തോമസ് കൂവള്ളൂര്‍ 

കോവിഡ് 19 എന്ന മഹാമാരി ലോക ജനതയെ ആകമാനം പരിഭ്രാന്തിയിലാക്കാന്‍ തുടങ്ങിയിട്ട്  ഒരു വര്‍ഷത്തിലേറെയായി. ലോകത്താകമാനം, പ്രത്യേകിച്ച് അമേരിക്കയില്‍ ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കോവിഡിന്റെ പിടിയില്‍ പെട്ട് മരണമടഞ്ഞു. ഇപ്പോള്‍ പത്ര മാധ്യമങ്ങളില്‍ നോക്കിയാല്‍ 50 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരാണ് ദിവസവും മരണമടഞ്ഞു കൊണ്ടിരിക്കുന്നതെന്നു കാണാന്‍ കഴിയും.

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ചെറുപ്പക്കാരെയാണെന്ന് കാണാം. ലോകാരോഗ്യ സംഘടനയുടെ (വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍) ഈ അടുത്ത കാലം വരെയുണ്ടായിരുന്ന നിഗമനം കോവിഡ് 19 പ്രായമായവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി തുടങ്ങി. കാരണം ലക്ഷക്കണക്കിന് ചെറുപ്പക്കാരും കോവിഡിന്റെ പിടിയില്‍ പെട്ടു മരിക്കുന്നതായി നാം ദിവസവും വാര്‍ത്താ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു.

സ്‌കൂളുകളിലും കോളേജുകളിലുമായി പഠിച്ചുകൊണ്ടിരിക്കുന്ന  ചെറുപ്പക്കാര്‍ 2020ല്‍ നേരിട്ട് സ്കൂളിൽ പോയി ക്ലാസ് അറ്റന്‍ഡ് ചെയ്യാനാകുന്നില്ല എന്നു പറയുമ്പോള്‍ മനുഷ്യന്‍ ഇന്നേവരെ പടുത്തുയര്‍ത്തിയ സങ്കല്പങ്ങള്‍ എല്ലാം നിമിഷനേരം കൊണ്ട് തകരുന്നതുപോലെ തോന്നി പോകും. വേണ്ടവിധം വിദ്യാഭ്യാസം ലഭിക്കാതെ വന്നാല്‍ വരുംതലമുറ ലക്ഷ്യമില്ലാതെ അനിശ്ചിതത്വത്തിലേക്ക് ആയിരിക്കും നീങ്ങാന്‍ സാധ്യത. യോഗ അലയണ്‍സ് യു എസ് എ യുടെ യോഗ ടീച്ചര്‍ രജിസ്ട്രയില്‍  രജിസ്‌ട്രേഡ് യോഗ ടീച്ചര്‍ (E-RYT 500 ) ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ യോഗ പഠിക്കാന്‍ ദിവസവും അനേകം അപേക്ഷകള്‍ എനിക്ക് ലഭിക്കാറുണ്ട്.

കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡോ-അമേരിക്കന്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പ്രസ്ഥാനം സ്ഥാപിച്ചു നിരവധിപേരെ യോഗ പഠിപ്പിക്കാനും, രോഗികളായിരുന്ന പലരെയും യോഗ മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുവാനും എനിക്ക് കഴിഞ്ഞതിനാല്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പലപ്പോഴായി യോഗയെപറ്റി, അതു എങ്ങിനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നും ഞാന്‍ എഴുതിയിട്ടുള്ളതാണ്. പക്ഷേ, അതുകൊണ്ടൊന്നും അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാം. എന്നുതന്നെയല്ല വിദ്വെഷകന്മാരായ  ചിലര്‍ യോഗയെയും ആസനങ്ങളെയും പുച്ഛിച്ചു, തരാം താഴ്ത്തി ചിത്രീകരിക്കാനും ശ്രമിക്കാതെ ഇരുന്നിട്ടില്ല.

