ഭക്ഷണത്തിന്റെയും ജീവിത രീതിയുടെയും പ്രത്യേകതകൊണ്ട് കേരളത്തില്‍ കരള്‍ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ അത്രവ്യാപകമാകാത്ത ഇവിടെ മരണസംഖ്യയും ഏറുന്നു. കരള്‍ അത്ര നിസാരക്കാരനല്ല. അത് സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവുമൊക്കെ കരളിനെ കാര്‍ന്നുതിന്നുന്ന അവസ്ഥകളാണ്.
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ വയറിന്റെ വലത് ഭാഗത്തായി നെഞ്ചിന്‍ കൂടിനു താഴെ സ്ഥിതി ചെയ്യുന്നു.

കരളിന്റെ ഘടന

കരളിനെ ഇടതും വലതുമായി രണ്ട് ഭാഗങ്ങളായിതിരിച്ചിട്ടുണ്ടെങ്കിലും വൃക്കപോലെ ഇത് രണ്ട് വശത്തായല്ല. മറിച്ച് ഒന്നിച്ച് തന്നെയാണ് ശരീരത്തില്‍ സ്ഥിതിചെയ്യുന്നത്. പ്രവര്‍ത്തന മേഖലയുടെ അടിസ്ഥാനത്തിലും കരളിന് ഇടത് വലത് വേര്‍തിരിവ് ഉണ്ടെങ്കിലും ഘടനാ പരമായി ഈ വേര്‍തിരിവ് തികച്ചും വ്യത്യസ്തമാണ്.
ഭാരമുള്ള കരളിനെ വയറിന്റെ മേല്‍ഭാഗത്തായി നിലനിര്‍ത്തുന്നത് അതിന്റെ രക്തക്കുഴലുകളും ഏതാനം ചില ആവരണങ്ങളുമാണ്. മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും അവയില്‍ പ്രവേശിക്കുന്ന രക്തം ഹൃദയത്തിലേക്ക് തിരികെ എത്തിക്കുന്നത് കരളിലൂടെയാണ്. അതായത് വയറിലെ ഒട്ടുമിക്ക രക്തയോട്ടവും കരളിന്റെ രക്തക്കുളലിലൂടെയാണ് ഹൃദയത്തിലേക്ക് എത്തുന്നത്. കരളിന്റെ മറ്റൊരു പ്രത്യേകത മനുഷ്യന്റെ ജീവിതകാലം മുഴുവന്‍ വളരാന്‍ സാധിക്കും എന്നതാണ്. ഏതെങ്കിലും കാരണത്താല്‍ കരള്‍ കുറച്ച് മുറിച്ചു മാറ്റിയാല്‍ അത് വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ വളര്‍ന്നു വരും. ഇത് തന്നെയാണ് ജീവിച്ചിരിക്കുന്ന കരള്‍ദാതാക്കളിലും സംഭവിക്കുന്നത്.

കരളിന്റെ ധര്‍മ്മങ്ങള്‍

ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ നൂറുകൂട്ടം ജോലികള്‍ ഒരുമിച്ച് കരള്‍ നിര്‍വഹിക്കുന്നുണ്ട്.
1. ശരീരത്തില്‍ പ്രവേശിക്കുന്ന വിഷാംശങ്ങളെ പുറത്താക്കല്‍.
2. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്‍പാദിപ്പിക്കുക.
3. രക്തത്തിലെ ചില മാംസ്യങ്ങള്‍ നിര്‍മ്മിക്കുക.
4. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ചില വസ്തുക്കളുടെ നിര്‍മാണം.
5. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍.
6. പ്രധിരോധ ശക്തിയെ സഹായിക്കല്‍.
7. ചില മരുന്നുകളെ പുറന്തള്ളല്‍ എന്നിങ്ങനെ കരള്‍ ചെയ്യുന്ന പ്രവൃത്തികള്‍ തികച്ചും വ്യത്യസ്തവും സങ്കീര്‍ണവുമാണ്.

