Friday, June 9, 2023
spot_img
Homeജീവിത ശൈലിആരോഗ്യവും ഫിട്നെസ്സുംഅനൊറെക്സിയ  നെർവോസ (ANOREXIA NERVOSA) എന്ന അവസ്ഥയെക്കുറിച്ചറിയുക 

അനൊറെക്സിയ  നെർവോസ (ANOREXIA NERVOSA) എന്ന അവസ്ഥയെക്കുറിച്ചറിയുക 

-

 
 
ഉമ സജി 
 

അത്യാവശ്യം തടിയും ചുറുചുറുക്കുമൊക്കെ ഉണ്ടായിരുന്ന ചില യുവതിയുവാക്കളെ ഒരു സുപ്രഭാതത്തിൽ നാം കാണുന്നത് വിളറി വെളുത്തു മെലിഞ്ഞു കോലംകെട്ട ഒരവസ്ഥയിലായിരിക്കും. ഇവർക്കിതെന്തുപറ്റിയെന്നായിരിക്കും പലരും ചിന്തിക്കുക. യഥാർത്ഥത്തിൽ ഇവർക്കെന്താണ് സംഭവിക്കുന്നത്? പെട്ടെന്നെങ്ങനെയാണ് ഇവരുടെ തടി കുറഞ്ഞു മെലിഞ്ഞു കോലം കെട്ടുപോകുന്നത്? എല്ലാവരും, പ്രത്യേകിച്ച് ഇത്തരം യുവതീയുവാക്കളുടെ മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തിൽ അനാവരണം ചെയ്യുന്നത്. എന്നിലും നിങ്ങളിലും നമുക്കു ചുറ്റിനുമോ ഒന്ന് കണ്ണോടിച്ചാൽ കാണാൻ കഴിയുന്ന ഇത്തരം അവസ്ഥയ്ക്ക് മെഡിക്കൽ സയൻസ് നൽകിയ പേര് അനൊറെക്സിയ നെർവോസ (ANOREXIA NERVOSA) എന്നാണ്.

എന്താണ് അനൊറെക്സിയ നെർവോസ (ANOREXIA NERVOSA)? പലപ്പോഴും തുടക്കത്തിൽ അവഗണിക്കുകയും പിന്നീട് മടക്കം വളരെ വിഷമകരമായി ഒരു മാനസിക വൈകല്യത്തിലേക്കോ രോഗാവസ്ഥയിലേക്കോ മാറുന്ന ഒരു മാനസിക അവസ്ഥ. ഒരു തരം ഈറ്റിംഗ് ഡിസോഡർ. അതായത് ഭക്ഷണക്രമത്തിലുണ്ടാകുന്ന അപാകതമൂലം ഉണ്ടാകുന്ന അവസ്ഥ.  

ഇതൊരു മാനോരോഗമാണോ? ഏയ് അല്ലേ അല്ല.  ഒരു തരം മനസിന്റെ നിയന്ത്രണത്തിൽ താളം തെറ്റിപോകുന്ന അവസ്ഥയാണിത്. അതേ,നാം പോലുമറിയാതെ നമ്മുടെ തലച്ചോറിന്റെ  ചിന്തകളുടെ നിയന്ത്രണം ഗതിമാറി പോകുന്നതാണ്. നിയന്ത്രണം വിട്ടോടുന്ന വാഹനത്തിന്റെ വളയം പോലെയാണ്  മനസിന്റെ ഈ അവസ്ഥയുടെ കാര്യവും. എത്ര തിരിച്ചാലും വളച്ചാലും മനസ് ഗതി മാറി പോയ്കൊണ്ടേയിരിക്കും.

