• ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും


കൊച്ചി: ഹോട്ടല്‍ടെക്, ഫുഡ്‌ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്‌സ്‌പോ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള്‍ ക്രമേണ പൂര്‍വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്‌സ്‌പോ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്രി-ബിസിനസ് എക്‌സ്‌പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 11-ാമത് ഫുഡ്‌ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവ ഓണ്‍ലൈനായി നടത്തിയപ്പോള്‍ ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്‌സ്‌പോ സംഘടിപ്പിക്കാന്‍ പ്രേരണയായതെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്‌സ്‌പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.

ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്‌ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.


സമീപഭാവിയില്‍ ഇന്ത്യന്‍ ടൂറിസത്തിന് വന്‍വളര്‍ച്ചയേകുമെന്ന് കണക്കാക്കപ്പെടുന്ന വെല്‍നസ് ടൂറിസം മേഖലയ്ക്ക് എക്‌സ്‌പോ ഊന്നല്‍ നല്‍കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഈ രംഗത്തെ നൂതന പ്രവണതകളും പരിഷ്‌കൃത സാങ്കേതികവിദ്യകളും മേള പരിചയപ്പെടുത്തും. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, സേവനങ്ങളുടെ ഡെമോണ്‍സട്രേഷനുകള്‍, നെറ്റ് വര്‍ക്കിംഗ് മീറ്റിംഗുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യന്‍ വെല്‍നസ് മേഖലയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ കേരളത്തിനും കേരളത്തിലെ ഈ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്: https://healthbeautyexp.floor.bz/cast/login

കഴിഞ്ഞ 15 വര്‍ഷമായി എക്‌സ്‌പോ സംഘാടകരംഗത്തു പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്‌സ്‌പോസ് ഫുഡ്‌ടെക്, ഹോട്ടല്‍ടെക് കേരള മേളകളിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജിച്ചത്.

ഏഴക്കരനാട് രസായന ആയുര്‍വേദ സെന്റര്‍ പാര്‍ട്ണര്‍ ശ്രീരാജ് നായര്‍, ബോധിന മാനേജിംഗ് ഡയറക്ടര്‍ ബോബി കിഴക്കേത്തറ, അസി. ജനറല്‍ മാനേജര്‍ ഡോ. നായര്‍ അശ്വതി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്

Cruz Expos
Chingam, K. P. Vallon Road, Kadavanthra, Kochi – 682 020. India
Mob: +91 8893304450
E-mail: joseph@cruzexpos.comevent@cruzexpos.com
www.cruzexpos.com

LEAVE A REPLY

Please enter your comment!
Please enter your name here