കരള്‍ രോഗങ്ങളും പ്രതിരോധവും

കരളിനെ ബാധിക്കുന്ന ഏത് രോഗങ്ങളും ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഇതില്‍ താരതമ്യേന ലളിതമായ രോഗങ്ങള്‍ മുതല്‍ മാരകമായ രോഗങ്ങള്‍ വരെയാകാം. ഈ രോഗങ്ങളില്‍ പലതിനെയും ജീവിത ശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് പ്രതിരോധിക്കാം എന്നതാണ് ഒരു പ്രധാന കാരണം.
മദ്യപാനം, പുകവലി, വൃത്തിഹീനമായ ആഹാരവും വെള്ളവും, അമിതവണ്ണം, അമിതാഹാരം, ചില മരുന്നുകള്‍ എന്നീ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ നല്ലൊരു പങ്ക് കരള്‍ രോഗങ്ങളും വരാതെ സൂക്ഷിക്കാനോ നിയന്ത്രിക്കുവാനോ സാധിക്കും.

മയക്കുമരുന്ന് ഉപയോഗം, അപരിചിതരുമായുള്ള ലൈംഗിക ബന്ധം, പ്രതിരോധകുത്തിവയ്പിന്റെ അഭാവം എന്നിവയും കരള്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളാണ്. കരളിനെ ഏറ്റവും അധികം ബാധിക്കുന്ന കരള്‍ വീക്കരോഗങ്ങളുടെ നിയന്ത്രണം, അതു മൂലം ഉണ്ടാകുന്ന മഹോദരം, കരളിലെ അര്‍ബുദം എന്നീ മാരക രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.

ചില നൂതന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ആളുകളുടെ മദ്യാസക്തിയും മറ്റും നിരീക്ഷിക്കാനും അപായ സൂചനകള്‍ നല്‍കാനും കരളിന് സാധിക്കും. കേരളത്തിലെ കരള്‍ രോഗങ്ങളില്‍ പ്രധാനം മദ്യപാനം കൊണ്ടുള്ള കരള്‍ വീക്കവും അതുമായി ബന്ധപ്പെട്ടുള്ള മഹോദരം എന്ന മാരകരോഗവും തന്നെയാണ്.

ഈയിടെ സ്ത്രീകളില്‍ ഫാറ്റിലിവര്‍, മഹോദരം എന്നിവ കൂടുതലായി കണ്ടുവരുന്നു. ഇതില്‍ പ്രധാനവില്ലന്‍ അമിത വണ്ണം, പ്രമേഹം എന്നീ ആരോഗ്യപ്രശ്‌നങ്ങളാണ്. ഇവ ഉണ്ടാക്കുന്നതോ അമിതാഹാരം, വ്യായാമം ഇല്ലായ്മ തുടങ്ങിയ ജീവിത ശൈലീതകരാറുകളും.

കരള്‍ മാറ്റിവയ്ക്കല്‍ എന്ത്? എന്തിന്?

പത്രമാധ്യമങ്ങളില്‍ കൂടി നാം ധാരാളമായി കേള്‍ക്കുന്നതാണ് കരള്‍ മാറ്റിവയ്ക്കലിനെക്കുറിച്ച്. കരളിനെ ബാധിക്കുന്ന മാരക രോഗമായ മഹോദരമാണ് നമ്മുടെ നാട്ടില്‍ കരള്‍മാറ്റിവയ്ക്കലിന്റെ പ്രധാന കാരണം. വളരെ അപൂര്‍വമായി കുട്ടികളിലെ പിത്തക്കുഴലുകളുടെ സങ്കോച രോഗം, മുതിര്‍ന്നവരിലെ കരള്‍ കാന്‍സര്‍ എന്നിവയും കരള്‍ മാറ്റിവയ്ക്കലിന് കാരണമാകുന്നുണ്ട്.
പൊതുവേ മസ്തിഷ്‌ക മരണം സംഭവിച്ച ആരോഗ്യവാനായ 60 വയസിന് മേല്‍ പ്രായമില്ലാത്ത ആര്‍ക്കും കരള്‍ നല്‍കാം. കരള്‍ മുഴുവനായി എടുത്ത് ഒന്നോ രണ്ടോ പേര്‍ക്ക് വീതിച്ചു നല്‍കുന്ന രീതിയുണ്ട്. ഒരേ രക്തഗ്രൂപ്പുള്ളവര്‍ക്കാണ് ഇത് യോജിക്കുക.

