വണ്ണം കുറയ്ക്കാന്‍ എന്തുവിട്ടുവീഴ്ചയ്ക്കും തയാറാകുന്നവരാണ് ഏറെയും. പട്ടിണി കിടക്കാനും ജിംനേഷ്യത്തില്‍പോയി താങ്ങാനാവാത്ത ഭാരമെടുത്ത് വിയര്‍ക്കാനും മത്സരം. പക്ഷേ, ആവശ്യത്തിനും വണ്ണവും ശരീരപുഷ്ടിയുമില്ലാത്തവര്‍ എന്തുചെയ്യും? വണ്ണമില്ലാത്തവര്‍ക്ക് ശരീരം പുഷ്ടിപ്പെടുത്താന്‍ എന്താണ് വഴി?

എല്ലാവരും വണ്ണം കുറയാന്‍ പരക്കം പായുമ്പോള്‍ വണ്ണമില്ലാത്തയാളുകള്‍ക്കും ശരീരം സുന്ദരമാക്കേണ്ടേ? അങ്ങനെയുള്ളവര്‍ക്കും ആശ്വാസത്തിന് വകയുണ്ട്. ആയുര്‍വേദത്തിന്റെ ചിട്ടകള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ ശരീര പുഷ്ടിക്ക് ധാരാളം മാര്‍ഗങ്ങളുണ്ട്.

കാരണം കണ്ടെത്തണം


ആദ്യം തന്നെ എന്തുകൊണ്ടാണ് ശരീരത്തിന് ക്ഷീണമുണ്ടായതെന്ന് കണ്ടെത്തണം. തൈറോയിഡ്, ദഹനക്കുറവ്, കരളിന്റെ തകരാറുകള്‍, പ്രമേഹം, വിരശല്യം എന്നിവയൊക്കെ ശരീരം മെലിയാന്‍ കാരണമാകുന്ന രോഗങ്ങളാണ്. പാരമ്പര്യ ഘടകങ്ങളോ അസുഖങ്ങളോ ആണോ ക്ഷീണത്തിന് കാരണമെന്ന് കണ്ടുപിടിച്ച് അതിനുള്ള ചികില്‍സ നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം മറ്റ് മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങാം.

ആയുര്‍വേദം അനുശാസിക്കുന്നതിനനുസരിച്ച് അഗ്നിയാണ് വിശപ്പുണ്ടാക്കുന്നത്. അതുകൊണ്ട് ആ അഗ്നിയെ വര്‍ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കേണ്ടതാണ്. ഏത് മരുന്നുനല്‍കുന്നതിന് മുന്‍പും വയറിളക്കുന്നത് മരുന്ന് വേഗത്തില്‍ ശരീരത്തില്‍ പിടിക്കാന്‍ സഹായിക്കും.
വൈശ്വാനര ചൂര്‍ണം അഗ്നിദ്വീപനത്തെ ഉദ്ധീപിപ്പിക്കുന്നു. അഷ്ട ചൂര്‍ണം കൊച്ചുകുട്ടികള്‍ക്ക് വിരകൊണ്ടുണ്ടാകുന്ന പ്രശ്‌നത്തെ ചെറുക്കുന്നതിന് സഹായിക്കും

ലേഹ്യങ്ങള്‍


അജമാംസ രസായനം, അശ്വഗന്ധാതി ലേഹ്യം, വിദാരാദി ലേഹ്യം, നെയ്യ് രൂപത്തിലുള്ള ലേഹ്യങ്ങള്‍ തുടങ്ങിയവ ശരീര പുഷ്ടിക്ക് എറെ ഗുണപ്രദമാണ്. ഡോക്ടറുടെ നിര്‍ദേഹമനുസരിച്ച് ഏതൊക്കെ സമയങ്ങളില്‍ ലേഹ്യസേവ നടത്താമെന്നും, ഏതൊക്കെ ഉപയോഗിക്കാമെന്നുള്ളതും മനസിലാക്കാവുന്നതാണ്. കഴിക്കുന്ന ആഹാരവും മരുന്നുമായി തുലനം ചെയ്തുപോകാനും കഴിയണം.

തിരുമു ചികിത്സ


തിരുമു ചികിത്‌സയും ശരീരം വണ്ണംവയ്ക്കാന്‍ സഹായിക്കും. പ്രത്യേക തരം എണ്ണകള്‍ ഉപയോഗിച്ചുള്ള തരുമു ചികിത്സ ആയുര്‍വേദത്തില്‍ ഏറെ ഫലപ്രദമാണ്. മഹാമാഷതതൈലം, കുക്കുടമാംസം, ബലാഅശ്വഗന്ധാതി തൈലം ഇവ ശരീര പുഷ്ടിക്ക് സഹായിക്കുന്നതരം എണ്ണകളാണ്.

അരിഷ്ടങ്ങള്‍


വിവിധ മരുന്നുകളും, പഴങ്ങളുടെ സത്തുംകൊണ്ട് തയ്യാറാക്കുന്ന അരിഷ്ടങ്ങള്‍ അഗ്നിയെ ഉദ്ദിപിപ്പിക്കാനും, വിശപ്പ് കൂട്ടാനും, ശരീര പുഷ്ടിയുണ്ടാകാനും സഹായിക്കുന്ന വയാണ്്. അശ്വഗന്ധാരിഷ്ടം, അഭയാരിഷ്ടം, അഗ്നിദീപ്തകം, ഇവയൊക്കെ വളരെ ഫലപ്രദമായ അരിഷ്ടങ്ങളാണ്.

