കൊച്ചി: സ്വർണത്തിന്റെ കസ്റ്റംസ് നികുതി കുറച്ച നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യപനത്തിനുശേഷം കേരളത്തിൽ ഇതുവരെ സ്വർണവില കുറഞ്ഞത് പവന് 680 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുമ്പോഴാണ് രാജ്യത്ത് ഈ വിലക്കുറവു ലഭിക്കുന്നത്. ഇന്നലെ പവന് 400 രൂപയും ഇന്ന് 280 രൂപയും കുറഞ്ഞു. ഒരു വർഷംകൊണ്ട് റോക്കറ്റ് പോലെ കുതിച്ച സ്വർണവിലയെ പഴയ രീതിയിലേക്കു മടക്കിക്കൊണ്ടുവരാൻ നിർമല സീതാരാമന്റെ ബജറ്റിനു കഴിയുമോ എന്നാണ് ജനങ്ങളെല്ലാം ഒത്തു നോക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവ് സ്വർണവിലയിൽ ഇനിയും കുറവു വരുത്തുമോ എന്നു പരിശോധിക്കാം.

∙പ്രതിഫലനം തുടങ്ങി

വിപണിയിൽ ഇപ്പോൾ ലഭിക്കുന്നത് 12.5 ശതമാനം നികുതി നൽകി ഇറക്കുമതി ചെയ്ത സ്വർണമാണ്. എങ്കിലും നികുതി കുറച്ചതിന്റെ അന്നു തന്നെ വിലക്കുറവ് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ദേശീയ ബുള്യൻ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ 1000 രൂപയുടെയും (3 ശതമാനം) കുറവുണ്ടായി. കമ്മോഡിറ്റി വിപണിയിലും സ്വർണാഭരണ വിപണിയിലും വിലക്കുറവ് പ്രതിഫലിക്കുന്നുണ്ട്. എന്നാൽ വെള്ളി വിപണിയിൽ കാര്യമായ വിലക്കുറവ് ഉണ്ടായിട്ടുമില്ല. വെള്ളി ഗ്രാമിന് ഇന്ന് 2 രൂപയാണു കുറഞ്ഞു.

∙പ്രതീക്ഷിക്കാമോ വലിയ വിലക്കുറവ് ?

കസ്റ്റംസ് നികുതി കുറയുമ്പോൾ ഒരു കിലോഗ്രാം തങ്കം ഇറക്കുമതിയിൽ 11000 രൂപയുടെ കുറവാണ് ഉണ്ടാകുന്നത്. ഈ നേട്ടം ഉപയോക്താക്കളിലേക്കുമെത്തും. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ വില ഇപ്പോൾ 45 ലക്ഷം രൂപയാണ്. ഇതിന് ആനുപാതികമായ നേട്ടമാകും ജനങ്ങൾക്കു ലഭിക്കുക. കുറച്ച കസ്റ്റംസ് ഡ്യൂട്ടി ഇന്നു പ്രാബല്യത്തിലായി. വലിയ ഇടിവുണ്ടാകില്ലെങ്കിലും വിലക്കുറവ് ഇനിയും പ്രതീക്ഷിക്കാമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ എസ്. അബ്ദുൽ നാസർ പറഞ്ഞു. കുറഞ്ഞ നികുതികൊടുത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണം ആഭരണങ്ങളായി വിപണിയിലെത്തുമ്പോഴും ആനുപാതിക വിലക്കുറവ് പ്രതീക്ഷിക്കാം. എന്നാൽ രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചുള്ള വിലവ്യത്യാസം പ്രതീക്ഷിക്കണം.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു തന്നെയാണു നിൽക്കുന്നത്. ട്രോയ് ഔൺസിന് 931.1 ഗ്രാം സ്വർണം) 1860 ഡോളർ നിലവാരത്തിലാണു വില. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഓഹരി വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടപ്പോൾ സ്വർണത്തിലേക്കു ചുവടുമാറ്റിയ നിക്ഷേപകർക്ക് ഇപ്പോഴും സ്വർണത്തോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. ഓഹരി വിപണികൾ നേട്ടത്തിന്റെ പാതയിലേക്കു തിരിച്ചെത്തുമ്പോഴും സ്വർണം വലിയ തോതിൽ വിറ്റഴിക്കാൻ നിക്ഷേപകർ തയാറാകാത്തതാണ് വില ഉയർന്നുതന്നെ നിൽക്കാൻ കാരണം. സ്വർണവിലയിലുണ്ടായ കുറവ് സ്വർണനിക്ഷേപവും കൂട്ടുന്നുണ്ട്. വില കുറഞ്ഞു തുടങ്ങിയതോടെ നിക്ഷേപം വലിയ തോതിൽ ഉയർന്നാൽ ഡിമാൻഡ് വീണ്ടും കൂടും. സ്വർണ ഡിമാൻഡ് കൂടുന്നത് വീണ്ടും വില ഉയരാൻ കാരണമാകും. കോവിഡ് പ്രതിസന്ധിയിൽ നിന്നു വിപണികൾ പൂർണമായി കരകയറുമ്പോൾ, ഒരു പക്ഷേ, സ്വർണവില കുറഞ്ഞേക്കാം.

