ഗർഭിണികൾക്ക് ഇനിമുതൽ കോവിഡ് -19 വാക്സിനേഷൻ ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററിൽ (സിവിസി) നേരിട്ടെത്തുകയോ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ട നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

 

“കുത്തിവയ്പ്പ് നടത്താനുദ്ദേശിക്കുന്ന ഗർഭിണികൾക്ക് ഗർഭാവ കാലാവധിയിൽ ഏത് സമയത്തും രാജ്യത്ത് ലഭ്യമായ കോവിഡ് വാക്സിനുകൾ കുത്തിവയ്ക്കാം. കോവിനിൽ രജിസ്റ്റർ ചെയ്തതിന് ശേഷമോ അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രത്തിൽ വാക്ക് ഇൻ രജിസ്ട്രേഷൻ വഴിയോ വാക്സിനേഷൻ സ്വീകരിക്കാം,” പ്രസ്താവനയിൽ പറയുന്നു.

രജിസ്ട്രേഷൻ, വാക്സിനേഷനുശേഷമുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും18 വയസ്സിന് മുകളിലുള്ള മറ്റ് ഗുണഭോക്താക്കളുടേതിന് സമാനവാണ് ഗർഭിണികൾക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കോവിഡ് -19 വാക്‌സിനുകളുടെ പ്രാധാന്യത്തെക്കുറിച്ചും വാക്സിനേഷനുമായി ബന്ധപ്പെട്ട മുൻകരുതലുകളെക്കുറിച്ചും ഗർഭിണികളായ സ്ത്രീകളെ ബോധവൽക്കരിക്കുന്നതിന് കേന്ദ്രസർക്കാർ ഒരു വസ്തുതാ പത്രം പുറത്തിറക്കിയിരുന്നു.

വാക്സിനുകൾ ഗർഭിണികളെ രോഗ ബാധയിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും അവ സുരക്ഷിതമാണെന്നുമാണ് വാക്സിനേഷന്റെ പാർശ്വ ഫലങ്ങളെക്കുറിച്ച് വസ്തുതാ പത്രത്തിൽ സർക്കാർ പറഞ്ഞത്.

നിലവിൽ ഗർഭകാലത്ത് ഒരു സ്ത്രീക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ, പ്രസവശേഷം ഉടൻ തന്നെ അവർക്ക് കുത്തിവയ്പ് നൽകണമെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കാത്തതിനാൽ “ഗർഭിണികളോ ഗർഭം ധരിച്ചതായി സംശയിക്കുന്നവരോ കോവിഡ്-19 വാക്സിൻ സ്വീകരിക്കരുത്” എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളതിനാൽ ഗർഭിണികൾക്കും കുത്തിവയ്പ് നൽകണമെന്ന് മെയ് 28 ന് നടന്ന നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌ജി‌ഐ) യോഗം ശുപാർശ ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here