കോളേജില്‍ പോയതുകൊണ്ടോ, ഡോക്ടര്‍ ആയതുകൊണ്ടോ, വൈദീകാധ്യക്ഷന്മാരായതുകൊണ്ടോ രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ടോ, യോഗ എന്താണെന്ന് അറിഞ്ഞിരിക്കണമെന്നില്ല. ഞാന്‍ ഇത്രയും എഴുതാന്‍ കാരണം കോവിഡ് 19 തുടങ്ങുന്നതിന് ഏതാനും നാളുകള്‍ക്കു മുന്‍പ് ഒരു ക്രിസ്തീയ പുരോഹിതന്‍ യോഗ പൈശാചികം ആണെന്നും ആരും ആ മാര്‍ഗത്തിലേക്ക് നീങ്ങരുതെന്നും വിശ്വാസികളെ പഠിപ്പിക്കുന്നതായി കാണാനിടയായി. എങ്കിലും യോഗയില്‍ പ്രാവീണ്യം നേടിയ ആളെന്ന നിലയ്ക്ക് എനിക്ക് എന്റെ ധര്‍മ്മം നിറവേറ്റണ്ടതും, അറിവില്ലാത്തവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടതും എന്റെ കടമയായി എനിക്ക് തോന്നുന്നു അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്.

യോഗ പലവിധത്തില്‍ ഉണ്ടെങ്കിലും അതെങ്ങനെ പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നുള്ളതാണ് ഇപ്പോഴത്തെ പ്രഥാന പ്രശ്‌നം.സ്‌കൂളുകളും കോളേജുകളും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടച്ചതോടെ കുട്ടികള്‍ക്ക്  ജിംനേഷ്യങ്ങളിലോ യോഗ ക്ലാസുകളിലോ പോകാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടായി. പബ്ലിക് ജിംനേഷ്യമുകളും ഹെല്‍ത്ത് ക്ലബ്ബ്കളുമെല്ലാം പൂട്ടിപ്പോയി. ഈയിടെ എനിക്കു പരിചയമുള്ള ഹെല്‍ത്ത് ക്ലബ്ബുകളില്‍ യോഗ പഠിപ്പിച്ചുകൊണ്ടിരുന്ന ചിലരെ കാണുവാന്‍ ഇടയായി. അവര്‍ ക്രമാതീതമായ രീതിയില്‍ വണ്ണം വെച്ചതായും, ശരീരം വേദന, ഭാവിയെപ്പറ്റിയുള്ള ആകുലത, തുടങ്ങി പലവിധ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉള്ളവരായി തീര്‍ന്നെന്നും അവര്‍ പറയുകയുണ്ടായി.

അവര്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതുമൂലം അമിതമായ വണ്ണം വച്ചതിനാല്‍  പലവിധത്തിലുള്ള ശാരീരികവും മാനസികവുമായ വിഷമതകള്‍ കൂടി വരുന്നതായും പലരും സൈക്കോളജിസ്റ്റുകളെയും സൈക്യാട്രിസ്റ്റുകളേയും  കാണാന്‍ പോകുന്നതായും, ഉത്കണ്ഠയും, അമിത വണ്ണത്തിനുള്ള  മരുന്നുകളും ചികിത്സയും  തുടങ്ങിയതായും അറിയാൻ കഴിഞ്ഞു. അതുപോലെതന്നെ പ്രായമായവര്‍ നിരവധിപേര്‍ പേര്‍ അടുത്തകാലം വരെ സ്‌ട്രെസ് (പിരിമുറുക്കം), അതായത് മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ മൂന്നും നാലും മൈല്‍ നടക്കുന്ന പരിപാടി ഉണ്ടായിരുന്നത് കോവിഡിന്റെ  വരവോടെ പെട്ടെന്ന് നിര്‍ത്തലാക്കി. പ്രായമായ പലര്‍ക്കും മാസ്‌ക് വച്ചു കൊണ്ടിരിക്കുക ശ്വാസംമുട്ടുന്നന്നതിന്  കാരണമായിത്തീര്‍ന്നു. ജീവിതത്തില്‍ പെട്ടെന്നുള്ള ഈ മാറ്റം മനുഷ്യരുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിന് കാരണമായി.