ഭക്ഷണത്തിനോടുള്ള ഒരുതരം വിരക്തിയിൽ തുടങ്ങുന്നതാണ് അനൊറെക്സിയ  നെർവോസ (ANOREXIA NERVOSA) എന്ന രോഗത്തിന്റെ പ്രാഥമിക ലക്ഷണം. തങ്ങൾക്ക് അമിതമായ മിതമായ തടിയാണെന്ന ചിന്തയാണ് ഭക്ഷണത്തോടുള്ള വിരക്തിക്കു കാരണമാകുന്നത്. അമിതവണ്ണമകണമെന്നില്ല, അൽപ്പം വണ്ണം കൂടിയാൽ പോലും യുവതി-യുവാക്കളുടെ ആത്മവിശ്വാസം (CONFIDNACE LEVEL) നഷ്ട്ടപ്പെടുകയാണ്. എപ്പോഴും സ്വന്തം വണ്ണത്തെക്കുറിച്ചുള്ള ചിന്ത അവരുടെ മനോനില തന്നെ തെറ്റിക്കുന്നു. അതിനു ഏക പരിഹാരം ഭക്ഷണം കുറയ്ക്കുക എന്ന ചിന്തയിലേക്ക് കടക്കും. പിന്നീടത് ഭക്ഷണത്തോടുള്ള ഒരു തരം  വിരക്തിയായി മാറുന്നു. ക്രമം തെറ്റിയ ഭക്ഷണക്രമമാണ് അനൊറക്സിയ എന്ന രോഗാവസ്ഥയ്ക്ക് കാരണം എന്ന് പറയാമെങ്കിലും വണ്ണം കൂടുന്നു എന്നുള്ള മിഥ്യാ ബോധമാണ് ഈ അവസ്ഥയ്ക്ക് മൂല കാരണമായി കാണേണ്ടത്.

ഇത് ഒരു രോഗമായി പണമിക്കുന്നതെങ്ങെനെയെന്നു നോക്കാം. തന്റെ വണ്ണം കൂടുന്നു എന്ന  ധാരണയിൽ രോഗി ഉത്ക്കണ്ഠപ്പെടുകയും വണ്ണം കുറയുന്നതിനുള്ള ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്യുന്നു. തുടക്കത്തിൽ ഭക്ഷണ നിയന്തണം ഏർപ്പെടുത്തി പിന്നീട് അപര്യാപ്തമായ ഭക്ഷണ അളവിലെത്തുകയും ചെയ്യും. ആദ്യമൊക്കെ രോഗിതന്നെ ഭക്ഷണം വർജ്ജിക്കുകയും ഒടുവിൽ ശരീരം തന്നെ ഭക്ഷണത്തോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യും. വിവിധ വൈകാരിക പ്രശ്നങ്ങളെ നേരിടാനുളള കഴിവില്ലായ്മയാണ് പലപ്പോഴും ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മെലിഞ്ഞിരിക്കുന്നതും ശരീരഭാരം കുറഞ്ഞിരിക്കുന്നതും വൈകാരിക പ്രശ്നങ്ങളെ നേരിടാനുള്ള ഒരുപാധിയായി ഇവർ കാണുന്നു.

ഏത് പ്രായക്കാരിലും ഉണ്ടാകാവുന്ന ഒരു രോഗാവസ്ഥയാണിത്. എങ്കിലും കൗമാരപ്രായത്തിലാണ് പൊതുവെ കണ്ടു തുടങ്ങുന്നത്.
പലപ്പോഴും ഇങ്ങനെ ഒരു രോഗാവസ്ഥയിലേക്കെത്തുന്നത്, ഒരു കൗമാരക്കാരി അല്ലെങ്കിൽ യുവത്വത്തിലൊ ഏത് പ്രായത്തിലോ ഉള്ള ഒരാൾ ശരീരഭാരം കുറച്ച്  കുറയ്ക്കണമെന്ന് തീരുമാനിക്കുകയും തുടർന്ന് ആഹാരനിയന്ത്രണത്തിലേക്കും വ്യായാമമുറകളിലേക്കും പോകുന്നതിലൂടെയാണ്. ഭാരം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്ന 
തലത്തിൽ എത്തിക്കഴിഞ്ഞാൽ പോലും അവർ അൽപ്പം തൃപ്തരാകില്ല. അതേസമയം അവർ വീണ്ടും കൂടുതൽ നിയന്ത്രണത്തിലേക്ക് പോവുകയും ചെയ്യുന്നു. തീരെ മെലിഞ്ഞാലും അവർ ഏതു ആറന്മുള കണ്ണാടിക്ക് മുന്നിൽ വന്നു നിന്നാൽപോലും  അവർക്ക് തോന്നുന്നത് തടി അൽപ്പം പോലും കുറയുന്നില്ല എന്നായിരിക്കും. വണ്ണം കുറയ്ക്കാൻ ഇനിയും  ഇനിയും മെലിയണം എന്നാകും പിന്നീടുള്ള ചിന്ത. കാഴ്ചക്കാർക്ക് അവർ തീരെ മെലിഞ്ഞ് ആരോഗ്യമില്ലാത്തവരായി തോന്നിയാലും പറഞ്ഞാലും രോഗി അത് അംഗീകരിക്കില്ല.

