കൊച്ചി: കാലിലെ രക്തധമനിയിൽ അടിഞ്ഞു കൂടിയ  കാല്‍സിയം  കേരളത്തിലാദ്യമായി ഐവിഎല്‍   (ഇന്ട്രാവാസ്കുലര്‍   ലിതോട്രിപ്സി) എന്ന നൂതന ചികിത്സാരീതിയിലൂടെ  നീക്കം ചെയ്തു. വളരെക്കാലമായി അലട്ടിയിരുന്ന പ്രമേഹം  മൂര്‍ച്ഛിച്ച്‌  ഉണങ്ങാത്ത വ്രണവും ഗുരുതരമായ കാലുവേദനയുമായി രണ്ടാഴ്ച മുമ്പ് വിപിഎസ് ലേക്ക്ഷോറില്‍   പ്രവേശിപ്പിച്ച 75-കാരനാണ് ഈ സാങ്കേതിക വിദ്യയുടെ സഹായത്തിൽ ആശ്വാസം ലഭിച്ചത്. ലേക്ഷോർ ആശുപത്രി കാർഡിയോളജി വിഭാഗം സീനിയർ കണ്സള്ട്ടന്റുമാരായ ഡോ. സിബി ഐസക്, ഡോ. ആനന്ദ് കുമാർ വി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം  നൽകിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത കാലുവേദന അനുഭവിച്ചിരുന്ന രോഗിയില്‍ നടത്തിയ വാസ്കുലാർ ഡോപ്ളര്‍ ടെസ്റ്റിലാണ് കാലിലെ രക്തധമനിയിൽ രക്തപ്രവാഹം തീരെ കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്ന്ന നടത്തിയ ആൻജിയോഗ്രാമും ഇത് ശരി വച്ചു. കാലിലേയ്ക്കുള്ള പ്രധാന ധമനിയിൽ കാല്‍സിയം അടിഞ്ഞു കൂടി ഏതാണ്ട് പൂര്ണമായും അടഞ്ഞിരുന്നു. സാധാരണ ആൻജിയോപ്ലാസ്റ്റി ബലൂണുകള്ക്ക് നീക്കം ചെയ്യാന് പറ്റാത്തത്ര കഠിനമായ കാൽസിഫിക്കേഷൻ ഈ തടസ്സങ്ങളിൽ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്‌   കേരളത്തിലാദ്യമായി ഐവിഎല്‍ എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായം തേടാൻ ഡോക്ടർമാർ തീരുമാനിച്ചത്.  ബ്ലോക്കായ ഭാഗത്ത് ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഒരുതരം സവിശേഷ ബലൂണാണ് ഐവിഎലില്‍ ഉപയോഗിക്കുന്നത്. ഈ ശബ്ദതരംഗങ്ങളിൽ നിന്നുള്ള ഊർജം കാല്‍സിയത്തെ പൊടിയ്ക്കുവാൻ സഹായിക്കുന്നു. ഇതേത്തുടര്ന്ന് സ്റ്റെന്റുകൾ സ്ഥാപിച്ച് രക്തപ്രവാഹവും ശരിയായ നിലയിലാക്കി. ഇതോടെ കാലുവേദന മാറുകയും വ്രണം ഉണങ്ങാന് തുടങ്ങുകയും ചെയ്തു.
 
അരക്കെട്ടിനു താഴെയുണ്ടാക്കുന്ന ചെറിയൊരു ദ്വാരത്തിലൂടെ (പിൻഹോള്‍) ലോക്കല്‍ അനസ്തേഷ്യയുടെ സഹായത്താല്‍ ഏറ്റവും കുറവ് സങ്കീര്ണതകളോടെ ചെയ്യാവുന്ന പ്രക്രിയയാണ് ഐവിഎല്‍ എന്ന് ചികിത്സയ്ക്ക് നേതൃത്വം വഹിച്ച ഡോ. സിബി ഐസക് പറഞ്ഞു. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരുപാട് രോഗികള്‍ക്ക് ഇത് ആശ്വാസവാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here