കോവിഡിനുള്ള പ്രതിരോധ കുത്തിവെപ്പ് മരുന്ന് 2020 ല്‍ എത്തിയെങ്കിലും സാധാരണക്കാരിലേക്ക് എന്ന് എത്തുമെന്ന് ഇപ്പോഴും ഉറപ്പു പറയാനാകില്ല.. എത്തിയാല്‍ തന്നെ ചെറുപ്പക്കാര്‍ക്ക് അത് ലഭിക്കണമെങ്കില്‍ ഇനിയും വളരെ നാള്‍ കാത്തിരിക്കേണ്ടി വരും. ഈയിടെ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ കൂട്ടിലകപ്പെട്ട കിളിയുടെ കൂട്ടാണ്  മനുഷ്യരുടെ ഇന്നത്തെ അവസ്ഥ. പകല്‍ മുഴുവന്‍ സ്‌കൂളുകളിലും കോളേജുകളിലുമായിരുന്ന കുട്ടികളും മുതിര്‍ന്നവരും വീട്ടിലെ ഒരു മുറിയില്‍ മാത്രമായി കഴിഞ്ഞു കൂടേണ്ടി വരിക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍  ഇത് വഴി ഉണ്ടാവാനും സാധ്യതയുണ്ട്. അതിലേക്കൊന്നും തത്കാലം ഞാന്‍ കടക്കുന്നില്ല.

മാനസികപിരിമുറുക്കം, അല്ലെങ്കില്‍ സ്‌ട്രെസ്  മൂലമുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്. അതുപോലെതന്നെ അമിതമായി ആഹാരം കഴിച്ചാല്‍ അത് ഊര്‍ജ്ജമാക്കി പുറത്തു കളയണം. അതിനുവേണ്ടിയാണ് അധികവും വ്യായാമം ചെയ്യുന്നത്. വ്യായാമം ചെയ്യാനുള്ള അവസരം ലഭിക്കുന്നുമില്ല. അപ്പോഴാണ് യോഗയുടെ പ്രാധാന്യം. ‘സ്ഥല-കാല-സമയ പരിമിതികള്‍ക്ക് അതീതമായ യോഗ’ അതായിരുന്നു ഇന്‍ഡോഅമേരിക്കന്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്രയും നാളത്തെ പരീക്ഷണങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച യോഗാഭ്യാസ രീതി. അമേരിക്കയില്‍, പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ അധികവും അപ്പാര്‍ട്ട്‌മെന്റ്കളിലാണ് താമസിക്കുന്നത്. ഞാന്‍ പഠിപ്പിക്കുന്ന യോഗ ചെയ്യാന്‍ അധികം സ്ഥലം വേണമെന്നില്ല. 84 വിധത്തിലുള്ള വിവിധയിനം പോസുകള്‍. അത്രയും ചെയ്യാന്‍ സാധിക്കാത്തവര്‍ അതിന്റെ പകുതി, അതായത് 42 വിവിധയിനം പോസുകള്‍ ചെയ്യാന്‍ ശ്രമിക്കുക.

ഹഠയോഗ  വിധിപ്രകാരമുള്ള പോസുകളില്‍ ചിലതു മാത്രമേ ഞാന്‍ ഇക്കാര്യത്തിന് നിര്‍ദ്ദേശിക്കുന്നുള്ളൂ. ആദ്യമായി യോഗ എന്താണെന്നും ഹഠയോഗ എന്താണെന്നും മനസ്സിലാക്കുക. നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ നിയന്ത്രണത്തില്‍ കൊണ്ട് വരിക അത് വഴി നമ്മുടെ മനസ്സിനെയുംസാവകാശം നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിനു നമുക്ക് കഴിയും. യോഗയ്ക്ക് മതമോ, രാഷ്ട്രീയമോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഇല്ലെന്നോര്‍ക്കണം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ചെയ്യാവുന്നവയാണ് ഹഠയോഗ.

