നിത്യ ജീവിതത്തില്‍ പതിവായി കേള്‍ക്കുന്ന ഒന്നാണ് രക്തസമ്മര്‍ദം അഥവാ ബി.പി. ആവശ്യത്തിനും അനാവശ്യത്തിനും നാം ഈ ബി.പിയെ കൂട്ടുപിടിക്കും. പക്ഷേ, ബി.പിയുടെ വാലില്‍ തൂങ്ങി നെടുങ്കന്‍ ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്കുപോലും അറിവുള്ളത് ഇതിന്റെ മുക്കും മൂലയും മാത്രമാവും.

എന്താണ് ബ്ലഡ് പ്രഷര്‍ അഥവാ ബി.പി


ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മുടക്കം വരാതെ രക്തം എത്തിച്ചുകൊടുക്കാനുള്ള ചുമതല ഹൃദയത്തിനാണ്. ഹൃദയം വികസിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് അടങ്ങിയ രക്തം തിരിച്ചെത്തുന്നു. ഈ സമയം മര്‍ദം കുറവായിരിക്കും. ഇതിനെ വികാസമര്‍ദം അഥവാ Diastolic pressure എന്നാണ് പറയുന്നത്. ഹൃദയം സങ്കോചിക്കുമ്പോള്‍ ഓക്‌സിജന്‍ അടങ്ങിയ രക്തം ധമനികളിലേക്കു തള്ളിക്കയറുന്നു. ഈ സമയം രക്തത്തെ രക്തക്കുഴലുകളിലേക്കു തള്ളിവിടുന്നതിനു കൂടുതല്‍ മര്‍ദം ആവശ്യമായിവരുന്നു. രക്തസമ്മര്‍ദം കൂടുതലായിരിക്കുന്ന ഈ അവസ്ഥയെ സങ്കോചമര്‍ദം അഥവാ Systolic Pressure എന്നു പറയുന്നു.

ബി.പിയിലുണ്ടാകുന്ന ക്രമംവിട്ട ഏറ്റക്കുറച്ചിലുകള്‍ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്കകള്‍, മസ്തിഷ്‌കം, കണ്ണുകള്‍ എന്നിവയില്‍ രോഗബാധയ്ക്ക് കാരണമാകും. ബി.പി. ക്രമാതീതമായതിനു ശേഷമാണു പലപ്പോഴും തിരിച്ചറിയുക. ഇത് അപകടകരവും സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു പിന്നില്‍


കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുന്നത് രക്താതിമര്‍ദത്തിനിടയാക്കും. ജീവിതതിരക്കുകളുടേയും ഡയറ്റിംഗിന്റേയും ഫലമായി ഭക്ഷണ ഉപേക്ഷിക്കുന്നവരിലാണു ഇത് അധികവും കണ്ടുവരുന്നത്. മദ്യം, സിഗരറ്റ് എന്നിവയുടെ അമിതോപയോഗവും രക്താതിമര്‍ദത്തിനുകാരണമാകാം. ഉറങ്ങാനും ഉണരാനും ശരിയായ സമയക്രമമില്ലാത്തതും വിശ്രമമില്ലായ്മയും ഹൈപ്രഷര്‍ ഉണ്ടാക്കാം. വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ആകുലതകള്‍, ജോലിയിലുള്ള ആശങ്കകള്‍ തുടങ്ങി ചെറിയൊരു പനി വന്നാല്‍പോലും ടെന്‍ഷനടിക്കുന്നവര്‍ രക്താതിമര്‍ദത്തെ വിളിച്ചുവരുത്തുകയാണ്. കൂടാതെ, അമിതവണ്ണവും വ്യായാമക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാം.

 

ലക്ഷണങ്ങള്‍


പതിവായ തലകറക്കം, ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന, ഉറക്കക്കുറവ്, ശരീരക്ഷീണം എന്നിവ നിങ്ങള്‍ക്കുണ്ടെങ്കില്‍ രക്തസമ്മര്‍ദം പരിശോധിക്കാന്‍ മറക്കരുത്. തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുക, അസഹിഷ്ണുത കാണിക്കുക എന്നിവ മാനസിക ലക്ഷണങ്ങളാണെങ്കില്‍ സന്ധികളിലെ വേദന, വിശപ്പില്ലായ്മ, അമിതവിയര്‍പ്പ് എന്നിവ ശാരീരിക ലക്ഷണങ്ങളാണ്.

