്ടുവളര്‍ത്തി, നൊന്തുപ്രസവിച്ച്, താരാട്ടുപാടി വളര്‍ത്തുന്ന മക്കള്‍ ഒരു ദിവസം, ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക് പോയിയെന്നറിയുന്ന അമ്മയുടെ ദുഃഖം എത്രമാത്രം തീവ്രമായിരിക്കും! ഒറ്റ ബോട്ടപകടത്തില്‍ ഒരുമ്മയുടെ പതിനൊന്നു മക്കളാണ്‌പൊലിഞ്ഞുപോയത്.

ഇന്നലെ കുന്നംകുളത്തുനിന്ന് ലബീബ് ഹസ്സനോടൊപ്പം താനൂര്‍ക്ക് പുറപ്പെടുമ്പോഴേ എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. നിര്‍ജീവമായ പതിനൊന്ന് ശരീരങ്ങളെ അവസാനമായി അടുത്തടുത്ത് കിടത്തിയിരുന്ന പുരത്തറയില്‍ അല്‍പനേരം നിന്നു. തൊട്ടുപുറകിലുള്ള ചെറിയ വീടിനുള്ളിലേക്ക്, ആ ഉമ്മയിരിക്കുന്ന കട്ടിലിനരികിലേക്ക് നടന്നടുക്കുമ്പോള്‍ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. കട്ടിലിരുന്ന് ആ ഉമ്മയുടെ കൈത്തലം എന്റെ കൈപ്പത്തില്‍ വച്ചപ്പോള്‍ മൂര്‍ദ്ധാവിലൂടെ എന്തോ ഒന്ന് ഇരച്ചുകയറുന്നതുപോലെ. ഹൃദയം പിളരുന്നതുപോലെ.

മൂന്നുമക്കളും ഭാര്യയും നഷ്ടപ്പെട്ട സിറാജും, നാലുമക്കളും ഭാര്യയും നഷ്ടപ്പെട്ട സഹോദരന്‍ സെയ്തലവിയും പുറത്ത് നില്‍ക്കുമ്പോള്‍, അവര്‍ക്കരികിലേക്ക് നടക്കുമ്പോള്‍ ആശ്വാസവാക്കുകളൊന്നുംപറയാനില്ലാതെ ഞാന്‍ തളര്‍ന്നു. വിങ്ങിപ്പൊട്ടിക്കൊണ്ട് സൈതലവി പറഞ്ഞ ചില സത്യങ്ങള്‍ കേട്ട് ഞാന്‍ നടുങ്ങി. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി നിയമവ്യവസ്ഥകളെ നിസ്സാരമായി കാറ്റില്‍പറത്തുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥകേട്ട് നിസ്സഹായനായി നിന്നു. മസ്‌കുലാര്‍ അസ്ട്രോഫി എന്ന അവസ്ഥ അനുഭവിക്കുന്ന അവരുടെസഹോദരിയുടെ കുഞ്ഞുമകനെ ചേര്‍ത്തുപിടിക്കുമ്പോള്‍, അവന്റെ ഉമ്മയുടെ കണ്ണില്‍ നിന്ന് വാര്‍ന്നൊഴുകുന്നകണ്ണുനീര്‍ തുള്ളികള്‍ എന്റെ നെഞ്ചിലേക്ക് പതിക്കുന്നതുപോലെ തോന്നി.

മയക്കുമരുന്ന് അന്വേഷണത്തിനായി ബോട്ടില്‍ കയറി ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന പോലീസ് ഓഫീസര്‍ സബറുദ്ദീന്റെ വീട്ടിലെത്തുമ്പോള്‍ അന്തരീക്ഷം ശോകമൂകമായിരുന്നു. അകത്തെ കട്ടിലില്‍, പ്രസവിച്ച് കിടക്കുന്ന സബറുദ്ദീന്റെ പ്രിയതമയെ കണ്ടു. മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് ഒന്നുമറിയാതെ തൊട്ടിലില്‍ഉറങ്ങുന്നു.

ഓലപ്പീടികയിലെ മൂന്നുപേര്‍ നഷ്ടപ്പെട്ട വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നകോട്ടുമല കൃഷ്‌ണേട്ടന്‍ പറഞ്ഞു. ഈ വീട്ടിലായിരുന്നു ഭിന്നശേഷിയുള്ള ഫാത്തിമ മിന്‍ഹ എന്നകുട്ടിയുണ്ടായിരുന്നത്. അവളെയും ചേര്‍ത്തുപിടിച്ച്, അവളെ നോക്കാനായി അവളുടെ ഒരു സഹോദരനെയും കൂട്ടി ഉപ്പ അബൂബക്കര്‍ സിദ്ദിക്കും എന്നെന്നേക്കുമായി യാത്രയായി. സി എച്ച് സെന്ററിന്റെ സാരഥി മുനീര്‍, ഫാത്തിമമിന്‍ഹയുടെ മറ്റൊരു സഹോദരന്‍ ജുനൈദിനെ എന്റെ അരികിലിരുത്തി. അവന്റെ മുഖത്തുള്ള നിര്‍വികാരതയില്‍നിന്ന് എല്ലാം വായിച്ചെടുക്കാമായിരുന്നു.

രാത്രി കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രയില്‍ എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കുറങ്ങാനായില്ല. കണ്ണടയ്ക്കുമ്പോള്‍ ആ ഉമ്മയുടെ കണ്ണുകളാണ് മനസ്സില്‍ തെളിയുന്നത്. തൊട്ടിലില്‍ കിടക്കുന്ന ആപിഞ്ചോമനയുടെ മുഖമാണ് മനസ്സില്‍ നിറയുന്നത്. ഇന്നും നാളെയും കാസര്‍കോട്ടെ ഭിന്നശേഷിക്കാരായ മക്കളുടെയും മാതാപിതാക്കളുടെയും കൂടെയാണ്.

ഈ ഭൂമിയില്‍ കളിക്കാനും ചിരിക്കാനും സൗഹൃദങ്ങളോടൊപ്പം നടക്കാനും പറക്കാനും പ്രകൃതി നല്‍കിയപുണ്യമാണ് ഓരോ ജീവിതവും. പക്ഷേ, ചില അനുഭവങ്ങള്‍ ചിലരുടെ മനസ്സില്‍ എന്നെന്നേക്കുമായി ശൂന്യതനിറയ്ക്കുന്നു. അവരെ ഒന്ന് ചേര്‍ത്തുനിര്‍ത്താനായാല്‍, ആ ശൂന്യതയിലേക്ക് അല്പം സ്‌നേഹം പകരാനായാല്‍അതുമതിയാവും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍.’

LEAVE A REPLY

Please enter your comment!
Please enter your name here