ഹംയോഗ എന്നല്ല ഹഠയോഗ എന്നാണ് ഹഠയോഗ പ്രീതീപികയില്‍ പറഞ്ഞിരിക്കുന്നത്. ചിലര്‍ ഹതയോഗ എന്നും പറയാറുണ്ട്. വായനക്കാര്‍ എങ്ങനെ വേണമെങ്കിലും കരുതിക്കൊള്ളുക. ഒരുപക്ഷേ ഹതയോഗ എന്നതായിരിക്കും ശരി. കാരണം ശരീര ഭാഗങ്ങളെ ബലപ്രയോഗത്തിലൂടെ മറ്റാരുടേയും സഹായമില്ലാതെ നാം തന്നെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നാണ് ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഭാഷാ പണ്ഡിതന്മാര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അക്കാര്യം ഞാന്‍ അവര്‍ക്ക് വിട്ടിരിക്കുന്നു. മനുഷ്യ ശരീരത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന പ്രധാന മൂന്ന് കെമിക്കലുകളാണ് സെറോടോണിന്‍, ഡോപോമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നിവ. ഇന്നും ശാസ്ത്രലോകം ഇവയെപ്പറ്റി കൂലങ്കഷമായി പഠിച്ചുകൊണ്ടിരിക്കുകയാണ്.

യോഗ ചെയ്യുന്നതിലൂടെ ഈ കെമിക്കലുകളും അതുപോലെ തന്നെ നിരവധി ഹോര്‍മോണുകളും പ്രവര്‍ത്തനക്ഷമമാകും. മേല്‍പ്പറഞ്ഞ മൂന്ന് കെമിക്കലുകളും മനുഷ്യന്റെ ബ്രെയിനും നട്ടെല്ലും നാഡീവ്യൂഹങ്ങളുമായി ബന്ധപ്പെട്ടവയാണ്. എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ വേദനകളെ വരെ ശമിപ്പിക്കുന്ന ഒന്നാണ്. സെറോടോണിനും ഡോപാമൈനും സന്തുലിതമായി ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാമറിയാതെ തന്നെ നമ്മുടെ മനസ്സ് ശാന്തവും സന്തോഷപ്രദവുമായിരിക്കും. പണ്ടുകാലം മുതലേ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന പുരോഹിതരും മറ്റ് മതശ്രേഷ്ഠന്മാരും മനസ്സിനെ നിയന്ത്രിക്കുന്നതിന് യോഗ ചെയ്തുപോന്നിരുന്നു. യേശുക്രിസ്തു ഒരിക്കല്‍ നിങ്ങള്‍ കുട്ടികളെ കണ്ടു പഠിക്കുവിന്‍ എന്നു പറഞ്ഞത് ഒരുപക്ഷേ യോഗയുടെ മാഹാത്മ്യം മനസ്സിലാക്കിയതുകൊണ്ടാവാം എന്നു ഞാന്‍ കരുതുന്നു.

കാരണം കൊച്ചുകുട്ടികള്‍ മലര്‍ന്നുകിടന്ന് അവരുടെ കാലുകള്‍ നിഷ്പ്രയാസം തലയ്ക്കുമുകളില്‍ കൊണ്ടുവരുന്നതും തീരെ ചെറിയ കുട്ടികള്‍ നിഷ്പ്രയാസം കാലിന്‍െ പെരുവിരല്‍ കടിച്ചു രസിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. അതേസമയം പ്രായമായാല്‍ നമുക്കതിന് കഴിയുകയുമില്ല. സാധിക്കുമെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കുക. അതുപോലെ തന്നെ അഭ്യാസികളെപ്പോലെ ആരും പരിശീലിപ്പിക്കാതെ തന്നെ കുട്ടികള്‍ കാണിക്കുന്ന അബ്യാസ പ്രകടനങ്ങളും കരണം മറിച്ചിലുകളും വീക്ഷിച്ചുനോക്കിയാല്‍ അവയെല്ലാം ദൈവം മനുഷ്യന് നല്‍കിയിട്ടുള്ള കഴിവുകളാണെന്ന് കാണാം. അവയെ പരിപോഷിപ്പിച്ചെടുത്താണ് പണ്ടത്തെ മഹര്‍ഷിമാര്‍ യോഗ എന്ന ശാസ്ത്രം രൂപപ്പെടുത്തിയെടുത്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊച്ചുകുട്ടികള്‍ അഭ്യാസ പ്രകടനങ്ങളും തലകുത്തി മറിച്ചിലും നടത്തുമ്പോള്‍ പ്രായമായവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരികയില്ല. പലരും അവരെ നിരുത്സാഹപ്പെടുത്താനും ശ്രമിക്കാറുണ്ട്.