 

പ്രഷര്‍ കൂടിയാല്‍ അപകടമാണ്. രക്തധമനികള്‍ സങ്കോചിക്കുകയും കൊഴുപ്പ് രക്തസഞ്ചാരത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും. ഹൃദയത്തിനാവശ്യമായ രക്തം കിട്ടാതെ വരുമ്പോഴാണു നെഞ്ചുവേദന അനുഭവപ്പെടുക. ഇതു ഹൃദയസ്തംഭനത്തിനു തന്നെ ഇടയാക്കാം. ശരീരത്തിന്റെ ഒരു വശമോ രണ്ടുവശമോ തളരുക, കാഴ്ച നഷ്ടമാകുക എന്നിവയെല്ലാം രക്താതിസമ്മര്‍ദത്തിന്റെ അനന്തരഫലങ്ങളാണ്. രക്താതിമര്‍ദ്ദം മൂലം തലച്ചോറിലേക്കുള്ള സൂക്ഷ്മധമനികള്‍ പൊട്ടിപ്പോകാനിടയുണ്ട്. അങ്ങനെയുണ്ടായാല്‍, കാഴ്ചശക്തി നിശേഷം നഷ്ടപ്പെടാം.

ബി.പി. കൂടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ദോഷമായി ബാധിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രക്തം എത്താതാകുമ്പോഴാണു ശക്തിയായ തലവേദന, തലയ്ക്കുഭാരം, മത്തുപിടിച്ചതുപോലുള്ള തോന്നല്‍ എന്നിവയുണ്ടാകുന്നത്. കാഴ്ചയ്ക്കു മങ്ങലോ വസ്തുക്കളെ രണ്ടായി കാണുന്ന അവസ്ഥയോ ഉണ്ടാകാം. ബി.പി. വര്‍ധിച്ചാല്‍ ശരീരത്തില്‍ തരിപ്പ്, വാക്കുകള്‍ കുഴയുക, മനോരോഗിയെപ്പോലെയാകുക എന്നിവയും സംഭവ്യമാണ്.

 

 

ന്യൂനരക്തമര്‍ദ്ദം


കടുത്ത വേനലിലുണ്ടാകുന്ന അമിത വിയര്‍പ്പ്, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയെല്ലാം പ്രഷര്‍ കുറയാനിടയാക്കുന്നു. ന്യൂനരക്തമര്‍ദ്ദം മാരകമായ രോഗാവസ്ഥയല്ലെങ്കിലും പല ഗുരുതരരോഗങ്ങളുടേയും ലക്ഷണമായി കരുതേണ്ടതാണ്. പ്രഷര്‍ കൂടിയാല്‍ മാത്രമല്ല കുറഞ്ഞാലും ആരോഗ്യത്തിന് അപകടമാണ്. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തയോട്ടം കുറയുന്നതാണു ന്യൂനരക്തമര്‍ദ്ദത്തിനിടയാക്കുന്നത്.

ലക്ഷണങ്ങള്‍


തലയില്‍ കല്ലു കയറ്റിവച്ചതു പോലെ തോന്നുക, മന്ദത, ക്ഷീണം, വിളര്‍ച്ച ഇവയെല്ലാം ന്യൂനരക്തമര്‍ദ്ദത്തിന്റെ ലക്ഷണങ്ങളായി കരുതാം. പെട്ടെന്നെഴുന്നേല്‍ക്കുമ്പോള്‍ ബാലന്‍സു തെറ്റുക, കണ്ണില്‍ ഇരുട്ടുകയറുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ നിസാരമായി തള്ളിക്കളയരുത്.

മുന്‍കരുതലുകള്‍


ചില മുന്‍കരുതലുകളെടുത്താല്‍ ബ്ലഡ് പ്രഷര്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കും. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ അമിത തൂക്കമുള്ളവര്‍ വണ്ണം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണനിയന്ത്രണങ്ങളും കഠിനമായ വ്യായാമങ്ങളും ഒഴിവാക്കുക. ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷമാവാം. മദ്യപാനവും പുകവലിയും ബ്ലഡ് പ്രഷറിന്റെ ഉറ്റതോഴന്മാരാണ്.

മാനസികപിരിമുറുക്കങ്ങളില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ഇഷ്ടപ്പെട്ട തൊഴില്‍, വിനോദങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടാം. എണ്ണയില്‍ വറുത്ത വിഭവങ്ങളും കൊഴുപ്പധികമുള്ള മാംസങ്ങളും (ആട്, മാട്, പന്നി, പോത്ത് തുടങ്ങിയവ) ഉപേക്ഷിക്കുക. നാരുള്ള ആഹാരപദാര്‍ത്ഥങ്ങളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 

ശുദ്ധജലം, പഴച്ചാറുകള്‍, കരിക്കിന്‍വെള്ളം തുടങ്ങിയവ നല്ലതാണ്. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവയ്ക്കു രക്താതിമര്‍ദ്ദത്തെ നിയന്ത്രിക്കാനാവും. അടുക്കും ചിട്ടയുമുള്ള ജീവിതരീതികളിലൂടെ പ്രഷറിനെ ഒരു പരിധിവരെ നിയന്ത്രിക്കാം. ആരോഗ്യത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നതു വഴി രക്താതിമര്‍ദ്ദത്തേയും തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളേയും അകറ്റാം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടല്ലോ!

LEAVE A REPLY

Please enter your comment!
Please enter your name here