ഭക്ഷണക്രമീകരണം


ആഹാരം കഴിക്കുമ്പോള്‍ മധുര സ്‌നിഗ്ധമായവ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍ കൂടുതലുള്ളതും കൊഴുപ്പ്് കുറഞ്ഞതുമായ ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. മധുരസ്‌നിഗ്ധമായവ കൂടുതല്‍ കഴിക്കുക. പച്ചക്കറിയും മാംസാഹാരങ്ങളും തുല്യ അളവില്‍ ഉപയോഗിക്കാം.

മനുഷ്യന്റെ ശരീരവുമായി ഏറെ ചേര്‍ന്നുപോകുന്നതാണ് ആടിന്റെ മാംസമെന്ന് ആയുര്‍വേദം പറയുന്നു. അതുകൊണ്ട് ആടിന്റെ മാംസവും അതുകൊണ്ടുണ്ടാക്കിയ സൂപ്പും ശരീരത്തിന് വളരെ പ്രയോജനകരമാണ്. കോഴിയുടെ മാംസം ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞുവേണം ഉപയോഗിക്കാന്‍. അത് കൊഴുപ്പില്ലാതെ ആരോഗ്യപരമായിരിക്കാന്‍ സഹായിക്കും.

 

സൂപ്പുകള്‍, പാല്, ബട്ടര്‍, തൈര്, മത്‌സ്യം, അരിയാഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, സസ്യഎണ്ണ എന്നിവ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവനുസരിച്ച് കഴിക്കാം. ഒറ്റയടിക്ക് അധികമായി കഴിക്കാതെ അഞ്ചോ ആറോ പ്രാവശ്യം ഇടവിട്ട് ആഹാരം കഴിക്കുന്നതാണ് ഉത്തമം. കഴിവതും വീട്ടില്‍തന്നെ തയ്യാറാക്കുന്ന ഭക്ഷണം അഴിക്കാന്‍ ശ്രദ്ധിക്കുക.

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ അമിതമായി കൊഴുപ്പടിഞ്ഞുകൂടുന്നതിനും, പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും. ഈന്തപ്പഴം, ഉണക്കമുന്തിരി, ബദാം, നെല്ലിക്ക, മാതളനാരങ്ങാ, കല്‍ക്കണ്ടം ഇവ ചേര്‍ത്ത് സാലഡ് രൂപത്തില്‍ ദിവസവും കഴിക്കുന്നത് ശരീരം വണ്ണംവയ്ക്കാനും, ചര്‍മ്മസൗന്ദര്യത്തിനും ഏറെ പ്രയോജനപ്രദമാണ്. പച്ചക്കറിയും പഴവര്‍ഗങ്ങളും കൊണ്ട് തയാറാക്കുന്ന വിവിധ സാലഡുകള്‍ ആരോഗ്യപ്രദവൂം ശരീരത്തിന് ഗുണപ്രദവുമാണ്.

വ്യായാമം


ആഹാരം കഴിക്കുന്നതിനനുസരിച്ച് വ്യായാമം ശീലമാക്കുന്നത് നന്നായിരിക്കും.വ്യായാമം ഒന്നും ചെയ്യാതെ വെറുതെ ഭക്ഷണംകഴിച്ചതുകൊണ്ട് കാര്യമില്ല . അങ്ങനെ ചെയ്യുന്നത് പൊണ്ണത്തടിവയ്ക്കാനേ സഹായിക്കൂ.

ഭക്ഷണം കഴിക്കുന്നതിന് അഞ്ച് മിനിട്ട് മുന്‍പ് പ്രാണായാമം ചെയ്യുന്നത് പ്രയോജനപ്രദമാണ്. അത് രോഗങ്ങളെ തടയുകയും ശ്വാസകോശത്തിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

പഴങ്ങള്‍ ഉപയോഗിക്കാം ആരോഗ്യവാന്‍മാരാകാം


1. ഏത്തപ്പഴം ദഹനത്തിന് സഹായിക്കുന്ന പഴവര്‍ഗമാണ് ദിവസവും ഏത്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക
2. വിരശല്യംകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വെളുത്തുള്ളിനീരും കൈതച്ചക്കയുടെ നീരും ചേര്‍ത്ത് കൊടുക്കാം
3. കാരറ്റ് നീര് ദിവസവും കുടിക്കുന്നത് സൗന്ദര്യത്തിനും ശരീര പുഷ്ടിക്കും സഹായിക്കും

4. പഴുത്ത തക്കാളി ഞരമ്പുകള്‍ക്ക് ശക്തിയും പുഷ്ടിയും പ്രദാനം ചെയ്യുന്നു.
5. തേനും നെല്ലിക്കാനീരും സമം ചേര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചമാറാനും രക്തവര്‍ധനവുണ്ടാകാനും ഉപകരിക്കും

6. ഉലുവയും അരിയും സമംചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുന്നത് ആരോഗ്യവും, ശരീര സൗന്ദര്യവും വര്‍ധിക്കാന്‍ ഇടയാക്കുന്നു.
7. അത്താഴത്തിന് ശേഷം മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുകയും ആനുപാതികമായി പാല്‍ കുടിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനും ധാധുപുഷ്ടിക്കും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here