 

 അനൊറെക്സിയ നെർവോസയുടെ ചരിത്രപശ്ചാത്തലം   


അനൊറെക്സിയ ചരിത്രത്തിലേക്കൊന്ന് പോയാൽ, 1870 ബ്രീട്ടീഷ് രാജ്ഞിയുടെ ഫിസിഷ്യൻമാരിൽ ഒരാളായിരുന്ന സർ വില്യം ഗൾ അദ്ദേഹത്തിന്റെ മെഡിക്കൽ പേപ്പറിലാണ് അനൊറെക്സിയ എന്ന രോഗാവസ്ഥയെ കുറിച്ച് ആദ്യം പ്രതിപാദിച്ചത്.
ഏറ്റവും കൂടുതൽ അനൊറെക്സിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പാശ്ചാത്യരാജ്യങ്ങളിലാണ്. ഓരോ വർഷവും അമേരിക്കയിൽ 2 ലക്ഷത്തോളം രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2015 ലെ കണക്കനുസരിച്ച് ലോകത്താകമാനം 2.9 മില്യൺ അനൊറെക്സിയ രോഗികളുണ്ട്. അതിൽ 0.9%-4.3% വും സ്ത്രീകളാണ്.

ലക്ഷണങ്ങൾ

ശാരീരിക ലക്ഷണങ്ങൾ

അകാരണമായി തൂക്കം കുറയുക, അമിതമായി ആഹാരം ചവയ്ക്കുക, ചെറിയ കലോറിമാത്രം കഴിക്കുക, അമിതമായി വ്യായാമം ചെയ്യുക, അത്യധികം മെലിഞ്ഞിരിക്കുമ്പോൾ തന്നെ ഒരുപാട് വണ്ണം ഉണ്ടെന്ന് തോന്നിക്കുന്നതെല്ലാം രോഗലക്ഷണങ്ങളാണ്. വളരെ കുറച്ചു മാത്രം കഴിച്ചിട്ടും അമിതമായി കഴിച്ചു എന്ന രീതിയിൽ വായിൽ കയ്യിട്ട് ശർദ്ദിച്ചുകളയുന്നതും ഇവർ ചെയ്യുന്നു. തലകറക്കവും ക്ഷീണവും അനുഭവപ്പെടും. അകാരണമായി തണുപ്പനുഭവപ്പെടുക, മുടി ആരോഗ്യമില്ലാത്തതും നേർത്തതുമാകുകയും പൊട്ടിപ്പോകാനും, കൊഴിയാനും തുടങ്ങുക, അധികകമായി വരണ്ട ചർമ്മം, കൃത്യതയില്ലാത്ത ആർത്തവചക്രം, വളരെ നെരത്തെ ആർത്തവം നിലയ്ക്കൽ, താമസിച്ച് തുടങ്ങുന്ന ആർത്തവം, വളർച്ചയില്ലായ്മ, കട്ടിയുള്ളതും പൊട്ടിപ്പോകുന്നതുമായ നഖങ്ങൾ ഇവയെല്ലാം അനൊറെക്സിയയുടെ ലക്ഷണങ്ങളാണ്.