∙കല്ലുകളുടെ വില കൂടും

ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് നികുതി കുറച്ചെങ്കിലും ആഭരണങ്ങളിലുപയോഗിക്കുന്ന കല്ലുകളുടെ നികുതിയിൽ വർധനയുണ്ടായിട്ടുണ്ട്. കട്ട് ചെയ്ത, പോളിഷ്ഡ് സ്റ്റോണുകളുടെ നികുതിയിൽ 5,7.5 ശതമാനം എന്നിങ്ങനെയാണു വർധന. കല്ലുകൾക്ക് കൃഷി,വികസന സെസ് ബാധകമാകില്ലെങ്കിലും നികുതി വർധന ചെറിയ തോതിൽ വില കൂട്ടും.

∙സ്വർണത്തിന്റെ കസ്റ്റംസ് നികുതി ഇങ്ങനെ

12.5 ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടിയാണ് 7.5 ശതമാനത്തിലേക്കു കുറയുന്നത്. കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 12.5 (ഫലത്തിൽ 12.87 ശതമാനം) ആക്കി ഉയർത്തിയത് നിർമല സീതാരാമൻ 2019 ൽ അവതരിപ്പിച്ച ബജറ്റിലാണ്. വില ക്രമാതീതമായി ഉയർന്നു നിൽക്കുന്നതിനാലും സ്വർണക്കള്ളക്കടത്തു വർധിക്കുന്നതിനാലുമാണ് നികുതി കുറയ്ക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. നികുതി ഇളവു നൽകണമെന്ന് സ്വർണവ്യാപാരികൾ ദീർഘനാളായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നികുതി 5 ശതമാനം കുറഞ്ഞെങ്കിലും 2.5 ശതമാനം ക്ഷേമ സെസ് സ്വർണത്തിന്റെ ഇറക്കുമതിയിലും ബാധകമാകും. ഫലത്തിൽ 10.75 ശതമാനം നികുതി സ്വർണ ഇറക്കുമതിയിൽ നൽകേണ്ടിവരും. 7.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയോടൊപ്പം അതിന്റെ 10 ശതമാനം കൂടി നികുതിയിനത്തിൽ വരും. 3 ശതമാനം ജിഎസ്ടി എന്നതിൽ മാറ്റമില്ല.

∙കള്ളക്കടത്ത് കുറയും

ഉയർന്ന കസ്റ്റംസ് ഡ്യൂട്ടിയാണ് സ്വർണക്കള്ളകടത്ത് കൂടാനുണ്ടായിരുന്ന പ്രധാന കാരണം. എന്നാൽ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവു ലഭിച്ചതോടെ കള്ളക്കടത്ത് കുറയുമെന്നു പ്രതീക്ഷിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here