ഈ കോവിഡ് കാലത്തില്‍ കുട്ടികള്‍ ചാടുകയും മറിയുകയും ചെയ്യട്ടെ എന്ന് വെക്കുന്നതിലൂടെ അവരുടെ മാനസികപിരിമുറുക്കത്തെ ലഘൂകരിക്കുകയാവും നാം ചെയ്യുന്നത്. കൊച്ചുകുട്ടികളെ ശ്രദ്ധിച്ചുനോക്കുക. ചാടുകയും മറിയുകയും ചെയ്യുന്ന കുട്ടികള്‍ മെയ് വഴക്കമുള്ളവരും അവരുടെ മനസ്സ് നിര്‍മ്മലവും മുഖം സന്തോഷ പ്രദവുമായിരിക്കും. പരമാവധി നാം അവരെതടയാതിരിക്കാന്‍ ശ്രദ്ധിക്കുക. സാധിക്കുമെങ്കില്‍ കൊച്ചുകുട്ടികള്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ സാധിക്കുമോ എന്ന് ശ്രമിച്ചുനോക്കുക.

അടുത്ത ലക്കത്തില്‍ വീട്ടിലെ ചുരുങ്ങിയ ചുറ്റുപാടില്‍ എങ്ങനെ യോഗ ചെയ്യാം എന്നുള്ളതിനെപ്പറ്റിയും വിവിധ തരത്തിലുള്ള യോഗയെപ്പറ്റിയും വിവരിക്കുന്നതായിരിക്കും.

3 COMMENTS

  1. വാർത്തകളും വിശേഷങ്ങളും യഥാ സമയങ്ങളിൽ അറിയുവാൻ നിരവധി സാങ്കേതിക മാർഗ്ഗങ്ങളുള്ള ഈ കാലയളവിൽ മനുഷ്യർക്ക് പ്രയോജനപ്രദമായ ഇത്തരം ഫീച്ചറുകൾ വലിയ പ്രാധാന്യം അർഹിക്കുന്നു.

    ഈ കോവിഡ് കാലയളവിൽ യോഗായുടെ പ്രാധാന്യത്തേക്കുറിച്ച് വായനക്കാർക്ക് വായിച്ചറിയുവാനും പ്രയോജനപ്പെടുത്തുവാനും പര്യാപ്തമായ രീതിൽ ഒരു പരമ്പരയാക്കുവാൻ മനസസുകാണിച്ച യോഗാചാര്യൻ ശ്രീ. കൂവള്ളി സാറിനും, അത് പ്രാധാന്യത്തോടുകൂടി പ്രസിദ്ധീകരിക്കുവാൻ തയ്യാറായ ‘കേരളാ ടൈംസ് ‘ പത്രാധിപർക്കും എന്റെ അഭിനന്ദനങ്ങൾ..?

    സ്നേഹപൂർവ്വം, രാജു ശങ്കരത്തിൽ

  2. ഒരു പ്രൊഫഷണൽ യോഗ ക്ലാസ്സിൽ പോലും പങ്കെടുത്തിട്ടില്ലാത്ത എനിക്ക് പോലും, കൂവള്ളൂർ ജിയുടെ “പ്രായത്തിനെ വെല്ലുവിളിക്കുന്ന ആ ആത്മവിശ്വാസം” വളരെ പ്രചോദനം നൽകി. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

  3. Thank you Raju Sankarathil and Anil Puthenchira for reading my article and understanding it, and also making a positive comment so that I can write more about Yoga to educate the public at this time of Covid- 19 pandemic.

LEAVE A REPLY

Please enter your comment!
Please enter your name here