പെരുമാറ്റത്തിലുള്ള വൈരുദ്ധ്യങ്ങൾ

ഇവർ സമൂഹത്തിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കാൻ ഇഷ്ടപ്പെടും. വല്ലാത്ത മുൻകോപവും കാണാം. ശരീരഭാരം കുറയ്ക്കുന്നതിനായി കഠിനമായ വ്യായാമം ചെയ്യും. കഴിക്കുന്ന ആഹാരത്തിലെ കലോറിയെ കുറിച്ചുള്ള ചിന്ത ഒഴിയാബാധയായി മാറും ഇവർക്ക്. ആവർത്തിച്ച് ശരീരഭാരം നോക്കുകയും കണ്ണാടിക്കുമുന്നിൽ നിന്ന് ശരീരത്തിന്റെ ആകൃതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യും. വിശപ്പില്ല എന്ന് പറഞ്ഞ് വീട്ടുകീരിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒഴിഞ്ഞു നിൽക്കും

ആരോഗ്യപ്രശ്നങ്ങൾ

അനൊറക്സിയ നെർവോസ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഗുരുതരമായ ഹൃദ്രോഗം, എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോ പോറോസിസ്, വന്ധ്യത, കൃത്യതയില്ലാത്ത ആർത്തവചക്രം, വളരെ നേരത്തെ ആർത്തവം നിലയ്ക്കൽ, താമസിച്ച് തുടങ്ങുന്ന ആർത്തവം. ശരീരത്തിനാവശ്യമായ അളവിൽ ന്യൂട്രിയൻസ് കിട്ടാതെ വരുമ്പോൾ ശരീരം തന്ന മെറ്റബോളിക് പ്രവർത്തനങ്ങൾ കുറയ്ക്കുകയും അത് ഹൃദയത്തിനും തലച്ചോറിനും പ്രവർത്തിക്കാനുള്ള ഇക്ട്രോലൈറ്റുകളും ന്യൂട്രിയൻസും എത്തിക്കാതിരിക്കുകയും ചെയ്യും.

 മൂന്നു പൗണ്ട് മാത്രം തൂക്കമെ തലച്ചോറിനുള്ളെങ്കിലും ശരീരം ഉല്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ അഞ്ചിൽ ഒന്നും ഉപയോഗിക്കുന്നത് തലച്ചോറാണ്. നമ്മുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനത്തെ അനൊറെക്സിയ ഗുരുതരമായി ബാധിക്കും. പേശികൾ ബലഹീനമാവുകയും ശാരീരിക ക്ഷമതകുറയുകയും ചെയ്യും. രക്തത്തിലെ ചുവന്ന രക്താണുക്കളും ശ്വേതരക്താണുക്കളും ക്രമാതീതമായി കുറയും, ബ്ലഡ് സർക്കുലേഷൻ കുറയുകയും ഓക്സിജനെ ശരീരത്തിന്റെ എല്ലാഭാഗത്തും എത്തിക്കാൻ കഴിയാതെ വരും, ഹൃദയാഘാതത്തിന് കാരണമാവും, ഇമ്മ്യൂണിറ്റി കുറയുന്നതിന് കാരണമാകും, ഗുരുതരമായി ദഹനേന്ദ്രിയത്തെ ബാധിക്കുന്നതുമൂലം കോൺസ്റ്റിപ്പേഷനു കാരണമാവും, നേർവസ് സിസ്റ്റം, എൻഡോക്രൈൻ സിസ്റ്റത്തെ ബാധിച്ച് ഹോർമോണൽ ഇംബാലൻസിന് കാരണമാവും, ജനനേന്ദ്രിയം കിഡ്നി തുടങ്ങി ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും.