ജീവിച്ചിരിക്കുന്ന ബന്ധുക്കളോ മറ്റോ കരളിന്റെ പകുതി ഭാഗം മുറിച്ച് നല്‍കുന്നതാണ് മറ്റൊന്ന്. ഇതിനെ ലിവര്‍ ഡോണര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. ഇംഗ്ലണ്ട് മുതലായ പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതലും കരള്‍ മുഴുവായി നല്‍കുന്ന രീതിയാണ് ഉള്ളത്. അതിന് അവര്‍ക്ക് രാജ്യം മുഴുവന്‍ ബന്ധപ്പെടുത്തിയുള്ള അവയവദാന ശൃംഖലയുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കൂടുതലും ലിവര്‍ ഡോണര്‍ ട്രാന്‍സ്പ്ലാന്റ് ആണ് നടക്കുന്നത്. ഇതിന് ജാതിമത രാഷ്ട്രീയ കാരണങ്ങള്‍ വിശ്വാസരീതികള്‍ എന്നിവ കാരണക്കാരാണ്.

ബോധവല്‍ക്കരണം അനിവാര്യം

അവയവ ദാനം പോലുള്ള ആധുനിക ചികിത്സാ രീതികളോട് ശരിയായ രീതിയില്‍ പ്രതികരിക്കാനും അവ ഉപയോഗപ്പെടുത്താനും നാം ഇനിയും ഏറെ മുന്നേറേണ്ടിയിരിക്കുന്നു. പൊതു പരിപാടികള്‍, കോളജ് കാമ്പയിനുകള്‍, മാധ്യമങ്ങള്‍, ലഘുലേഖകള്‍, തുടങ്ങിയവയിലൂടെ ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നാം ഓരോരുത്തരും ശ്രമിക്കണം.
വൃക്കരോഗികളെ പോലെ ഡയാലിസ് ചെയ്ത് കരള്‍ രോഗികളെ നിലനിര്‍ത്താന്‍ പറ്റിയ സംവിധാനങ്ങള്‍ ഇന്നില്ല. അതിനാല്‍ മാരക കരള്‍ രോഗങ്ങള്‍ക്കുള്ള പ്രതിവിധി കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ്. ഇത്തരം രോഗവുമായി കരളിന് വേണ്ടി കാത്തിരിക്കുന്ന അനേകര്‍ ഇന്ത്യയിലുണ്ട്. അവരിലെ തീരെ ചെറിയ ഒരു ശതമാനത്തിന് മാത്രമാണ് ഈ ശസ്ത്രക്രിയ വഴി ‘പുനര്‍ജന്മം’ സാധ്യമാകുന്നത്.
അതിനു കഴിയാത്ത നല്ലൊരു പങ്കും മരണത്തിന് കീഴടങ്ങുകയാണ് പതിവ്. അവരെ സഹായിക്കാന്‍ നമുക്ക് കൂട്ടായ്മകള്‍ ഉണ്ടാകണം.

‘കരള്‍ രോഗത്തിന്റെ പ്രതിരോധമാര്‍ഗങ്ങള്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആവശ്യകതകള്‍’ എന്നീ രണ്ടു മുദ്രാവാക്യങ്ങളുമാകട്ടെ ഇനി നമ്മുടെ ലക്ഷ്യങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here