കൗമാരപ്രായമോ, യൗവനമോ, മധ്യവയസോ, ജീവിതഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നമേതുമില്ലാതെ കടന്നുപോയ സ്ത്രീകള്‍ ഉണ്ടാവാനിടയില്ല. ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് ആ ദിവസങ്ങള്‍. അമിത രക്തസ്രാവം, ആര്‍ത്തവ വേദന, മൂഡ് ചെയ്ഞ്ച്, അല്‍പാര്‍ത്തവം, ആര്‍ത്തവമില്ലായ്മ, ആര്‍ത്തവം നീണ്ടുപോക്ക് അങ്ങനെ ആര്‍ത്ത പ്രശ്‌നങ്ങള്‍ നിരവധിയാണ്.
മാറിയ ഭക്ഷണക്രമങ്ങളും ജീവിത ശൈലിയും ഹോര്‍മോണ്‍ വ്യതിയനങ്ങളുമെല്ലാം ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആര്‍ത്തവ വേളയിലെ രക്തസ്രാവം പലര്‍ക്കും പലരീതിയിലാവും. രക്തം പോക്ക് തീരെ കുറയുന്നതും കൂടുന്നതും അത്ര നിസാരമായി തള്ളതരുത്. ഗര്‍ഭാശയസംബന്ധമായതോ, മറ്റോ ആയ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാകാം.
ആര്‍ത്തവരക്തം
ആര്‍ത്തരക്തത്തിന്റെ അളവ് കൃത്യമായി പറയാന്‍ സാധിക്കില്ല. 30 മുതല്‍ 80 മില്ലി ലിറ്റര്‍ രക്തം ഓരോ ആര്‍ത്തവത്തിലും പുറത്ത് പോകുന്നുവെന്നാണ് പൊതുവെ കണക്കാക്കുന്നത്. ആര്‍ത്തവത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ കൂടുതലും പിന്നീടുള്ള ദിവസങ്ങളില്‍ രക്തം പോക്ക് സ്വാഭാവികമായും കുറയുകയുമാണ് പതിവ്. ആര്‍ത്തവ ദിനങ്ങില്‍ പോകുന്ന രക്തം കൂടുതലാണോ കുറവാണോ എന്ന് സ്ത്രീകള്‍ക്ക് സാധാരണ തിരിച്ചറിയാന്‍ കഴിയും . ആറ് ദിവസത്തില്‍ കൂടുതല്‍ രക്തം പോകുന്നുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതുണ്ട്.
രക്തസ്രാവം കുറഞ്ഞാല്‍
ആര്‍ത്തവം കൃത്യമായിരിക്കുകയും രക്തം പോക്ക് കുറവുമാണെങ്കില്‍ അത്ര ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ആര്‍ത്തവത്തിന്റെ തുടക്കമാസങ്ങളില്‍ ആവശ്യത്തിന് രക്തം വരികയും പിന്നീട് തീരെ കുറയുകയും ചെയ്തതായി കാണപ്പെടുന്നുമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. പോഷകക്കുറവ്, വിളര്‍ച്ച, രക്തക്കുറവ്, ശാരീരികമായ രോഗങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ട് ആര്‍ത്തവരക്തസ്രാവം കുറയാറുണ്ട്.
അമിത രക്തസ്രാവം
ചില സ്ത്രീകളില്‍ ആര്‍ത്തവ ദിവസങ്ങളില്‍ അമിതമായ രക്തസ്രാവം കാണപ്പെടാറുണ്ട്. രക്തസ്രാവം സാധാണയിലും കൂടുതലാണോ എന്ന ആശങ്ക പലരിലും ഉണ്ടാകാറുണ്ട്. ഒരു ദിവസം എത്ര തവണ പാഡ് മറ്റേണ്ടി വരുന്നു എന്ന് കണക്കാക്കുന്നതിലൂടെ അമിത രക്തസ്രാവം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയും. അമിത ആര്‍ത്തവ രക്തസ്രാവമുള്ളവര്‍ക്ക് പെട്ടെന്നുതന്നെ, അതായത് ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ പാഡ് മറ്റേണ്ടതായി വരും. കൂടാതെ ഇവരില്‍ ഒരാഴ്ച മുഴുവന്‍ രക്തസ്രാവം നീണ്ടുനില്‍ക്കുകയും ചെയ്യും. അമിതമായ രക്തം പോക്ക് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനുമിടയാക്കും. ഗര്‍ഭനിരോധന മാര്‍ഗം ‘ഐയുഡി’ (ഗര്‍ഭധാരണം തടയുന്നതിനുള്ള ഉപകരണം) ഗര്‍ഭപാത്രത്തിനുള്ളില്‍ കടത്തി വയ്ക്കുന്നത് ആര്‍ത്തവ സമയത്ത് രക്തസ്രാവം അമിതമാവാന്‍ കാരണമാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഐയുഡിക്ക് പകരം മറ്റേതെങ്കിലും മാര്‍ഗം സ്വീകരിക്കുക.
കാരണങ്ങള്‍
ഗര്‍ഭനിരോധനോപാധികള്‍ ഗര്‍ഭാശയത്തിനുള്ളില്‍ നിക്ഷേപിക്കുക, ഗര്‍ഭാശയ വീക്കം, പ്രസവശേഷം ഗര്‍ഭാശയം ചുരുങ്ങാതിരിക്കുക തുടങ്ങി അമിത രക്‌രതസ്രാവത്തിന് പലവിധ കാരണങ്ങളുണ്ട്. ഗര്‍ഭാശയമുഴുകള്‍ ചില ഗര്‍ഭനിരോധനോപാധികള്‍ എന്നിവയും കാരണമാകാം. ആര്‍ത്തവവിരാമ കാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് സാധാരണയായി അമിത രക്തസ്രാവത്തിന് കാരണമാവുക. ആദ്യ ആര്‍ത്തവത്തിന് ശേഷവും ആര്‍ത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള കാലയളവിലും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നത് രക്തസ്രാവം അമിതമാകുന്നതിന് കാരണമാകാറുണ്ട്. ആര്‍ത്തവ സമയത്ത് ഉള്‍പാളിയുടെ വളര്‍ച്ച അമിതമാവുകയും അതുമൂലം കനത്ത രക്തസ്രാവം ഉണ്ടാകുന്നു.
ഗര്‍ഭാശയ മുഴുകള്‍:
ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന ചെറിയ മുഴകളാണ് ഫൈബ്രോയിഡുകള്‍. ഈ ഫൈബ്രോയിഡുകള്‍ കാരണം മെനോറേജിയ ഉണ്ടാകാം. ഇവ വലിയ അപകടകാരിയല്ലെങ്കിലും അമിത രക്തസ്രാവത്തിനടയാക്കും.
ഓവുലേഷന്‍ നടക്കാതിരിക്കുമ്പോള്‍:
ആര്‍ത്തവ സമയത്ത് കൃത്യമായി അണ്ഡവിസര്‍ജനം നടക്കാത്തവരില്‍ ഹോര്‍മോണ്‍ ഉത്പാദനവും ശരിയായ രീതിയില്‍ നടക്കുകയില്ല. ഇത് ഹോര്‍മോണ്‍ അസന്തുലിതാവ്‌സഥയ്ക്ക് കാരണമാവുകയും അമിത രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യുന്നു.
രക്തസ്രാവത്തിലെ തകരാറുകള്‍:
ശരീരത്തില്‍ രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകള്‍ പാരമ്പര്യമായി ഉള്ളവരിലും ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകാം.
ഗര്‍ഭാശയമുഖ കാന്‍സര്‍:
അണ്ഡാശയം, ഗര്‍ഭപാത്രം, ഗര്‍ഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ അമിത രക്തസ്രാവത്തിന് കാരണമായേക്കാം.