അസാധാരണമായ ജീവിത സാഹചര്യത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗവും നേരിട്ടനുഭവിക്കുന്ന ലോക ജനത മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ്. ഏത് ചികിത്സാ മാര്‍ഗം സ്വീകരിച്ചാലും കോവിഡിനെ ഫലപ്രദമായി മറികടക്കാന്‍ സാധിക്കാത്തതിന്റെ ആശങ്കയും നിസഹായതയും കോവിഡ് മഹാമാരിയെക്കുറിച്ച് ഇനിയും വിവരിക്കേണ്ടതില്ല. അത്രമാത്രം അടുത്തറിഞ്ഞും അനുഭവിച്ചും കഴിഞ്ഞു ലോകം.
കോവിഡിന് പിടികൊടുക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സമൂഹികാകലം പാലിക്കുക, ഇടയ്ക്കിടെ കൈകഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വാക്‌സിനേഷന്‍ പുതിയ പ്രതീക്ഷയാണ് ലോകത്തിന് നല്‍കിയത്.

ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും പിന്നീട് രോഗതീവ്രത മനസിലാക്കിയതോടെ ആളുകള്‍ വാക്‌സിനേഷന് മുന്നോട്ടുവന്നു. എന്നാല്‍ വാക്‌സിനിലുള്ള അമിതമായ വിശ്വാസം പ്രതിരോധമാര്‍ഗങ്ങള്‍ ശരിയായി പാലിക്കാതിരിക്കുന്നതില്‍ കലാശിക്കുകയും കോവിഡ് കേസുകള്‍ വര്‍ധനവിനും കാരണമാകുന്നു.

പോസ്റ്റ് കോവിഡ്.


കോവിഡാനന്തര ലക്ഷണങ്ങള്‍ കുറച്ചുകാലം (ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ) നീണ്ടുനില്‍ക്കുന്നതാണ്. അതില്‍ മുന്‍പന്തിയിലുള്ളത്് ക്ഷീണം തന്നെയാണ്. ഒരു വ്യക്തിയുടെ ദിവചര്യകള്‍പോലും നിവര്‍ത്തിക്കാനാവാത്തത്ര ക്ഷീണം പലപ്പോഴും പല രോഗികളിലും കാണപ്പെടാറുണ്ട്.
ഉറക്കക്കുറവ്, ശ്വാസതടസം, സന്ധിവേദന, നെഞ്ചുവേദന, നെഞ്ചില്‍ കല്ലിപ്പ്, മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമ, ഗന്ധം തിരിച്ചറിയാത്ത അവസ്ഥ, രുചിയില്ലായ്മ, തലവേദന, വിശപ്പ് കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പ്രതിവിധി.


ചിട്ടയായ ശീലങ്ങളിലൂടെ ശരീരം നല്ല രീതിയില്‍ ശക്തമാക്കിവയ്ക്കുക എന്നതാണ് പ്രധാനം. കോവിഡാനന്തരം വരുന്ന അസുഖങ്ങള്‍ക്ക് ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന ചികിത്സകള്‍ എല്ലാ ആയുര്‍വേദ ക്ലിനിക്കുകളിലും ലഭ്യമാണ്.
കുറഞ്ഞ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ആയുര്‍വേദ മരുന്നുകള്‍ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ലോങ് കോവിഡിനെ നല്ലരീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കും.

ചുമ, ശ്വാസതടസം, തുടങ്ങിയ രോഗങ്ങളുള്ളവര്‍ ദശമൂലകടുത്രയം, ഇന്ദുകാന്തം കഷായം തുടങ്ങിയവ വൈദ്യ നിര്‍ദേശപ്രകാരം സ്വീകരിക്കാവുന്നതാണ്. വയര്‍ സംബന്ധമായ അസുഖങ്ങള്‍ വരുമ്പോള്‍ വില്വാദി ഗുളിക, ഇന്ദുകാന്തം കഷായം തുടങ്ങിയവ ഫലപ്രദമാണ്.

എസിഇ 2 റെസിപ്‌റ്റേഴ്‌സ് ഉള്ളിടത്തെല്ലാം കോവിഡ് കുടുതലായി ബാധിക്കാന്‍ സാധ്യതയുണ്ട്. മള്‍ട്ടി ഓര്‍ഗന്‍, മള്‍ട്ടി സിസ്റ്റം രോഗമാണ് കോവിഡ്. ഇതില്‍ ഏതു ഭാഗത്തെയാണോ കൂടുതലായി ബാധിച്ചിട്ടുള്ളതും ലക്ഷണം കാണിക്കുന്നതും അതിനനുസരിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയാല്‍ നല്ല ഫലം ലഭിക്കുന്നുണ്ട്.

ഹൈപ്പോത്തലാമസിനെ ബാധിക്കുമ്പോള്‍ ഉറക്കക്കുറവ് മുതലായവ കൂടുതലായി കാണുന്നു. ഇതിന് അശ്വഗന്ധം (അമുക്കുരം), ദ്രാക്ഷാദി കഷായം തുടങ്ങിയവയൊക്കെ വൈദ്യ നിര്‍ദേശ പ്രകാരം കഴിക്കാവുന്നതാണ്.
ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ തുടങ്ങുന്നത് ഇന്റസ്റ്റിനല്‍ ഏരിയയിലാണ്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നതും അതുതന്നെ. കോഷ്ഠത്തിലാണ് സര്‍വ രോഗങ്ങളുടെയും ഉല്‍ഭവസ്ഥാനമെന്നാണ്.
അതിനാല്‍തന്നെ ദഹനാഗ്നി നല്ല രീതിയില്‍ പരിപാലിക്കുക എന്നത് വളരെ മുഖ്യമാണ്. ചിട്ടയോടെ ആഹാര, ലഘുവ്യായാമങ്ങള്‍, യോഗ, നടത്തം, ചിട്ടയായ ഉറക്കം, മാനസിക ഉല്ലാസം എന്നിവ അമൂല്യമാണ്. ക്ഷീണവും ഉറക്കക്കുറവുമെല്ലാം മറികടക്കുവാന്‍ ധൈര്യം, മാനസികോല്ലാസം ഇവ നല്ല ഫലം തരുന്നതാണ്.

ആയുര്‍വേദ ഔഷധങ്ങള്‍.


അപരാജിതധൂപക്കൂട്ട് എല്ലാ ദിവസവും പുകയ്ക്കുന്നത് ഫംഗസ് ബാക്ടീരിയ ഇവയില്‍നിന്നും രക്ഷ നേടുന്നതിന് ഉത്തമമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വൈറസിനെതിരെ എത്രമാത്രം ഫലപ്രദമാണെന്നറിയുവാനുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നു.

ചരകസംഹിതയിലെ ജനപദോധ്വംസ എന്ന അധ്യായത്തില്‍ ഇത്തരം അസുഖങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. എണ്ണപ്പലഹാരങ്ങള്‍, അമിത ഭക്ഷണം, തൈര്, അമിതമായ മാംസത്തിന്റെ ഉപയോഗം ഇവ ഒഴിവാക്കേണ്ടതാണ്.
ഇത്രയേറെ ഫലപ്രദമായ ആയുര്‍വേദ മരുന്നുകള്‍ വൈദ്യ നിര്‍ദേശപ്രകാരം എല്ലാവര്‍ക്കും സ്വീകരിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here