മലയാളിലുടെ ഭക്ഷണ ശീലത്തില്‍ മധുരം പതിവാണ്. പഞ്ചസാരയുടെ അതിമധുരത്തില്‍ മുങ്ങിക്കുളിച്ചെത്തിയ ലഡുവും ജിലേബിയുമൊക്കെ മലയാളിയാഘോഷങ്ങളുടെ ഭാഗമാണ്. പക്ഷേ, ഒന്നോര്‍ക്കുക, ഈ പഞ്ചസാര അത്രയ്ക്ക് ‘മധുരമില്ല’. പഞ്ചസാരയുടെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പഞ്ചസാര നിത്യജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്തിയാല്‍ പലരോഗങ്ങള്‍ക്കും തടയിടാം.

കരിമ്പില്‍ നിന്നുമാണ് പഞ്ചസാര ഉത്പാദിപ്പിക്കുന്നത് എന്നതൊക്കെ ശരിതന്നെ. എന്നാല്‍ കരിമ്പില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളെല്ലാം നീക്കം ചെയ്ത് ജൈവസ്വഭാവമില്ലാത്ത രാസവസ്തുവായാണ് പഞ്ചസാര ഫാക്ടറില്‍ ഉത്പാദിപ്പിക്കുന്നത്. ഈ പുറംതള്ളല്‍ പ്രക്രിയയില്‍ കരിമ്പിലുള്ള വിറ്റാമിനുകളും ധാതുക്കളും മറ്റു പോഷകങ്ങളും നീക്കം ചെയ്യപ്പെടുന്നു. തന്മുലം പഞ്ചസാരയില്‍ മധുരത്തിന് കാരണമാവുന്ന സുക്രോസ് മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ പഞ്ചസാരയെ ‘വെള്ളുത്ത വിഷം’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഏതു ഭക്ഷ്യവസ്തുവിലും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കും. എന്നാല്‍ പഞ്ചസാരയില്‍നിന്നും ലഭിക്കുന്ന ഊര്‍ജമാവട്ടെ ശരീരത്തിന് വളരെ വേഗത്തില്‍ ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്നതിനെ ഫ്രീ കലോറീസ് എന്നാണ് അറിയപ്പെടുന്നത്. അവ ശരീരത്തിന് ആവശ്യമില്ലാത്തതാണ്. പഞ്ചസാരയെ ഭക്ഷ്യപദാര്‍ഥമായി പരിഗണിക്കാന്‍ പറ്റില്ലെന്നാണ് പോക്ഷകവിദഗ്ധര്‍ പറയുന്നത്. ഇനി പരിഗണിച്ചാല്‍തന്നെ ഏറ്റവും മോശമായ വസ്തുവായാണ് കരുതിപോരുന്നത്.


അമിത ഉപയോഗം അപകടം

പഞ്ചസാരക്ക് എല്ലാവരും ഗുഡ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. അതിന്റെ ദോഷവശങ്ങളെ പറ്റി ജനങ്ങള്‍ ബോധവാന്മാരല്ല. പഞ്ചസാരയുടെ വെളുത്ത കരങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പഞ്ചസാര രക്തത്തിലേക്ക് പെട്ടെന്നു ആഗിരണം ചെയ്യുന്നൂ. അതിനാല്‍ ശരീരത്തില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതു ഭക്ഷണത്തിലെ അധിക ഊര്‍ജത്തെ കൊഴുപ്പായി മാറ്റുന്നു. ഇതിന്റെ ഫലമായി ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നു.
കൊളസ്‌ട്രോള്‍ വര്‍ധന ക്രമേണ ഹൃദ്രോഗത്തിലേക്ക് വഴിതെളിക്കും. പഞ്ചസാര കൂടുതല്‍ കഴിക്കുന്നതനുസരിച്ച് ശരീരത്തില്‍ കാത്സ്യമുള്‍പ്പെടെ പല ധാതുക്കള്‍ക്കും കുറവുണ്ടാവുന്നു. തന്മുലം അസ്ഥിയുടെ സാന്ദ്രത കുറയാന്‍ കാരണമാവും. അധിക ക്ഷീണം, പ്രമേഹം, അമിതവണ്ണം, ദന്തക്ഷയം തുടങ്ങിയവയും പഞ്ചസാരയുടെ ഉപയോഗം വഴി ഉണ്ടാകാം.
പ്രകൃതിമധുരവും കൃത്രിമ മധുരവും

പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മധുരവും പഞ്ചസാര മധുരവും കൃത്രിമ മധുരങ്ങളും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. കരിമ്പ്, മധുരക്കിഴങ്ങ്, തേന്‍, പഴങ്ങള്‍ എന്നിവയിലെ മധുരമാണ് പ്രകൃതിജന്യ മധുരം എന്ന് അറിയപ്പെടുന്നത്. എന്നാല്‍ കരിമ്പില്‍നിന്നും ഉത്പാദിപ്പിക്കുന്ന പഞ്ചസാര ഫാക്ടറിയില്‍ രാസപ്രക്രിയയ്ക്ക് വിധേയമാകുന്നതിനാല്‍ ഈ പ്രകൃതി മധുരങ്ങളുടെ ഗണത്തില്‍പ്പെടുത്താനാവില്ല. ഇനി മറ്റൊരു വിഭാഗമാണ് കൃത്രിമ മധുരം.
രാസപ്രക്രിയയിലൂടെ വികസിപ്പിച്ചെടുക്കുന്നതാണ് കൃത്രിമ മധുരങ്ങള്‍. ഇവ പഞ്ചസാരപോലെ മധുരം നല്‍കുന്നുണ്ട്.

അതേസമയം ഊര്‍ജം നല്‍കുന്നില്ല. അക്കാരണത്താല്‍ പ്രമേഹരോഗികള്‍ കൃത്രിമ മധുരം ഉപയോഗിച്ചുവരുന്നു. സക്കാരിന്‍, അസ്പാര്‍ട്ടം, എസ്‌സള്‍ഫോം, സുക്രലോസ് തുടങ്ങി പല കൃത്രിമമധുരങ്ങളും വിപണിയില്‍ ലഭ്യമാണ്. അവയൊക്കെ പക്ഷേ, ആരോഗ്യത്തിന് എത്രമാത്രം സുരക്ഷിതമാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിക്കുന്നു.
പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കര ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ല. ശര്‍ക്കരയ്ക്ക് മധുരം ഉണ്ടെങ്കിലും പഞ്ചസാരയുടെ നിര്‍മാണംപോലെ രാസപ്രക്രിയകള്‍ക്ക് വിധേയമാകുന്നില്ല. കൂടാതെ ശര്‍ക്കരയില്‍ ധാതുലവണങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.
പ്രകൃതിജന്യവസ്തുക്കളില്‍ മധുരം നല്‍കുന്ന ജൈവരാസപദാര്‍ഥങ്ങളിലും ചില വ്യത്യാസങ്ങളുണ്ട്. കരിമ്പ്, മുരക്കിഴങ്ങ് തുടങ്ങിയവയില്‍ സുക്രോസും പഴങ്ങളില്‍ ഫ്രക്‌ടോസും പാലില്‍ ലാക്‌ടോസും അടങ്ങിയിരിക്കുന്നു. ഈ രാസപദാര്‍ഥങ്ങള്‍ ദഹനപ്രക്രിയയ്ക്ക് വിധേയമാകുമ്പോള്‍ ഗ്ലൂക്കോസായാണ് രക്തത്തില്‍ എത്തിച്ചേരുന്നത്. മനുഷ്യ കോശങ്ങള്‍ക്ക് ആവശ്യവും ഗ്ലൂക്കോസാണ്.

തലച്ചോറിന്റെ പ്രധാന ഷോകവും ഗ്ലൂക്കോസാണ്. ഊര്‍ജാവശ്യങ്ങള്‍ക്കാണ് ഗ്ലൂക്കോസിനെ പ്രധാനമായും ശരീരം ഉപയോഗിക്കുന്നത്. അങ്ങനെയുള്ള ഉപയോഗശേഷം വരുന്ന വരുന്ന ഗ്ലൂക്കോസ് കൊഴുപ്പായി പരിണാമം സംഭവിച്ച് ശരീരത്തില്‍ അടിയുന്നു. അതുകൊണ്ടാണ് പഞ്ചസാരയുടെ അമിത ഉപയോഗം ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുപറയാന്‍ കാരണം.

മധുരത്തിന് പഴങ്ങള്‍ കഴിക്കാം

ഇന്ന് ലഭ്യമായിട്ടുള്ള ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും ഉചിതം പഴങ്ങളാണ്. വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്നു.
പ്രകൃതിയില്‍നിന്നും കിട്ടുന്ന അവസ്ഥയില്‍ത്തന്നെ ഉപയോഗിക്കുന്നതുകൊണ്ട് പാചകസമയത്തും മറ്റും ഉണ്ടാവുന്ന പോഷകനഷ്ടങ്ങള്‍ ഉണ്ടാവുന്നില്ല. ഇവ ദഹനത്തിന് ഏളുപ്പമാണ്. പഴങ്ങളില്‍ കാന്‍സര്‍ പ്രതിരോധവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. മലബന്ധം ഇല്ലാതാക്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here