കാരണം

അനൊറക്സിയയുടെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമാണ്. ഗവേഷകർ പറയുന്നത് ശാരീരികവും മാനസികവും സാമൂഹികവും സാംസ്കാരികവും ഘടനാപരവും ആയ ഘടകങ്ങൾ കൂടിച്ചേർന്നാണ്ഇതുണ്ടാകുന്നതെന്നാണ്. വിഷാദരോഗത്തിന്‍റേയും ഉത്കണ്ഠാ രോഗത്തിന്‍റേയും പ്രവണതയുള്ളവര്‍ക്ക്, ആ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി അനോറെക്സിയ ഉണ്ടായേക്കാം. ഒസിഡിയുള്ള ആളുകളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് നിയന്ത്രിക്കാനാകെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തികള്‍ ഉണ്ടായേക്കാം, അത് ഭക്ഷണത്തിന്‍റെ  ഓരോ ഭാഗവും അളന്നുമുറിച്ച് ഒരേതരത്തിലുള്ള കക്ഷണങ്ങളാക്കുക തുടങ്ങിയ ശീലങ്ങള്‍ക്ക് കാരണമായേക്കാം. ചില കേസുകളില്‍ എല്ലാം കിറുകൃത്യമായിരിക്കണം എന്ന പെര്‍ഫക്ഷനിസവും അതിവൈകാരികതയും വ്യക്തികളെ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം.
 
ഇക്കാര്യത്തിലുള്ള ജീനുകളുടെ യഥാര്‍ത്ഥ പങ്ക് എന്താണെന്ന് വ്യക്തമല്ല, എങ്കിലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തച്ചോറിലെ ‘സെറോട്ടോണിന്‍’ ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെന്നാണ്. സ്കൂളിലൊ സമൂഹത്തിലൊ തങ്ങളുടെ ശരീരഭാരത്തെക്കുറിച്ച് വണ്ണത്തെ ആരെങ്കിലും കളിയാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടികളില്‍ മെലിയാനുള്ള അതിയായ മോഹം ഉണ്ടായി വന്നേക്കാം. 
 

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ കൂട്ടുകാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ചിലരില്‍ അനോറെക്സിയ ഉണ്ടാകുന്നതിന് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഇന്ന് സമൂഹവും, സാമൂഹിക മാധ്യമങ്ങളും, മറ്റ്  മാധ്യമങ്ങളും അനോറെക്സിയ ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. സൗന്ദര്യമെന്നത് മെലിഞ്ഞ ശരീരമാണെന്ന  അസ്ഥാനത്തുള്ള പ്രചരണവും വിശ്വാസവും ചെറുപ്പക്കാരുടെ മനസുകളെ പിടികൂടുകയും അവരെ സ്വയം പട്ടിണിക്കിടാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.


ചികിത്സ

അനൊറെക്സിയ ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയായതിനാൽ വിവിധ തരത്തിലുള്ള ചികിത്സകൾ വേണ്ടിവരും. വലിയ തോതിൽ പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിനാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ടിയും വന്നേക്കും. അത്ര അപകടകരമല്ലാത്ത അവസ്ഥയിൽ ആണെങ്കിൽ ആശുപത്രിയ്ക്ക് പുറത്ത് തെറാപ്പി ചികിത്സയും ആകാം.
അനൊറെക്സിയ ചികിത്സയെ മൂന്നുഭാഗങ്ങളായി തിരിക്കാം.

ഒന്ന്  ഈ വ്യക്തിയ്ക്ക് ആഹാരം കഴിക്കുന്നതിലെ അപാകത മൂലം ഉള്ള ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്തണം. ഉണ്ടെങ്കിൽ അതിനുള്ള ചികിത്സ നൽകണം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ടിവരും. മെഡിക്കൽ പ്രാക്ടീഷണറുടെയും, സൈക്യാട്രിസ്റ്റിന്റെയും സഹായവും പരിചരണവും ആവശ്യമായിവരും.ആഹാരം തീരെ കഴിക്കാതെയായാൽ പോഷകങ്ങളുടെ കുറവ് നികത്താനായി ട്യൂബിലുടെ പോഷകാഹാരങ്ങൾ നൽകേണ്ടിവരും. ഡിപ്രഷനും ആകാംക്ഷയ്ക്കുമുള്ള ചികിത്സ കൊടുക്കുക.

