1202267559

ബ്രസല്‍സ്: അര്‍ബുദത്തിന് കാരണമാകുന്ന കളര്‍ ടാറ്റു മഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. ടാറ്റു മേക്കിംഗില്‍ ഉപയോഗിക്കുന്ന നിറമുളള മഷികളും പെര്‍മെനന്റ് മേക്ക് അപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 4,000 രാസവസ്തുക്കളാണ് നിരോധിച്ചത്. ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഇത്തരം രാസവസ്തുക്കള്‍ അര്‍ബുദം, ജനിതക പരിവര്‍ത്തനം, അലര്‍ജി, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി അറിയിച്ചു.

ടാറ്റൂ നിരോധിക്കുകയല്ല , മറിച്ച് ടാറ്റൂകളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ സുരക്ഷിതമാക്കുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ദോഷകരമായ ഈ മഷികള്‍ക്ക് പകരം മറ്റ് മഷികള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേ സമയം തീരുമാനത്തിനെതിരെ ടാറ്റു ആര്‍ട്ടിസ്റ്റുകള്‍ രംഗത്തെത്തി. പുതിയ തീരുമാനം തങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ പറയുന്നു. ടാറ്റു അര്‍ബുദത്തിന് കാരണമാകുന്നുവെന്നതിന് ശക്തമായ ശാസ്ത്രീയമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും തീരുമാനം ഏകപക്ഷീയമാണെന്നും അവര്‍ ആരോപിക്കുന്നു.

യൂറോപ്പില്‍ നിലവില്‍ ആകെ ജനസംഖ്യയുടെ 12 ശതമാനം പേര്‍ ടാറ്റു ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here