രണ്ട് ഇവർക്ക് ആരോഗ്യകരമായ ശരീരഭാരം വീണ്ടെടുക്കുന്നതിനായി പോഷക സംബന്ധമായി ചികിത്സയും ശരിയായ ശരീരഭാരം നിലനിർത്തുന്നതിന് പോഷകാഹാരത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള അറിവും കൊടുക്കണം. ഒരു പ്രൈമറി ഹെൽത്ത് ഫിസിഷ്യന്റെയും, സൈക്കോളജിസ്റ്റിന്റെയും, പേരന്റ്സിന്റെയും സഹായത്താൽ രോഗാവസ്ഥയിൽ നിന്നും മുക്തി നേടാം.
മൂന്ന് ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ഇവർക്കുള്ള ഭയവും ഉത്ക്കഠയും ഇല്ലാതാക്കുനുള്ള തെറാപ്പി ചികിത്സയും കൗൺസലിംഗും കൊടുക്കണം. 

ഫാമിലിയെ ഉൾപ്പെടുത്തിയുള്ള തെറാപ്പിയും അവർക്ക്മാത്രമായ തെറാപ്പിയും ആകാം. വീട്ടിലുള്ളവരുടെ സഹായത്തോടെ പോഷകസംപുഷ്ടമായ ആഹാര രീതിയും കൗൺസലിംഗും കൊടുക്കം. അല്ലെങ്കിൽ ആ വ്യക്തിക്ക് സ്വയം തിരിച്ചറിഞ്ഞ് രോഗമുക്തി നേടാനുള്ള തെറാപ്പിയും കൗൺസലിംഗു കൊടുക്കാം. ഈ ചികിത്സാരീതികളിലെല്ലാം കുടുംബവും പങ്കാളികളാകുന്നത് വളരെ പ്രയോജനകരമാകും.

അവരെ പരിചരിക്കുന്നതിന് വളരെ ക്ഷമയും സഹനശക്തിയും വേണം. അവരോട് അക്ഷമ കാണിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ട് കാര്യമില്ല. അവരുടെ അവസ്ഥയെ അവർ ഒരിക്കലും അംഗീകരിക്കുന്നില്ല എന്ന സത്യ മനസ്സിലാക്കണം. അവരോടൊപ്പം നിങ്ങൾ എന്തിനും ഉണ്ട് എന്ന് ബോദ്ധ്യപ്പെടുത്തുകയും നിങ്ങളുടെ ഉത്ക്കണ്ഠ അവരെ അറിയിയ്ക്കുകയും ചെയ്യാം. ചില രോഗികൾക്ക് ദീർഘകാലം ചികിത്സ ആവശ്യമായി വന്നേക്കാം.  മുൻവിധികളില്ലാതെ അവരെ കുറ്റപെടുത്താതെ അവരോടൊപ്പം സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ചേർത്തു നിർത്തിയാൽ അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിയും.

അനൊറെക്സിയ എന്നരോഗത്തെ എങ്ങനെ വിജയകരമായി നേരിടാം 

 
അനൊറെകിസിയ ചികിത്സ ഏറെനാൾ നീണ്ടു എന്നുവരാം. രോഗി അവരുടെ ചികിതാസയിലും, നിത്യാഹാരക്രമത്തിലും, പോഷകാഹാര പദ്ധതിയിലും ഉറച്ചു നിൽക്കണം. കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഒറ്റപ്പെടാൻ ശ്രമിക്കരുത്. ആളുകളോടൊത്ത് സമയം ചിലവഴിക്കാൻ ശ്രമിക്കണം. ഇടയ്ക്കിടയ്ക്ക് ഭാരം നോക്കുന്നതിനുള്ള ത്വരയുണ്ടാകാം. അതിനെ നിയന്ത്രിച്ച് നിർത്തണം. അനൊറെക്സിയയെക്കുറിച്ച് വായിക്കുകയും സപ്പോർട്ട് ഗ്രൂപ്പുകളിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യണം. ഇത് അനൊറെക്സിയ ഒരു രോഗാവസ്ഥയാണെന്നും നിങ്ങളുടെ ശരീരഭാരം കൂടുന്നു എന്ന ചിന്ത ഒരു തകരാറിന്റെ ലക്ഷണമാണെന്ന് ചിന്തിക്കാനും രോഗിയെ സഹായിക്കും.  പരിചരിക്കുന്നവരെ വിശ്വസിക്കുകയും അവരോട് തുറന്ന മനസ്സോടെ  സഹകരിക്കുകയും ചെയ്യണം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: